സോക്കർ കാർണിവലിനായി നാളെ മൈതാനമുണരും
text_fieldsസോക്കർ കാർണിവലിലെ ആദ്യ സീസൺ വിജയികളായ ജി.എഫ്.സി അസൈബ
മസ്കത്ത്: ഒമാൻ സുൽത്താനേറ്റിലെ ഏറ്റവും വലിയ സെവൻസ് ഫുട്ബാൾ ടുർണമെന്റായ സോക്കർ കാർണിവലിന്റെ മൂന്നാം സീസൺ വ്യാഴം, വെള്ളി ദിവസങ്ങളിൽ ബൗഷർ ക്ലബ് സ്റ്റേഡിയത്തിൽ അരങ്ങേറും ഗൾഫ് മാധ്യമവും മീ ഫ്രണ്ടും ചേർന്ന് സംഘടിപ്പിക്കുന്ന ടൂർണമെന്റിന്റെ വിശിഷ്ടാതിഥികളായി നടൻ ലുക്മാൻ അവറാൻ, മുൻ ഐ.എസ്.എൽ താരം സുശാന്ത് മാത്യു, നടി ഡയാന ഹമീദ്, സെവൻസ് മൈതാനങ്ങളിലെ അനൗൺസർ റാഷിദ് കോട്ടക്കൽ എന്നിവർ പങ്കെടുക്കും. ഗ്രൂപ്പ് ഘട്ട മൽസരങ്ങളാണ് വ്യാഴാഴ്ച രാത്രി 10ന് അരങ്ങേറുക. ക്വാർട്ടർ ഫൈനൽ, സെമിഫൈനൽ, ഫൈനൽ മൽസരങ്ങൾ അടങ്ങുന്ന നോക്കൗട്ട് ഘട്ടത്തിന് വെള്ളിയാഴ്ച വെകീട്ട് മൂന്നു മുതൽ തുടക്കമാവും.
കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാരായ മസ്കത്ത് ഹാമ്മേഴ്സ് എന്നിവർ കിരീടവുമായി
2024ൽ നടന്ന സോക്കർ കാർണിവൽ കന്നി സീസണിൽ ജി.എഫ്.സി അസൈബയായിരുന്നു ജേതാക്കൾ. സ്മാഷേഴ്സ് എഫ്.സി റണ്ണറപ്പായി. കഴിഞ്ഞവർഷം നടന്ന രണ്ടാം സീസണിൽ മസ്കത്ത് ഹാമ്മേഴ്സ് എഫ്.സി കിരീടമുയർത്തിയപ്പോൾ എൻ.ടി.എസ് എഫ്.സിയായിരുന്നു റണ്ണേഴ്സ് അപ്പ്. ഗ്രൂപ്പ് എയിൽ യുനൈറ്റഡ് കേരള എഫ്.സി, ലയൺ മസ്കത്ത് എഫ്.സി, കുമിൻ മഞ്ഞപ്പട എഫ്.സി എന്നിവയും ബി ഗ്രൂപ്പിൽ സ്മാഷേഴ്സ് എഫ്സി, എച്ച്.എഫ്.സി, സൈനോ എഫ്.സി സീബ്, ജി.എഫ്.സി അവിസെൻ എന്നിവയും പോരിനിറങ്ങും.
സി ഗ്രൂപ്പിൽ യുനൈറ്റഡ് കാർഗോ എഫ്.സി, ബ്ലാക്ക് ആൻഡ് വൈറ്റ് ബിഗ്ഗസ്റ്റ് ജിം, സോക്കർ ഫാൻസ് എഫ്.സി, മസ്കത്ത് ഹാമ്മേഴ്സ് എഫ്.സി എന്നിവയും ഡി ഗ്രൂപ്പിൽ എൻ.ടി.എസ് എഫ്.സി, ഹോട്ട്പാക്ക് നേതാജി എഫ്.സി, ടോപ്ടെൻ ബർക്ക എഫ്.സി, റിലാക്സ് എഫ്.സി എന്നിവയും ബൂട്ടുകെട്ടും. .
കേരള മസ്കത്ത് ഫുട്ബാൾ അസോസിയേഷനുമായി (കെ.എം.എഫ്.എ) സഹകരിച്ച് നടത്തുന്ന സോക്കർ കാർണിവൽ ഒമാനിൽ ഏറ്റവും കൂടുതൽ പ്രൈസ് മണി നൽകുന്ന ടൂർണമെന്റുകൂടിയാണ്. ഫുട്ബാൾ മത്സരങ്ങൾക്കൊപ്പം ഭക്ഷണ വൈവിധ്യങ്ങളും കലാപരിപാടികളും കോർത്തിണക്കി ഒരുക്കുന്ന ഈ മേളയിലേക്ക് പ്രവേശനം സൗജന്യമാണ്. കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും ഒരുപോലെ ആസ്വദിക്കാവുന്ന രീതിയിലാണ് സോക്കർ കാർണിവൽ വിഭാവനം ചെയ്തിരിക്കുന്നത്. വെള്ളിയാഴ്ച വൈകീട്ട് മൂന്നു മുതൽ സ്റ്റേഡിയത്തിൽ വിവിധ വിനോദ പരിപാടികളും മത്സരങ്ങളും ഒരുക്കും. കുട്ടികൾക്കും സ്ത്രീകൾക്കുമായുള്ള വിവിധ ഗെയിമുകൾ, ക്വിസ് മത്സരങ്ങൾ, ഫേസ് പെയിന്‍റിങ്, ഷൂട്ടൗട്ട് തുടങ്ങിയവയും നടക്കും. സ്പോട്ട് മൽസരങ്ങളിൽ വിജയികളാകുന്നവർക്ക് കൈ നിറയെ സമ്മാനങ്ങളും നൽകും.
സ്റ്റേഡിയത്തിൽ ഒരുക്കുന്ന വിപുലമായ ഭക്ഷണശാലകളാണ് കാർണിവലിന്റെ പ്രധാന ആകർഷണം. നാടൻ വിഭവങ്ങൾ മുതൽ വൈവിധ്യമാർന്ന രുചിക്കൂട്ടുകൾ വരെ ആസ്വദിക്കാനുള്ള അവസരം കാണികൾക്കുണ്ടാകും. 25 ഓളം ഫുഡ് സ്റ്റാളുകൾ ഒരുക്കും. ലൈവ് കൗണ്ടറുകളിൽനിന്നും കാണികൾക്ക് ഇഷ്ടമുള്ള വിഭവങ്ങൾ വാങ്ങാം. ഭക്ഷണ പ്രേമികൾക്ക് കൊതിയേറ്റുന്ന വിഭവങ്ങളുമായി മസ്കത്തിലെ സ്ത്രീ കൂട്ടായ്മകളുടെ നേതൃത്വത്തിലുള്ള ഫുഡ് സ്റ്റാളുകൾ, ചോക്ലേറ്റുകൾ, ഫാൻസി ഇനങ്ങൾ, നാടൻ പലഹാരങ്ങൾ തുടങ്ങിയവയും കാർണിവലിന്‍റെ ആകർഷണമാവും. കായിക ആവേശവും സംഗീതവും ഭക്ഷണവും ഒത്തുചേരുന്ന രണ്ട് ദിനരാത്രങ്ങൾ പ്രവാസി സമൂഹത്തിന് ഗംഭീര ആഘോഷമായി മാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

