കുവൈത്ത് വാതിൽ തുറന്നില്ല; നിരാശയോടെ അൻവർ ഹുസൈൻ മടങ്ങി
text_fieldsമസ്കത്ത്: കുവൈത്ത് വിദേശികൾക്ക് ഏർപ്പെടുത്തിയ പ്രവേശനവിലക്ക് നീക്കുമെന്ന പ്രതീക്ഷയിൽ ഒന്നരമാസത്തോളമാണ് മംഗലാപുരം സ്വദേശി അൻവർ ഹുസൈൻ മസ്കത്തിൽ കാത്തിരുന്നത്. കാത്തിരിപ്പിനൊടുവിൽ വിസ കാലാവധി കഴിഞ്ഞതോടെ പ്രവാസ സ്വപ്നത്തിന് വിടനൽകി അൻവർ ഹുസൈൻ വ്യാഴാഴ്ച രാവിലെയുള്ള വിമാനത്തിൽ നാട്ടിലേക്ക് മടങ്ങി.
ഒരുപാട് പ്രതീക്ഷകളോടെയാണ് കഴിഞ്ഞ ജനുവരി 16ന് മംഗലാപുരം സ്വദേശി അൻവർ ഹുസൈൻ കുവൈത്തിലേക്ക് പോകാൻ ഒമാനിലേക്ക് എത്തുന്നത്. ഇന്ത്യയിൽനിന്ന് വിമാനവിലക്ക് നിലവിലുള്ളതിനാൽ ഒമാനിലെ 14 ദിവസ ക്വാറൻറീന് ശേഷം കുവൈത്തിലേക്ക് പോകാമെന്നായിരുന്നു പ്രതീക്ഷ. അസൈബയിലുള്ള ഹോട്ടൽ അപ്പാർട്ട്മെൻറിലെ ക്വാറൻറീന് ശേഷം ഫെബ്രുവരി ആദ്യത്തിൽ ടിക്കറ്റ് എടുക്കേണ്ടതായിരുന്നു. എന്നാൽ, ഉയർന്ന നിരക്കുമൂലം കുറച്ച് വൈകി ടിക്കറ്റ് എടുക്കാമെന്ന് കരുതി. എന്നാൽ, ഫെബ്രുവരി ഏഴുമുതൽ കുവൈത്ത് വിദേശികൾക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയതോടെ ആ വഴിയടഞ്ഞു.
കുറച്ചുകൂടി കാത്തിരിക്കാമെന്ന് കരുതിയപ്പോൾ താമസത്തിനും ഭക്ഷണത്തിനും പ്രയാസമനുഭവിക്കുന്ന സ്ഥിതിയായി. എന്നാൽ, ഇന്ത്യൻ ഇസ്ലാഹി സെൻറർ ഇദ്ദേഹത്തിന് തുണയായി എത്തി. ബാക്കി ദിവസങ്ങളിൽ താമസവും ഭക്ഷണവും ഇസ്ലാഹി സെൻററിൽനിന്ന് ലഭിച്ചു. കഴിഞ്ഞ 36 വർഷമായി കുവൈത്തിൽ ജോലിചെയ്യുന്ന ഇദ്ദേഹം നാട്ടിൽ അവധിക്ക് എത്തിയപ്പോഴാണ് കോവിഡിൽ കുടുങ്ങി തിരിച്ചുപോകാൻ കഴിയാതെ വന്നത്. ദുബൈ വഴി പോകാൻ വിസിറ്റിങ് വിസക്ക് അപേക്ഷിച്ചെങ്കിലും ലഭിക്കാതിരുന്നതിനെ തുടർന്നാണ് ഒമാനിൽ എത്തിയത്. ഒമാനിലെ താമസസമയത്ത് വിസ കാലാവധി കഴിഞ്ഞതിനൊപ്പം 60 വയസ്സ് പൂർത്തിയാവുകയും ചെയ്തു. വിസ തീരും മുമ്പ് കുവൈത്തിൽ എത്തുമെങ്കിൽ വിസ അടിക്കാൻ സഹായിക്കാമെന്ന് അൻവർ ഹുസൈെൻറ ഇൗജിപ്ഷ്യൻ സുഹൃത്ത് ഉറപ്പുനൽകിയിരുന്നു. എന്നാൽ കാലാവധി കഴിഞ്ഞതോടെ ആ പ്രതീക്ഷ മങ്ങി. ഇതോടെ മടങ്ങാൻ തീരുമാനിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
