ഗോൾഡൻ വിസ ലോഞ്ചിങ് ഇന്ന്; സലാല റിസോർട്ടിൽ നടക്കുന്ന പരിപാടിയിലാണ് പ്രഖ്യാപനം നടക്കുക
text_fieldsമസ്കത്ത്: വിദേശ നിക്ഷേപരെ ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള ‘ഗോൾഡൻ റെസിഡൻസി’ പ്രോഗ്രാം (ഗോൾഡൻ വിസ) വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം ഞായറാഴ്ച അവതരിപ്പിക്കും. ദോഫാർ ഗവർണർ സയ്യിദ് മർവാൻ ബിൻ തുർക്കി അൽ സഈദിന്റെ രക്ഷാകർതൃത്വത്തിൽ സലാല റിസോർട്ടിൽ നടക്കുന്ന പരിപാടിയിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുക. കമ്പനീസ് ഇനിഷ്യേറ്റീവ്, ഒമാൻ ബിസിനസ് പ്ലാറ്റ്ഫോമിലെ ഉടമസ്ഥാവകാശ കൈമാറ്റ സേവനം, നിർമാണമേഖലയിലെ സഹകരണ പരിപാടികളിൽ ഒപ്പുവെക്കൽ എന്നിങ്ങനെയുള്ള പദ്ധതികൾക്കും തുടക്കമാകും. നിർദിഷ്ട നിക്ഷേപപരിധികൾ പാലിക്കുന്ന വിദേശ നിക്ഷേപകർക്കായിരിക്കും ഗോൾഡൻ വിസ നൽകുക എന്നതാണ് അറിയാൻ കഴിയുന്നത്. കൂടുതൽ വിശദാംശങ്ങൾ വരുംദിവസങ്ങളിലേ അറിയാനാവൂ.
ഒമാനിൽ ദീർഘകാല താമസം ആഗ്രഹിക്കുന്ന ആഗോള നിക്ഷേപകർ, സംരംഭകർ, പ്രഫഷനലുകൾ എന്നിവരെ ആകർഷിക്കുന്നതിനാണ് ഗോൾഡൻ വിസ അവതരിപ്പിക്കുന്നത്. ബിസിനസ്, നിക്ഷേപം എന്നിവക്കുള്ള പ്രാദേശിക കേന്ദ്രമെന്ന നിലയിൽ ഒമാന്റെ മത്സരശേഷി വർധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ദേശീയ സമ്പദ്വ്യവസ്ഥയെ പിന്തുണക്കുകയും അറിവ് കൈമാറ്റം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനൊപ്പം വിദേശ നിക്ഷേപകർക്ക് ആകർഷകമായ അന്തരീക്ഷം സൃഷ്ടിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മറ്റ് ഗൾഫ് രാജ്യങ്ങളുടെ പരിപാടികളെപ്പോലെ, പ്രധാന വളർച്ചാമേഖലകളിൽ താമസവും ബിസിനസ് അവസരങ്ങളും തേടുന്ന നിക്ഷേപകർക്ക് ഇത് മികച്ച അവസരമാകും.
അതേസമയം, രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ വളര്‍ച്ചക്ക് സഹായകരമാകുന്ന രീതിയില്‍ നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ദീർഘകാല വിസ ഇതിനകം 3407 വിദേശികള്‍ക്കാണ് നൽകിയിരിക്കുന്നത്. ഇതിൽ മലയാളികളും ഉൾപ്പെടുന്നുണ്ട്.
2021 ഒക്ടോബര്‍ മുതല്‍ മന്ത്രാലയം പോര്‍ട്ടല്‍ വഴി ദീർഘകാല വിസ അപേക്ഷ സ്വീകരിച്ച് തുടങ്ങിയിരുന്നു.
അഞ്ച്, പത്ത് വര്‍ഷങ്ങളിലേക്കുള്ള വിസകളാണ് ഒമാന്‍ അനുവദിക്കുന്നത്. ഒമാനിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, തദ്ദേശ ഉൽപന്നങ്ങൾക്ക് കൂടുതൽ സാധ്യത നൽകുക, ഒമാന്റെ സാമ്പത്തിക ഘടന ശക്തിപ്പെടുത്തുക, നിക്ഷേപത്തിൽ ഗുണപരത ഉറപ്പുവരുത്തുക തുടങ്ങിയവയിലൂടെ നിർണായക നീക്കങ്ങൾ നടത്തുന്ന പ്രമുഖ നിക്ഷേപകരെയാണ് ഇങ്ങനെ ദീർഘകാല താമസാനുമതിക്ക് പരിഗണിക്കുന്നത്. നിബന്ധനങ്ങൾക്ക് വിധേയമായി അഞ്ച്, 10 വർഷ കാലത്തേക്കാണ് താമസാനുമതി നൽകുന്നത്. എൽ.എൽ.സി കമ്പനിയിലോ ജോയൻറ് സ്റ്റോക്ക് കമ്പനിയിലോ അഞ്ച് ലക്ഷം റിയാൽ നിക്ഷേപം, അല്ലെങ്കിൽ ഇതേ മൂല്യത്തിലുള്ള ഗവൺമെൻറ് ബോണ്ട്, അല്ലെങ്കിൽ 50 ഒമാനികൾ ജോലി ചെയ്യുന്ന കമ്പനി ഉണ്ടായിരിക്കുക, അല്ലെങ്കിൽ അഞ്ച് ലക്ഷം റിയാൽ മൂല്യത്തിൽ കുറയാത്ത ഭവന യൂനിറ്റ് വാങ്ങുക എന്നിവയാണ് 10 വർഷത്തേക്ക് താമസാനുമതി ലഭിക്കാനുള്ള മാനദണ്ഡങ്ങൾ.
രണ്ടര ലക്ഷം റിയാലിൽ കുറയാത്ത നിക്ഷേപമുണ്ടായിരിക്കുക. അല്ലങ്കിൽ ഇതേ മൂല്യത്തിലുള്ള ഗവൺമെൻറ് ബോണ്ട്, അല്ലെങ്കിൽ രണ്ടര ലക്ഷം റിയാലിൽ കുറയാത്ത വിലയ്ക്ക് ഭവന യൂനിറ്റുകൾ വാങ്ങുക, നിശ്ചിത കാലയളവിൽ ഒമാനിൽ ജോലിചെയ്ത് വിരമിച്ചവർ എന്നിവയാണ് അഞ്ച് വർഷത്തേക്ക് താമസ അനുമതി ലഭിക്കാനുള്ള നിബന്ധനകൾ. ഇവർക്ക് 4000 റിയാലിൽ കുറയാത്ത സ്ഥിരവരുമാനവും താമസസ്ഥലവും ഉണ്ടാകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

