718 ആളുകൾക്കുകൂടി രോഗം സ്ഥിരീകരിച്ചു; നാലായിരവും കടന്ന് കോവിഡ് ബാധിതർ\
text_fieldsമസ്കത്ത്: 24 മണിക്കൂറിനിടെ രാജ്യത്ത് 718 ആളുകൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. പുതിയ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 113 പേർക്ക് അസുഖം ഭേദമാകുകയും ചെയ്തു. നിലവിൽ 4182 ആളുകളാണ് കോവിഡ് ബാധിതരായി രാജ്യത്ത് കഴിയുന്നത്. 3,09,588 ആളുകൾക്കാണ് ആകെ ഇതുവരെ കോവിഡ് ബാധിച്ചത്. 97.3 ശതമാനമാണ് രോഗമുക്തി നിരക്ക്. ആകെ 3,01,287 ആളുകൾക്ക് മഹാമാരി ദേദമാകുകയും ചെയ്തു. കഴിഞ്ഞദിവസം 18 ആളുകളെ കൂടി രാജ്യത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതോടെ ആശുപത്രികളിൽ കഴിയുന്നവരുടെ എണ്ണം 59 ആയി. ഇതിൽ മൂന്നുപേർ തീവ്രപരിചരണ വിഭാഗത്തിലാണ്. രാജ്യത്ത് കോവിഡ് ബാധിച്ച് ആകെ 4,119 പേരാണ് ഇതുവരെ മരിച്ചത്.
ദിവസങ്ങളായി കോവിഡ് കേസുകൾ മുകളിലോട്ടാണ്. മാസങ്ങൾക്കു ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന നിരക്കാണ് ഓരോ ദിവസവും രേഖപ്പെടുത്തുന്നത്. കോവിഡ് ബാധിതരായി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം വർധിക്കുന്നത് ആശങ്കയുണ്ടാക്കുന്നതാണ്. കഴിഞ്ഞ രണ്ടുദിവസത്തിനിടെ മാത്രം 40ൽ അധികം ആളുകളെയാണ് വിവിധ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. കൂടുതൽ രോഗികൾ എത്താൻ സാധ്യതയുള്ളതിനാൽ മുൻകരുതൽ നടപടികൾ എടുക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ. സ്വദേശികൾക്കും വിദേശികൾക്കുമടക്കം ബൂസ്റ്റർ ഡോസടക്കം നൽകി ഊർജിതമായ പ്രതിരോധ പ്രവർത്തനങ്ങളാണ് രാജ്യം നടത്തിക്കൊണ്ടിരിക്കുന്നത്. അതേസമയം, കോവിഡ് കേസുകൾ കുതിച്ചുയരുമ്പോഴും ചെറിയ ഒരു വിഭാഗം ആളുകൾ മാനദണ്ഡങ്ങളൊന്നും പാലിക്കാതെ മുന്നോട്ടുപോകുന്നുണ്ട്. ചിലർ മാസ്ക്പോലും ശരിയായ രീതിയിൽ ധരിക്കാതെയാണ് പൊതു ഇടങ്ങളിൽ ഇടപഴകുന്നത്. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

