ഏകീകൃത സർക്കാർ ധനകാര്യസംവിധാനമായ ‘മാലിയ’ ആദ്യഘട്ടത്തിന് തുടക്കം
text_fields‘മാലിയ’ ആദ്യഘട്ടം ലോഞ്ചിങ് ചടങ്ങിൽനിന്ന്
മസ്കത്ത്: ഒമാന്റെ ഏകീകൃത സർക്കാർ ധനകാര്യസംവിധാനമായ ‘മാലിയ’യുടെ ആദ്യഘട്ടം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ ഡിജിറ്റൽ പരിവർത്തനയാത്രയിലെ നിർണായക നാഴികക്കല്ലായാണ് ‘മാലിയ’ പദ്ധതിയെ വിലയിരുത്തുന്നത്. ധനമന്ത്രി സുൽത്താൻ ബിൻ സാലിം അൽ ഹബ്സിയുടെ മേൽനോട്ടത്തിലാണ് പദ്ധതിക്ക് ആരംഭം കുറിച്ചത്.
സർക്കാർ ധനകാര്യനടപടികൾ ആധുനികവത്കരിക്കുകയും വിവിധ സർക്കാർ സ്ഥാപനങ്ങൾ തമ്മിലുള്ള ഏകീകരണം ശക്തിപ്പെടുത്തുകയും ചെയ്യുകയാണ് ‘മാലിയ’യുടെ പ്രധാന ലക്ഷ്യം. ആദ്യഘട്ടം നടപ്പാക്കുന്നതിന്റെ ഭാഗമായി ധനകാര്യ മന്ത്രാലയവും ആരോഗ്യ, വിദ്യാഭ്യാസ മന്ത്രാലയങ്ങളും നികുതി അതോറിറ്റിയും റോയൽ ആശുപത്രിയും ഉൾപ്പെടുന്ന പ്രധാന സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തമാണ് രൂപപ്പെടുത്തിയിരിക്കുന്നത്. ഒമാൻ വിഷൻ 2040ഉം ദേശീയ ഡിജിറ്റൽ ഇക്കോണമി പ്രോഗ്രാമും അടിസ്ഥാനമാക്കി രൂപകൽപന ചെയ്ത ‘മാലിയ’ സംവിധാനം ധനകാര്യ പരിഹാരങ്ങളും ഉപയോക്തൃ സൗഹൃദ ഇന്റർഫേസും വഴി മികച്ച സാമ്പത്തിക ആസൂത്രണത്തിന് വഴിയൊരുക്കും.
പേയ്മെന്റ് നടപടികൾ ലളിതമാക്കുകയും വിവിധ കാര്യങ്ങളിൽ തീരുമാനമെടുക്കാൻ തത്സമയ ഡാറ്റ ലഭ്യമാക്കുകയും ചെയ്യുന്ന ഈ സംവിധാനം ഭരണപരമായ മുന്നേറ്റത്തിന് വഴിയൊരുക്കും.
ആദ്യഘട്ടത്തിന്റെ വിജയകരമായി നടപ്പാക്കിയശേഷം, ബാക്കിയുള്ള എല്ലാ സർക്കാർ സ്ഥാപനങ്ങളിലേക്കും ‘മാലിയ’ സംവിധാനം ഘട്ടംഘട്ടമായി വ്യാപിപ്പിക്കാനാണ് ധനകാര്യ മന്ത്രാലയത്തിന്റെ പദ്ധതി.
2028ഓടെ സുൽത്താനേറ്റിലുടനീളം പൂർണമായി സംവിധാനം നടപ്പാക്കുമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

