കത്തിയമർന്നത് റൂവിയിലെ ആദ്യ മാൾ; ഒഴിവായത് വൻ ദുരന്തം
text_fieldsറൂവിയിലെ വ്യാപാര സ്ഥാപനത്തിന് തീപിടിച്ചപ്പോൾ
മസ്കത്ത്: വെള്ളിയാഴ്ച വൈകീട്ട് റൂവിയിലുണ്ടായ വൻ തീപിടിത്തത്തിൽ കത്തിയമർന്നത് ഒമാന്റെ വാണിജ്യ തലസ്ഥാനമായ റൂവിയിലെ ആദ്യത്തെ മാൾ. വൈകീട്ട് ആറിന് താഴത്തെ നിലയിൽനിന്നാരംഭിച്ച തീപിടിത്തം വൻനാശനഷ്ടമാണുണ്ടാക്കിയത്. മാളിനുള്ളിലെ വ്യാപാര സ്ഥാപനങ്ങളും ഗോഡൗണുകളും പൂർണമായി കത്തിനശിച്ചു. മുകൾ നിലകളിലെ താമസക്കാർക്ക് നാശനഷ്ടമുണ്ടായി. 10 പേർക്ക് പരിക്കേറ്റതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അധികൃതർ അറിയിച്ചു. രണ്ടുപേരെ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവർക്ക് സംഭവസ്ഥലത്തുവെച്ച് പ്രാഥമിക ചികിത്സ നൽകി. കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലെ താമസക്കാരായ ചില ആളുകൾക്ക് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. സിവിൽ ഡിഫൻസ് വിഭാഗം കഠിനയത്നം നടത്തിയെങ്കിലും ശനിയാഴ്ച ഉച്ചക്ക് 11ഓടെയാണ് തീ പൂർണമായി അണക്കാൻ കഴിഞ്ഞത്. തീപിടിത്തം നടന്നത് വൈകുന്നേരമായതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. അർധരാത്രിയിലോ ആളുകൾ ഉറങ്ങുന്ന സമയത്തോ ആയിരുന്നെങ്കിൽ ദുരന്തത്തിന് വ്യാപ്തി കൂടുമായിരുന്നു.
കെട്ടിടസമുച്ചയത്തിന്റെ താഴത്തെ നിലയിലുണ്ടായിരുന്നത് 34 ചെറുകിട വ്യാപാര സ്ഥാപനങ്ങളാണ്. ഇവയിൽ പലതും ദീർഘ കാലമായി മാളിൽ പ്രവർത്തിക്കുന്നവയാണ്. ഏതാനും കടകൾ ഒഴിച്ച് ബാക്കിയെല്ലാത്തിലും വസ്ത്രവ്യാപാരമാണ് നടന്നിരുന്നത്. തൊട്ടു മുകളിലത്തെ നിലയിൽ ഇത്തരം വ്യാപാരസ്ഥാപനങ്ങളുടെ ഗോഡൗണുകളും പ്രവർത്തിക്കുന്നുണ്ട്. ഇവയത്രയും തുണി ഉൽപന്നങ്ങളായതിനാലാണ് തീ പെട്ടെന്ന് പടർന്നുപിടിച്ചതെന്ന് കരുതുന്നു. മുകളിലത്തെ വിവിധ നിലകളിലായി 36 ഫ്ലാറ്റുകളാണുള്ളത്. ഇവയിൽ താമസക്കാരമുണ്ടായിരുന്നു. തീപിടിത്തം ഫ്ലാറ്റുകളിലേക്ക് വ്യാപിക്കുന്നതിനുമുമ്പേ താമസക്കാരെ മുഴുവൻ സിവിൽ ഡിഫൻസിന്റെ സഹായത്തോടെ ഒഴിപ്പിക്കുകയായിരുന്നു. ഈ കെട്ടിടത്തിൽ കുടുംബ സമേതം താമസിക്കുന്നവരെല്ലാം മറ്റു സ്ഥലങ്ങളിലാണ് നിലവിൽ കഴിയുന്നത്. ഇവരിൽ പലർക്കും വീട്ടുപകരണങ്ങളും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും നഷ്ടപ്പെട്ടു. കെട്ടിടത്തിന്റെ ചില ഭാഗങ്ങളിൽ പുകയും മറ്റും ഉയരുന്നതിനാൽ താമസക്കാരെയും വ്യാപാരികളെയും കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ അധികൃതർ അനുവാദം നൽകിയിട്ടില്ല. കെട്ടിടത്തിൽ പ്രവേശിക്കാൻ കഴിഞ്ഞാൽ മാത്രമാണ് നാശനഷ്ടം ശരിയായ രീതിയിൽ കണക്കാക്കാൻ കഴിയുക.വൈകീട്ട് ആറിന് ചെറിയരീതിയിലാണ് തീപിടിച്ചത്. പിന്നീട് വളരെ പെട്ടെന്ന് ആളിപ്പടരുകയായിരുന്നു. അർധരാത്രിയും തീ ആളിപ്പടർന്നതായി പരിസര വാസികൾ പറഞ്ഞു.
തീ നിയന്ത്രണവിധേയമാക്കിയത് 14 മണിക്കൂറിലധികമെടുത്ത്
മസ്കത്ത്: തീപിടിത്തം അഗ്നിശമന സേന പൂർണമായും നിയന്ത്രണ വിധേയമാക്കിയത് 14 മണിക്കൂറിലധികം എടുത്ത്. വെള്ളിയാഴ്ച രാത്രി ഏഴിന് തുടങ്ങിയ തീ അണക്കൽ ശനിയാഴ്ച ഉച്ച 11 നാണ് ഏതാണ്ട് പൂർത്തിയായത്. അപകടം നടന്ന ഉടനെ സിവിൽ ഡിഫൻസിന്റെ നിരവധി വാഹനങ്ങളാണ് സംഭവ സ്ഥലത്തേക്ക് കുതിച്ചെത്തിയത്. സ്ഥിതി ഗതികൾ നിയന്ത്രിക്കാൻ റോയൽ ഒമാൻ പൊലീസും രംഗത്തുണ്ടായിരുന്നു. അപകടം ഒഴിവാക്കുന്നതിന്റെ ഭാഗമായി റൂവി ഹൈ സ്ട്രീറ്റിലും വെള്ളിയാഴ്ച രാത്രി ഗതാഗതം നിരോധിച്ചിരുന്നു. തീപിടിത്തമുണ്ടായ കെട്ടിടം റൂവിയിലെ ആദ്യത്തെ മാൾ കൂടിയാണ്. 1984 ലാണ് കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായത്. അക്കാലത്ത് ഏറ്റവും തിരക്ക് പിടിച്ച കെട്ടിട സമുച്ചയമായിരുന്നു ഇത്. ഒമാന്റെ എല്ലാ ഭാഗത്തുനിന്നും സ്വദേശികളും വിദേശികളും റൂവിയിലാണ് ഉൽപന്നങ്ങൾ വാങ്ങാൻ എത്തിയിരുന്നത്. അതിനാൽ ഏറെ തിരക്കാണ് റൂവിയിൽ അനുഭവപ്പെട്ടിരുന്നത്. രാത്രിയിൽപോലും റൂവിയിൽ നിന്നുതിരിയാൻ ഇടമുണ്ടായിരുന്നില്ല. അക്കാലത്തെ പ്രധാന വ്യാപാരം തുണിത്തരങ്ങളായിരുന്നു. നാട്ടിലും മറ്റും പോവുന്നവർ പ്രധാനമായും തുണിത്തരങ്ങളായിരുന്നു കൊണ്ടുപോയിരുന്നത്. അതിനാൽ തുണിത്തരങ്ങളുടെ പ്രധാന വ്യാപാരകേന്ദ്രമായ ഈ മാളിൽ എപ്പോഴും നല്ല തിരക്ക് അനുഭവപ്പെട്ടിരുന്നതായി ആദ്യ കാല പ്രവാസികൾ ഓർക്കുന്നു. അതോടൊപ്പം മാൾ കാണാനും നിരവധി പേർ ദിവസവും ഇവിടെ എത്താറുണ്ടായിരുന്നു. ഏതായാലും തീപിടിത്തത്തിൽപെട്ട മാൾ പഴയകാല പ്രവാസികൾക്ക് ഗൃഹാതുരത്വത്തിന്റെ ഓർമകൾ സമ്മാനിക്കുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

