ഖമീസ് അല്‍ ഹളറമിയുടെ വിയോഗം മത്രക്കാരെ കണ്ണീരിലാഴ്ത്തി
text_fieldsമീസ് ബിന്‍ ഹാഷിം ബിന്‍ നാസര്‍ അല്‍ ഹളറമി
മത്ര: സ്വദേശി പൗരൻ ഖമീസ് അല്‍ ഹളറമിയുടെ നിര്യാണവാര്‍ത്ത മത്രക്കാർക്ക് നൊമ്പരമായി. സൂഖിലെ നിത്യ സന്ദർശകനും വ്യാപാരികളുമായി ദീർഘകാലമായി സൗഹൃദ ബന്ധം വെച്ചു പുലര്‍ത്തുന്നയാളുമായ ഖമീസ് ബിന്‍ ഹാഷിം ബിന്‍ നാസര്‍ അല്‍ ഹളറമിക്ക് പ്രത്യേകതകൾ ഏറെയുണ്ട്.
അന്ധത ബാധിച്ച ഖമീസ് തന്റെ കാഴ്ചപരിമിതികള്‍ അകക്കണ്ണ് കൊണ്ട് മറികടന്ന് അത്ഭുതപ്പെടുത്തിക്കൊണ്ടിരുന്ന വ്യക്തിയാണ്. കിലോ മീറ്ററുകള്‍ അകലെയുള്ള മത്ര അല്‍ സബാദിയയില്നിന്നും ദിവസവും പരസഹായമില്ലാതെ തന്റെ ഊന്ന് വടിയുമായി നടന്നാണ് നിത്യേന ഖമീസ് സൂഖിലേക്ക് വരാറുള്ളത്. ജീവിതാവസാന കാലം വരെ ഒരു ദിവസവും മുടങ്ങാതെ സൂഖിലെത്തിയിരുന്നു. പതിവായി വന്ന് കളി തമാശകളും കുശലാന്വേഷണങ്ങളും നടത്താറുള്ള കടകളെ ലക്ഷ്യംവെച്ചാണ് ഖമീസ് പതിവ് തെറ്റിക്കാതെ നടന്നെത്താറുള്ളത്.
വളരെ കൃത്യമായി വഴിയൊട്ടും തെറ്റാതെ പതിവായി ഇടപഴകാറുള്ള കടകളിലെത്തി രാത്രി ഏറെ വൈകും വരെ സഹവസിക്കും. ഖമീസിനെ കണ്ട് പരിചയമുള്ളവര്‍ നല്കുന്ന എന്തേലും സഹായങ്ങള്‍ സ്വീകരിച്ച് തിരിച്ചു വീട്ടിലേക്ക് നടന്നു പോവുകയും ചെയ്യും. രാത്രി കാലങ്ങളില്‍ അതുവഴി പോകുന്നവര്‍ വാഹനത്തില്‍ കയറ്റിയാല്‍ മാത്രം കയറും.
ഇല്ലെങ്കില്‍ നടന്ന് തന്നെയാണ് മടക്കയാത്രയും. മലയാളി കച്ചവടക്കാരുമായാണ് ഖമീസിന് ഏറെ അടുപ്പം. വീട്ടിലേക്ക് വേണ്ടുന്ന സാധനങ്ങളൊക്കെ കച്ചവടക്കാരുമായി വിലപേശി കാഷായും പറ്റായും വാങ്ങും. കാഷ് കൈയിലെത്തിയാല്‍ പറ്റുകള്‍ കച്ചവടക്കാര്‍ മറന്നാലും കൃത്യമായി ഓര്‍മിച്ച് കൊണ്ടു പറ്റ് തീര്‍ത്ത് കൊടുക്കുന്നതാണ് രീതി.
-പരിചയമുള്ള വ്യക്തികളുടെ പേര് വിളിച്ചാണ് ഇടപഴകുക. കടയില്‍ വന്ന് ഇന്ന ,ഇന്ന സാധനങ്ങളുണ്ടോ എന്ന് അന്വേഷിച്ചാല്‍ ഖമീസിനെ പരീക്ഷിക്കാനായി കച്ചവടക്കാര്‍ സാധനങ്ങളില്ല,സ്റ്റോക്ക് തീര്‍ന്നു, എന്ന് പറഞ്ഞ് നോക്കും.
അപ്പോഴൊക്കെ കടക്കകത്ത് കയറി വേണ്ടുന്ന സാധനങ്ങള്‍ തപ്പിയെടുത്ത് കച്ചവടക്കാരന്റെ കൈയില്‍ കൊടുത്ത് അത്ഭുതപ്പെടുത്താറുമുണ്ട്. അതുപോലെ പതിവായി ഇടപഴകുന്ന എല്ലാവരുടെയും പേര് വിളിച്ചാണ് അഭിസംബോധന നടത്താറുള്ളത്. ഇവിടെയും ഖമീസിനെ പരീക്ഷിക്കാനായി ഇദ്ദേഹം എത്തിച്ചേര്‍ന്നാല്‍ അറിയുമോന്ന് നോക്കാനായി പരിചയക്കാര് ദീര്‍ഘനേരം മൗനിയായി നില്ക്കും. അപ്പോഴൊക്കെ സ്പര്‍ശനങ്ങളിലൂടെ ഓരോരുത്തരുടെയും പേര് പറഞ്ഞ് ഞെട്ടിക്കും.
അത്രക്ക് ആത്മബന്ധമാണ് മത്രയിലെ കച്ചവടക്കാരുമായി ഖമീസിനുള്ളത്.മലയാളി കച്ചവടക്കാരില്‍നിന്നും കേട്ടുപഠിച്ച മലയാളത്തിലുള്ള പാട്ടുകള്‍ മൂളിപ്പാടി വരാറുള്ള ഖമീസ് ഇനിയില്ല. ‘എന്റെ ഖല്‍ബിലെ വെണ്‍നിലാവു നീ നല്ല പാട്ടുകാരാ....’ എന്ന പാട്ടാണ് ഖമീസിന്റെ ഇഷ്ട ഗാനം.
ഖുര്‍ആനിലെ ഏതാണ്ടെല്ലാ ഭാഗങ്ങളും അദ്ദേഹത്തിന് മനപ്പാഠമാണ്. ഖമീസിന്റെ വേര്‍പാടിലൂടെ മത്രക്കാര്ക്ക് നഷ്ടമായത് സന്തത സഹചാരിയായ ഒരു തോഴനെയാണെന്ന് മത്രയിലെ കച്ചവടക്കാര്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

