പരമ്പരാഗത സൂഖുകളുടെ മുഖം മിനുക്കുന്നു
text_fieldsമത്ര സൂഖ്
മസ്കത്ത്: സഞ്ചാരികളെ ആകർഷിക്കുന്നതിന് പരമ്പരാഗത സൂഖുകളുടെ മുഖം മിനുക്കാനുള്ള പദ്ധതിയുമായി മസ്കത്ത് നഗരസഭ. മത്ര സൂഖ് വികസിപ്പിക്കുന്നതിന് ഒപ്പം സീബിൽ പരമ്പരാഗത പെരുന്നാൾ ചന്തയായ ഹബ്ത ആരംഭിക്കുന്നതിനുമുള്ള നിർദേശങ്ങൾ പഠിച്ചുവരുകയാണെന്ന് മസ്കത്ത് നഗരസഭ അറിയിച്ചു. കഴിഞ്ഞ ദിവസം നടന്ന നഗരസഭ കൗൺസിലിെൻറ പബ്ലിക് അഫയേഴ്സ് കമ്മിറ്റി യോഗം വിഷയം ചർച്ച ചെയ്തു.
മത്ര സൂഖ് വികസിപ്പിക്കുന്നതിനുള്ള പദ്ധതി മത്രയിൽ നിന്നുള്ള നഗരസഭ കൗൺസിൽ അംഗം ഹമദ് ബിൻ ഖൽഫാൻ അൽ വഹൈബിയാണ് സമർപ്പിച്ചത്. മാർക്കറ്റ് കവാടത്തിൽ ഡിജിറ്റൽ സ്ക്രീനുകൾ സ്ഥാപിക്കുന്നതാണ് നിർദേശത്തിൽ പ്രധാനപ്പെട്ടത്. സൂഖിനെ കുറിച്ചുള്ള വിവരങ്ങൾക്ക് ഒപ്പം ഉള്ളിലെ കടകളെ കുറിച്ചുമുള്ള വിവരങ്ങളായിരിക്കും സ്ക്രീനിൽ പ്രദർശിപ്പിക്കുക. സഞ്ചാരികൾക്ക് പുറമെ ഒമാനിൽ താമസിക്കുന്ന സ്വദേശികൾക്കും വിദേശികൾക്കും സൂഖിലെ ഷോപ്പിങ് സുഗമമാക്കാൻ ഇതുവഴി സാധിക്കും. സൂഖിൽ വിശ്രമ മുറികൾ നിർമിക്കാനും നിർദേശമുണ്ട്.
പരമ്പരാഗത പെരുന്നാൾ ചന്തയായ ഇൗദ് ഹബ്ത സീബ് വിലായത്തിൽ സ്ഥാപിക്കാനുള്ള നിർദേശം സീബിൽ നിന്നുള്ള കൗൺസിൽ അംഗം സാലെം ബിൻ മുഹമ്മദ് അൽ ഫവാരിയാണ് സമർപ്പിച്ചത്. ഇവിടേക്കുള്ള റോഡ്, തെരുവു വിളക്ക്, പാർക്കിങ്, ടോയ്ലെറ്റ് സൗകര്യങ്ങളും ഒരുക്കണമെന്ന് നിർദേശത്തിൽ പറയുന്നു. ജനവാസ കേന്ദ്രത്തിൽനിന്ന് മാറി വേണം പെരുന്നാൾ ഹബ്ത സ്ഥാപിക്കാനെന്ന് പബ്ലിക് അഫയേഴ്സ് കമ്മിറ്റി നിർദേശിച്ചു. പെരുന്നാൾ ഹബ്തക്ക് പുറമെ മറ്റു പരിപാടികൾകൂടി സംഘടിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സ്ഥലം സന്ദർശിക്കാനും ഖൈസ് ബിൻ മുഹമ്മദ് ബിൻ മശ്അരിയുടെ അധ്യക്ഷതയിൽ നടന്ന പബ്ലിക് അഫയേഴ്സ് കമ്മിറ്റി യോഗം തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

