കസിയാൻ സാമ്പത്തിക നഗരം ആദ്യഘട്ടം പൂർത്തിയാകുന്നു
text_fieldsകസിയാൻ സാമ്പത്തിക നഗരത്തിെൻറ ഭാഗമായി നിർമിച്ച റോഡുകൾ
മസ്കത്ത്: ഒമാനിലെ ഏറ്റവും പുതിയ സംയോജിത സാമ്പത്തിക നഗരമായ കസിയാൻ സുപ്രധാന നാഴികക്കല്ല് പിന്നിട്ടു. ആദ്യ ഘട്ടത്തിലെ അടിസ്ഥാന സൗകര്യ വികസന ജോലികളുടെ 96 ശതമാനവും പൂർത്തിയായതായി ഒമാൻ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.
ബർക്കയിൽ നിർമിക്കുന്ന സാമ്പത്തിക നഗര പദ്ധതിയുടെ ആദ്യഘട്ടം നിശ്ചയിച്ചതിലും നേരത്തേയാണ് പൂർത്തിയാകുന്നത്. കോവിഡ് മഹാമാരി ഉയർത്തുന്ന വെല്ലുവിളി നിർമാണത്തെ ബാധിക്കാതിരിക്കാൻ പ്രത്യേക കർമ പദ്ധതി വിജയകരമായി നടപ്പിലാക്കിയതാണ് ഇൗ നേട്ടത്തിന് കാരണം.
കസിയാൻ സി.ഇ.ഒ ഖാലിദ് അൽ ബലൂഷി
അടിസ്ഥാന സൗകര്യങ്ങൾക്ക് അനുബന്ധമായി 9.2 കിലോമീറ്റർ വരുന്ന റോഡും പൂർത്തിയായിട്ടുണ്ട്. ഇതിൽ 200 സ്ട്രീറ്റ് ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. 22 കിലോമീറ്റർ നീളമുള്ള ജല വിതരണ പൈപ്പ്ലൈനുകളും അഴുക്കുവെള്ളം ഒഴുകിപ്പോകുന്നതിനുള്ള 15 കിലോമീറ്റർ പൈപ്പ്ലൈനുകളുമുണ്ട്. 5000 ക്യുബിക്ക് മീറ്റർ ജലം ഉൾക്കൊള്ളാൻ ശേഷിയുള്ള വാട്ടർടാങ്കും നിർമിച്ചിട്ടുണ്ട്.
ഏറ്റവും ആധുനികമായ അടിസ്ഥാന സൗകര്യങ്ങളും അനുബന്ധമായുള്ള സേവനങ്ങളുമാണ് ഇവിടെ ഒരുക്കിയിട്ടുള്ളതെന്ന് കസിയാൻ സി.ഇ.ഒ ഖാലിദ് അൽ ബലൂഷി പറയുന്നു. തുറമുഖത്തിനോടും വിമാനത്താവളങ്ങളോടുമുള്ള സാമീപ്യവും ഫൈബർ ഒപ്റ്റിക്സ് ശൃംഖലയുമെല്ലാം കസിയാനെ പ്രാദേശിക, അന്തർ ദേശീയ നിക്ഷേപകരുടെ ഇഷ്ടയിടമാക്കി മാറ്റിയിട്ടുണ്ടെന്നും സി.ഇ.ഒ പറഞ്ഞു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ നിേക്ഷപകർക്കായി ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. നിശ്ചിത കാലയളവിലേക്ക് വാടക ഒഴിവാക്കി നൽകുന്നതും ചില അഡ്മിനിസ്ട്രേഷൻ ഫീസുകൾ ഒഴിവാക്കി നൽകുന്നതുമടക്കം കാര്യങ്ങൾ ഇൗ വർഷം അവസാനം വരെ പ്രാബല്യത്തിലുണ്ടാകും. ദേശീയ സമ്പദ് ഘടനക്ക് ഉണർവ് പകരുന്നതിനും കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിെൻറയും ഭാഗമായാണ് ഇൗ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്.
3.2 ദശലക്ഷം സ്ക്വയർ മീറ്റർ സ്ഥലമാണ് നിക്ഷേപകർക്കായി ഒരുക്കിയിരിക്കുന്നതെന്നും സി.ഇ.ഒ പറഞ്ഞു.ഡ്രൈ പോർട്ട്, സെൻട്രൽ പഴം- പച്ചക്കറി മാർക്കറ്റ്, വാഹന മാർക്കറ്റ്, പ്രീ ബിൽറ്റ് വെയർഹൗസുകൾ തുടങ്ങിയവയാണ് ആദ്യ ഘട്ടത്തിലായി ഉണ്ടാവുക. കസിയാനിൽ സംരംഭങ്ങൾ ആരംഭിക്കുന്നത് സംബന്ധിച്ച് നിരവധി പ്രാദേശിക, അന്തർദേശീയ നിക്ഷേപകരുമായി ധാരണപത്രങ്ങൾ ഇതിനകം ഒപ്പിട്ടുകഴിഞ്ഞതായും സി.ഇ.ഒ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

