സുഹാറിലെ ഫ്രൈഡേ മാർക്കറ്റ് വിപുലീകരണ പദ്ധതിക്ക് തുടക്കം
text_fieldsമാർക്കറ്റിന്റെ വിപുലീകരണ പദ്ധതിയുടെ രൂപരേഖ
മസ്കത്ത്: സുഹാർ വിലായത്തിലെ ഫ്രൈഡേ മാർക്കറ്റ് പുനരുജ്ജീവിപ്പിക്കാനുള്ള വിപുലമായ പദ്ധതിക്ക് തുടക്കം കുറിച്ചതായി വടക്കൻ ബാത്തിന മുനിസിപ്പാലിറ്റി വൃത്തങ്ങൾ അറിയിച്ചു. പ്രാദേശിക ഉൽപന്നങ്ങളുടെ വിൽപന സുഗമമാക്കുന്നതിനും കച്ചവടക്കാർക്ക് കൂടുതൽ വിശാലമായ അന്തരീക്ഷം ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് മാർക്കറ്റ് വിപുലീകരണ പദ്ധതി നടപ്പിലാക്കുന്നത്. തിരക്ക് ലഘൂകരിക്കാനും മഴ അടക്കമുള്ള പ്രതികൂല കാലാവസ്ഥയിൽ മാർക്കറ്റിന്റെ സുഗമമായ പ്രവർത്തനം ഉറപ്പുവരുത്തുകയും ചെയ്യുന്ന രീതിയിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.
178 പാർക്കിങ് സ്ഥലങ്ങൾ, ഏകദേശം 2,276 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള മേൽക്കൂരയോടുകൂടിയ സ്ഥലം, മികച്ച 1,655 മീറ്റർ നീളമുള്ള റോഡ്, ഇന്റർലോക്ക് പാകിയ 4,680 ചതുരശ്ര മീറ്റർ സ്ഥലം എന്നിവ പദ്ധതിയുടെ ഭാഗമായി ഒരുക്കും. കൂടാതെ, 1050 മീറ്റർ നീളത്തിൽ സമഗ്രമായ മഴവെള്ള ഡ്രെയിനേജ് സംവിധാനവും സജ്ജീകരിക്കുന്നുണ്ട്. സുഹാർ കോട്ടക്കും കടൽ റോഡിനും സമീപത്തായാണ് മാർക്കറ്റ് സ്ഥിതി ചെയ്യുന്നത്. ഒമാനി ഉൽപന്നങ്ങളുടെയും കച്ചവടക്കാരുടെയും കേന്ദ്രമെന്ന നിലയിൽ വടക്കൻ ബത്തിന ഗവർണറേറ്റിലെ ജനങ്ങൾ വളരെ പ്രാധാന്യത്തോടെ കാണുന്ന സ്ഥലമാണ് ഫ്രൈഡേ മാർക്കറ്റ്.
സുഹാറിലെ ഫ്രൈഡേ മാർക്കറ്റ് കവാടം
മുൻകാലങ്ങളിലും ഇപ്പോഴും സമീപ പ്രദേശങ്ങളിൽ നിന്ന് നിരവധി സന്ദർശകരെ ആകർഷിക്കുന്ന ഇവിടം വിൽക്കാനും വാങ്ങാനും എത്തുന്നവരുടെ കേന്ദ്രമാണ്. പരമ്പരാഗത ഉൽപന്നങ്ങളുടെ തനതായ ശേഖരമാണ് മാർക്കറ്റിനെ വ്യത്യസ്തമാക്കുന്നത്. രാജ്യത്ത് മറ്റൊരിടത്തും എളുപ്പത്തിൽ കണ്ടെത്താനാകാത്ത നിരവധി ഒമാനി, ഇസ്ലാമിക വാസ്തുവിദ്യ ഉൽപന്നങ്ങൾ തേടി പ്രദേശവാസികളും വിനോദസഞ്ചാരികളും ഇവിടെ എത്താറുണ്ട്.
സമൂഹത്തിന്റെ ക്ഷേമത്തിന് വലിയ സംഭാവന നൽകുന്ന മാർക്കറ്റിനെ ശക്തിപ്പെടുത്തുന്നതിനൊപ്പം മേഖലയിലെ വിപണികളെ വൈവിധ്യവത്കരിക്കുന്നതിനുള്ള സുപ്രധാന നടപടിയാണ് ഫ്രൈഡേ മാർക്കറ്റിന്റെ പുനരധിവാസ പദ്ധതിയെന്ന് വടക്കൻ ബാത്തിന മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ സുലൈമാൻ ബിൻ ഹമദ് അൽ സുനൈദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

