സമൂഹ മാധ്യമങ്ങളുടെ ദുഃസ്വാധീനം; സാമൂഹിക ഇടപെടലുകളിൽ ഉണ്ടായ മാറ്റങ്ങളിൽ സമഗ്രപഠനം നടത്തും
text_fieldsസുൽത്താൻ ഹൈതം ബിൻ താരിഖ് മന്ത്രിസഭ യോഗത്തിനിടെ
മസ്കത്ത്: സമൂഹ മാധ്യമങ്ങളുടെ ദുഃസ്വാധീനം മൂലം ഒമാനിൽ സാമൂഹിക ഇടപെടലുകളിലുണ്ടായ മാറ്റത്തെ കുറിച്ച് സമഗ്രപഠനം നടത്താൻ സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ നിർദേശം. സുൽത്താന്റെ അധ്യക്ഷതയിൽ ചൊവ്വാഴ്ച ചേർന്ന മന്ത്രിമാരുടെ കൗൺസിൽ യോഗത്തിലാണ് നിർദേശം. സാമൂഹിക മൂല്യങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വ്യക്തവും കാര്യക്ഷമവുമായ നയങ്ങൾ രൂപപ്പെടുത്താനും സുൽത്താൻ ആഹ്വാനം ചെയ്തു. സമൂഹമാധ്യമങ്ങളുടെ ദുഃസ്വാധീനം ചെറുക്കുന്നതിന് ഫലപ്രദമായ സംവിധാനങ്ങളും ഭരണചട്ടക്കൂടുകളും രൂപപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അനുദിനം മാറ്റങ്ങൾക്ക് വിധേയമാകുന്ന ആധുനിക ആശയവിനിമയ മാർഗങ്ങളുണ്ടാക്കുന്ന ദോഷഫലങ്ങളിൽനിന്നും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത സുൽത്താൻ ചൂണ്ടിക്കാട്ടി. യുവജനങ്ങളിൽ സാമൂഹിക ബന്ധങ്ങൾ ദുർബലമാകുന്നതും മറ്റു പ്രതികൂല പ്രവണതകളും സമകാലിക സാമൂഹിക അന്തരീക്ഷത്തിൽ പ്രകടമാണ്. ഈ വെല്ലുവിളികളെ നേരിടാൻ ഏകോപിത ശ്രമങ്ങളുണ്ടാകണമെന്നും അതിന് ഭരണ സംവിധാനങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കണം. സാങ്കേതിക പുരോഗതി സാമൂഹിക സ്ഥിരതയെയും മൂല്യങ്ങളെയും ദുർബലപ്പെടുത്താതിരിക്കാനാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

