പ്രഥമ ജബൽ അഖ്ദർ ടൂറിസം ഫെസ്റ്റിവലിന് 23ന് തുടക്കം
text_fieldsമസ്കത്ത്: പ്രഥമ ജബൽ അഖ്ദർ ടൂറിസം ഫെസ്റ്റിവലിന് ഈമാസം 23ന് തുടക്കമാകും. ഒമാൻ പൈതൃക, വിനോദസഞ്ചാര മന്ത്രാലയം ഒമാൻ ഫ്രം ഹോഴ്സ്ബാക്കുമായി സഹകരിച്ചാണ് ഫെസ്റ്റിവൽ ഒരുക്കുന്നത്. ഹൈക്കിങ്, കുതിര സവാരി, മാതളനാരങ്ങയുടെ വിളവെടുപ്പ്, വിൽപന സ്റ്റാളുകൾ തുടങ്ങി വ്യത്യസ്ത പരിപാടികളാണ് അഞ്ച് ദിവസത്തെ ഫെസ്റ്റിവലിൽ ഒരുക്കിയിരിക്കുന്നത്.
എല്ലാ ദിവസവും രാവിലെ ഒമ്പത് മുതൽ രാത്രി 10 വരെയാണ് പരിപാടികൾ. ഈമാസം 27ന് സമാപിക്കും. ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള സന്ദർശകരെയും ഫെസ്റ്റിവലിൽ പ്രതീക്ഷിക്കുന്നു. ചെറുകിട, ഇടത്തരം സംരംഭകരെയും കർഷകരെയും പ്രോത്സാഹിപ്പിക്കലും ലക്ഷ്യമാണ്. 12 സംരംഭകർ അവരുടെ ഉൽപന്നങ്ങൾ ഇവിടെ പ്രദർശിപ്പിക്കും. എണ്ണ, സുഗന്ധ വസ്തുക്കൾ തുടങ്ങിയവക്ക് പുറമെ കർഷകർ തങ്ങളുടെ വിളകളും പ്രദർശനത്തിനെത്തിക്കും. സന്ദർശകർക്ക് ഉൽപന്നങ്ങളും പഴങ്ങളും അടക്കം നേരിട്ട് ഉൽപാദകരിൽ നിന്നും കർഷകരിൽ നിന്നും വാങ്ങാൻ സൗകര്യമുണ്ട്.
കുതിര പ്രദർശനവും സവാരിയും മറ്റൊരു ആകർഷണമാണ്. പത്ത് റൈഡർമാരാണ് ഉണ്ടാകുക. രണ്ട് ദിവസം കൊണ്ട് ജബൽ അഖ്ദറിലെ 50 കിലോമീറ്റർ സഞ്ചരിക്കും വിധമാണ് റൈഡിങ് ആസൂത്രണം ചെയ്തിരിക്കുന്നത്. അലില ജബൽ അഖ്ദർ ഹോട്ടലിൽനിന്നും ആരംഭിച്ച് നസീം റിസോർട്ടിൽ റൈഡിങ് സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

