ഹൽബൻ സ്ട്രീറ്റ് പാത ഇരട്ടിപ്പിക്കൽ അവസാനഘട്ടത്തിൽ
text_fieldsഹൽബൻ സ്ട്രീറ്റ് പാത ഇരട്ടിപ്പിക്കുന്ന പ്രവൃത്തികൾ പുരോഗമിക്കുന്നു
മസ്കത്ത്: മസ്കത്ത് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ഹൽബൻ സ്ട്രീറ്റിന്റെ പാത ഇരട്ടിപ്പിക്കൽ അവസാനഘട്ടത്തിലെത്തി. പദ്ധതിയുടെ 99 ശതമാനവും പൂർത്തിയായിട്ടുണ്ട്. ഏതാനും മാസങ്ങൾക്കുള്ളിൽ പൂർണമായും പ്രവർത്തനക്ഷമമാകുമെന്ന് കരുതുന്നു. റോഡ് സുരക്ഷ വർധിപ്പിക്കാനും പ്രദേശത്തെ തിരക്ക് കുറക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. നിലവിൽ മസ്കത്ത് മുനിസിപ്പാലിറ്റി നടപ്പാക്കി കൊണ്ടിരിക്കുന്ന ഏറ്റവും വലിയ പദ്ധതികളിലൊന്നാണിത്. മസ്കത്ത് എക്സ്പ്രസ് വേ ഇൻറർസെക്ഷൻ 16 മുതൽ മബേല 8ന്റെ പ്രവേശനകവാടം വരെ 1,450 മീറ്റർ നീളത്തിലാണ് ഇരട്ടപ്പാതയുടെ നിർമാണം നടക്കുന്നത്.
ഗതാഗതം സുഗമമാക്കുന്നതിന് മബേല 8ന്റെ പ്രവേശന കവാടത്തിൽ ട്രാഫിക് സിഗ്നൽ നിയന്ത്രിത ഇൻറർസെക്ഷനും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. റസിഡൻഷ്യൽ ഏരിയകളിലേക്ക് നേരിട്ട് പ്രവേശനം നൽകാൻ സർവിസ് റോഡുകളും ഒരുക്കും. വെള്ളപ്പൊക്കം തടയാൻ നിലവിലെ ഡ്രെയിനേജ് സംവിധാനം മെച്ചപ്പെടുത്തും. പ്രദേശത്തെ വാദിക്ക് കുറുകെയുള്ള 20 കൾവർട്ടുകളും മഴവെള്ളം ഒഴുകുന്നതിനുള്ള സൈഡ് ഡ്രെയിനേജും മറ്റ് സവിശേഷതകളാണ്. അരിക് സംരക്ഷണം, ലൈറ്റിങ്, ഇരുമ്പ് ബാരിയറുകൾ, റെഗുലേറ്ററി ട്രാഫിക് സൈനേജ് എന്നിവയുൾപ്പെടെയുള്ള ആധുനിക റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളും ഇവിടെ ഒരുക്കും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.