ക്ലബ് വരാന്തയിലെ ആദ്യ വേൾഡ് കപ്പ്
text_fieldsമെസ്സിയുടെ ആദ്യ ലോകകപ്പ് അരങ്ങേറ്റം നടന്ന 2006-ലാണ് ഞാൻ ഫുട്ബാളിന്റെ വല്ലാത്തൊരു ആവേശത്തിലേക്ക് വരുന്നത്. അന്ന് എട്ടാം ക്ലാസിലാണ്. ഇന്നത്തെപ്പോലെ എവിടെയും ടിവിയും സോഷ്യൽ മീഡിയയും ഒന്നുമില്ലാത്ത കാലം. ഞങ്ങളുടെ ഗ്രാമത്തിൽ വളരെ ചുരുക്കം വീടുകളിലും പിന്നെ തൊട്ടടുത്തുള്ള ക്ലബ്ബിലും മാത്രമേ ടിവിയുള്ളൂ. വീട്ടിൽ ടിവി ഇല്ലാത്തതുകൊണ്ട് കളി കാണണമെങ്കിൽ ക്ലബ്ബിൽ പോകണം. പക്ഷേ, രാത്രികളിൽ പുറത്തുവിടാൻ വീട്ടിൽ കടുത്ത നിയന്ത്രണമാണ്.
അതിനായി ഞാനും കസിൻ ബ്രദറും കൂടി ഒരു ഉപായം കണ്ടെത്തി. കളിയുള്ള ദിവസം തറവാട്ടു വീട്ടിൽ വിരുന്നിന് പോകും. കാരണം തറവാടിനോട് തൊട്ടുചേർന്നാണ് ക്ലബ്ബുള്ളത്. രാത്രി എല്ലാവരും ഉറങ്ങിയെന്ന് ഉറപ്പുവരുത്തി, ക്ലബ്ബിൽ നിന്ന് ആളുകളുടെ ശബ്ദം കേൾക്കുമ്പോൾ ഞങ്ങൾ രണ്ടുപേരും ആരും അറിയാതെ മെല്ലെ വാതിൽ തുറന്ന് പുറത്തുചാടും. അർജന്റീനയുടെ കുതിപ്പും മെസ്സിയുടെ വരവുമൊക്കെ ആ ക്ലബ് വരാന്തയിലിരുന്നാണ് നെഞ്ചിലേറ്റിയത്.
ഗോൾ വീഴുമ്പോഴും ഫാൻ ഫൈറ്റ് നടക്കുമ്പോഴും ക്ലബ്ബിൽ വലിയ ബഹളമായിരിക്കും. ഈ ബഹളം കാരണം തൊട്ടടുത്തുള്ള തറവാട്ടിലെ വല്ലിപ്പയുടെ ഉറക്കം പോകും. വല്ലിപ്പ വടിയുമെടുത്ത് വരുന്നത് കാണുമ്പോൾ പിടിക്കപ്പെടാതിരിക്കാൻ ഞങ്ങൾ ഇരുട്ടത്ത് ഒളിച്ചിരിക്കും. വീട്ടിൽ പറയാതെയുള്ള ആ കളി കാണലും വല്ലിപ്പയെ പേടിച്ചുള്ള ഒളിച്ചിരിക്കലുമൊക്കെ തന്ന ആവേശം ഇന്നും മനസ്സിലുണ്ട്.
അന്ന് അർജന്റീന ജർമനിയോട് തോറ്റ് പുറത്തായപ്പോൾ ഉണ്ടായ ആ സങ്കടം ഇപ്പോഴും ഓർമ്മയിലുണ്ട്. പക്ഷേ, അന്നത്തെ ആ ഫാൻ ഫൈറ്റുകളൊക്കെ വെറുമൊരു ഫ്ലക്സ് വെക്കലിലും കവലകളിലെ ചെറിയ വാക്കുതർക്കങ്ങളിലും മാത്രം ഒതുങ്ങിനിന്നിരുന്നു. കളി കഴിഞ്ഞാൽ എല്ലാവരും പഴയതുപോലെ തോളിൽ കൈയിട്ടു നടക്കും. എന്നാൽ ഇന്ന് സോഷ്യൽ മീഡിയയുടെ കടന്നുകയറ്റത്തോടെ ആ പഴയ ക്ലബ് വരാന്തയിലെ ആവേശം എവിടെയോ നഷ്ടപ്പെട്ടുപോയതുപോലെ തോന്നുന്നു. സോഷ്യൽ മീഡിയയിലെ ഗ്രൂപ്പ് യുദ്ധങ്ങളും അതിരുകടന്ന ട്രോളുകളും കാരണം എത്രയോ നല്ല ബന്ധങ്ങളാണ് തകരുന്നത്. കളിക്കാരുടെ പേരിൽ വാശിപിടിച്ച് നാം ഇല്ലാതാക്കുന്നത് നമ്മുടെ കൂടെയുള്ള പ്രിയപ്പെട്ടവരുടെ സ്നേഹത്തെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

