കാഴ്ച പരിമിതരുടെ പ്രഥമ ജി.സി.സി ഫോറം ഇന്ന് സമാപിക്കും
text_fieldsസുഹാറിൽ കാഴ്ചപരിമിതർക്കായി സംഘടിപ്പിക്കുന്ന ആദ്യ ജി.സി.സി ഫോറത്തിൽ
അവതരിപ്പിച്ച ഓപ്പറയിൽനിന്ന്
സുഹാർ: കാഴ്ചപരിമിതർക്കായി സംഘടിപ്പിക്കുന്ന ആദ്യ ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) ഫോറത്തിന് സുഹാറിൽ ബുധനാഴ്ച സമാപനമാവും. ഒമാൻ ഉൾപ്പെടെ വിവിധ ജി.സി.സി രാജ്യങ്ങളിൽനിന്നുള്ള 120-ലധികം കാഴ്ചപരിമിതരും അവരുടെ സഹയാത്രികരുമാണ് ഫോറത്തിൽ പങ്കെടുക്കുന്നത്.
കഴിഞ്ഞദിവസം നടന്ന ഉദ്ഘാടന ചടങ്ങിൽ ഒമാൻ സാമൂഹിക വികസന മന്ത്രി ഡോ. ലൈല ബിൻത് അഹമ്മദ് അൽ നജ്ജാർ, വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖൈസ് ബിൻ മുഹമ്മദ് അൽ യൂസഫ് എന്നിവർ പങ്കെടുത്തു. കാഴ്ചപരിമിതരുടെ സംഘടനകളുടെ പ്രതിനിധികളും മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ സന്നിഹിതരായി.
അൽ നൂർ അസോസിയേഷൻ ഫോർ ദി ബ്ലൈൻഡ് സംഘടിപ്പിക്കുന്ന ഫോറത്തിൽ സൗദി അറേബ്യ, യു.എ.ഇ, കുവൈത്ത്, ബഹ്റൈൻ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്.
‘മർകബ് അൽ നൂർ’ എന്ന പേരിലുള്ള ഓപ്പറയും ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി അവതരിപ്പിച്ചു. സുഹാറിന്റെ സമുദ്രപൈതൃകം, നിലവിലെ വികസനങ്ങൾ, ജി.സി.സി രാജ്യങ്ങളുടെ സംയുക്ത ചരിത്രം എന്നിവയെ ആസ്പദമാക്കിയ ഏഴ് സംഗീത ഭാഗങ്ങൾ ഉൾപ്പെടുത്തിയാണ് ഓപ്പറ ഒരുക്കിയത്. വടക്കൻ ബാത്തിനയുടെ ചരിത്രവും വിനോദസഞ്ചാര സവിശേഷതകളും നിക്ഷേപ സാധ്യതകളും അവതരിപ്പിക്കുന്ന പ്രദർശനങ്ങളും നടന്നു. പ്രത്യേക പരിശീലന ശിൽപശാലകൾ, ശാസ്ത്രീയ പ്രഭാഷണങ്ങൾ, ഫീൽഡ് സന്ദർശനങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് ഫോറത്തിന്റെ പരിപാടികൾ. കാഴ്ച പരിമിതരുടെ കഴിവുകൾ വർധിപ്പിക്കുകയും അറിവ് പങ്കിടുകയും സഹകരണം ശക്തിപ്പെടുത്തുകയും ചെയ്യുകയാണ് ഫോറത്തിന്റെ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

