സ്വദേശിവത്കരണം പാലിക്കാത്ത കമ്പനികൾക്ക് സർക്കാർ ടെൻഡറുകൾ നൽകില്ല
text_fieldsമസ്കത്ത്: സ്വദേശിവത്കരണ നടപടിക്രമങ്ങൾ പാലിക്കാത്ത സ്വകാര്യമേഖല കമ്പനികളുമായി കരാറുകളിൽ ഏർപ്പെടുന്നതിൽനിന്ന് എല്ലാ മന്ത്രാലയങ്ങളും സർക്കാർ സ്ഥാപനങ്ങളും പൂർണ്ണമായും വിട്ടുനിൽക്കണമെന്ന് ജനറൽ സെക്രട്ടേറിയറ്റ് ഓഫ് ടെൻഡർ ബോർഡ് സർക്കുലറിലൂടെ നിർദ്ദേശിച്ചു.
എല്ലാ ടെൻഡർ രേഖകളിലും ഒമാനൈസേഷൻ ആവശ്യകതകൾ പാലിക്കുന്നതും ദേശീയ തൊഴിലാളികളുടെ തൊഴിൽ നൽകുന്നതുമായി ബന്ധപ്പെട്ട ഒരു ക്ലോസ് ഉൾപ്പെടുത്തണം. ഏതെങ്കിലും ടെൻഡർ നൽകുന്നതിനുമുമ്പ്, ബിഡിങ് കമ്പനികൾ ആവശ്യമായ ഒമാനൈസേഷൻ നിരക്കുകൾ പാലിക്കുന്നുണ്ടെന്ന് സർക്കാർ സ്ഥാപനങ്ങൾ പരിശോധിക്കണം. തൊഴിൽ മന്ത്രാലയത്തിൽ നിന്നുള്ള ഡാറ്റയുമായി നേരിട്ട് ബന്ധിപ്പിച്ചിരിക്കുന്ന ഇസ്നാദ് ഇലക്ട്രോണിക് ടെൻഡറിംഗ് സിസ്റ്റം വഴിയാണ് ഈ പരിശോധന നടത്തേണ്ടത്. ഒമാനിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്ത എന്നാൽ അന്താരാഷ്ട്ര ടെൻഡറുകളിൽ പങ്കെടുക്കുന്ന വിദേശ സ്ഥാപനങ്ങളും ഒമാനൈസേഷൻ പ്രതിബദ്ധതകൾ പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കും.
അതേസമയം, രാജ്യത്തെ വിവിധ മേഖലകളിൽ സ്വദേശിവത്കരണം ശക്തമാക്കിക്കൊണ്ടിരിക്കുകയാണ് അധികൃതർ. സ്വകാര്യ മേഖലയിലുടനീളമുള്ള തദ്ദേശവത്കരണത്തിലെ അസമത്വങ്ങൾ പരിഹരിക്കുന്നതിനൊപ്പം ബിസിനസ് സുസ്ഥിരതയെ സന്തുലിതമാക്കുന്നതിനാണ് സ്വദേശിവത്കരണം നയം നടപ്പിലാക്കുന്നതെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്. വിവിധ സ്ഥാപനങ്ങളിലെ ഒമാനൈസേഷൻ നിരക്കുകളിലെ ഗണ്യമായ അസമത്വം നിൽക്കുന്നുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഏകദേശം 1,000 വലിയ കമ്പനികൾ 2,45,000 പ്രവാസികൾക്കൊപ്പം ഭൂരിഭാഗം ഒമാനി പൗരന്മാരെയും (ഏകദേശം 200,000) ജോലിക്കെടുക്കുന്നുണ്ട്. ഇത് 44 ശതമാനം വരെ ഒമാനൈസേഷൻ നിരക്ക് കൈവരിക്കുന്നുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു. അതേസമയം, 19,000 സ്ഥാപനങ്ങളിൽ 300,000 പ്രവാസികൾ ജോലി ചെയ്യുന്നുണ്ട്. എന്നാൽ, വെറും 60,000 ഒമാനികൾക്ക് മാത്രമേ ഇവിടെ ജോലി നൽകുന്നുള്ളൂ. 17 ശതമാനത്തോളമാണ് ഇതിലെ സ്വദേശിവത്കരണതോത്. 245,000-ത്തിലധികം സ്ഥാപനങ്ങളിൽ 1.1 ദശലക്ഷത്തിലധികം പ്രവാസികൾ ജോലി ചെയ്യുന്നു. ഒമാനൈസേഷൻ നിരക്ക് ഈ സ്ഥാപനങ്ങളിലേത് പൂജ്യമാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

