മുഹമ്മദ് ബഷീറിന്റെ മരണം പ്രവാസി മലയാളികളെ സങ്കടത്തിലാക്കി
text_fieldsകെ.പി. മുഹമ്മദ് ബഷീർ
മസ്കത്ത്: ഒമാനിൽ പ്രവാസിയായിരുന്ന സാമൂഹിക പ്രവർത്തകൻ മാഹി സ്വദേശി കെ.പി. മുഹമ്മദ് ബഷീറിന്റെ നിര്യാണം ഒമാനിലെ പ്രവാസി മലയാളികളെ സങ്കടത്തിലാക്കി. ഒമാനിലെ പ്രവാസ ജീവിതം മതിയാക്കി നാട്ടിൽ സ്ഥിരതാമസമാക്കിയ അദ്ദേഹം വെള്ളിയാഴ്ച രാത്രിയാണ് ഹൃദയസ്തംഭനം മൂലം മരിച്ചത്. ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് അംഗം അടക്കം നിരവധി ചുമതലകൾ വഹിച്ചിരുന്ന അദ്ദേഹം നിശ്ശബ്ദ സേവനം കൊണ്ടും വിനയം നിറഞ്ഞ പെരുമാറ്റം കൊണ്ടും ഏവരുടെയും സ്നേഹം പിടിച്ചുപറ്റിയിരുന്നു. ഒമാനിലെ വിദ്യാഭ്യാസ മേഖലകളിൽ നിറഞ്ഞുനിന്നിരുന്ന മുഹമ്മദ് ബഷീർ ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് അംഗമായും പ്രവർത്തിച്ചിരുന്നു.
ഇന്ത്യൻ സ്കൂൾ മസ്കത്തിലെ അധ്യാപകനായാണ് പ്രവാസജീവിതം ആരംഭിച്ചത്. 1991ൽ കോമേഴ്സ് വിഭാഗത്തിലായിരുന്നു അധ്യാപകനായി സേവനം ആരംഭിച്ചത്. പിന്നീട് ഇബ്ര കോളജ് ഓഫ് ടെക്നോളജിയിൽ ബിസിനസ് വിഭാഗം തലവനായി ജോലി കിട്ടിയതോടെ താമസം അവിടേക്ക് മാറുകയായിരുന്നു. നിരവധി മലയാളികളെ ഈ സ്ഥാപനത്തിൽ അധ്യാപകരായി എത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ഇബ്ര ഇന്ത്യൻ സ്കൂൾ ബോർഡ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പിന്നീട് ഹയർ കോളജ് ഓഫ് ടെക്നോളജിയിലെ ബിസിനസ് വിഭാഗത്തിൽ ജോലി കിട്ടിയതോടെ താമസം വീണ്ടും ദാർസൈത്തിലേക്ക് മാറ്റുകയായിരുന്നു. രണ്ടു വർഷം മുമ്പാണ് ഒമാനിലെ പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങിയത്.
ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് സാമൂഹിക പ്രവർത്തന മേഖലകളിൽ കൂടുതൽ ശ്രദ്ധ നേടിയത്. ഡയറക്ടർ ബോർഡിന്റെ ഫിനാൻസ് ഡയറക്ടർ ചുമതല ഏറെ ഭംഗിയായി നിർവഹിക്കുന്നതിൽ വിജയിച്ചിരുന്നു. ബോർഡിന്റെ ഫിനാൻസ് മേഖലയിൽ ചില പരിഷ്കാരങ്ങൾ നടത്താനും കഴിഞ്ഞു. എല്ലാവർക്കും എത്തിപ്പെടാൻ പറ്റുന്ന ബോർഡ് മെംബറായതിനാൽ രക്ഷിതാക്കൾക്കും മറ്റും പ്രിയങ്കരനായിരുന്നു. ഇന്ത്യൻ സ്കൂൾ മസ്കത്തിലെ അക്കാലത്തെ മികച്ച അധ്യാപനായിരുന്നു കെ.പി. മുഹമ്മദെന്ന് പത്തു വർഷത്തോളം ഇന്ത്യൻ സ്കൂൾ മസ്കത്തിൽ അദ്ദേഹത്തോടൊപ്പം അധ്യാപകനായി ജോലി ചെയ്തിരുന്ന തിരുവനന്തപുരം സ്വദേശി മുഹമ്മദ് കുഞ്ഞി പറഞ്ഞു.
കുടുംബസമേതം ദീർഘകാലം ഒമാനിലുണ്ടായിരുന്ന അദ്ദേഹം നല്ല വ്യക്തിബന്ധവും കാത്തുസൂക്ഷിച്ചിരുന്നു. ഭാര്യ: സറീന: മക്കൾ: ശബ്നം, ഫരീഹ, ഹിഷാം. വിയോഗത്തിൽ പ്രവാസി വെൽഫെയർ ഒമാൻ കേന്ദ്ര കമ്മിറ്റി അനുശോചിച്ചു. ഇന്ത്യൻ സ്കൂൾ ബോർഡ് മെംബർ, ഇബ്ര ഇന്ത്യൻ സ്കൂൾ കമ്മിറ്റി പ്രസിഡൻറ് എന്നീ നിലകളിലെല്ലാം പ്രവർത്തിച്ച മാസ്റ്റർ തന്റെ കഴിവും സമയവും ഇന്ത്യൻ സ്കൂളുകളുടെ അക്കാദമിക, അടിസ്ഥാന സൗകര്യ വികസനങ്ങൾക്കായി ചെലവഴിച്ച വ്യക്തിത്വമായിരുന്നു. സ്കൂൾ ബോർഡ് ഫിനാൻസ് ഡയറക്ടറായിരിക്കെ ബഷീർ മാസ്റ്റർ നടപ്പാക്കിയ സാമ്പത്തിക പരിഷ്കാരങ്ങൾ ഇന്ത്യൻ സ്കൂൾ രക്ഷിതാക്കൾക്ക് ഏറെ ആശ്വാസപ്രദമായിരുന്നു എന്നും കമ്മിറ്റി അനുസ്മരിച്ചു. പ്രസിഡൻറ് ഷമീർ കൊല്ലക്കാൻ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

