‘ടൂർ ഓഫ് സലാല’ സൈക്ലിങ് ചാമ്പ്യൻഷിപ്പിന് തിരശ്ശീല വീണു
text_fieldsമസ്കത്ത്: ‘ടൂർ ഓഫ് സലാല’ സൈക്ലിങ് ചാമ്പ്യൻഷിപ്പിൽ ദുബൈ സൈക്ലിങ് ടീം ഷബാബ് അൽ അഹ്ലിയുടെ സ്ലോവാക്യൻ റൈഡർ ഗ്രെഗ ബോലെ ജേതാവായി. നാലാം ഘട്ടത്തിൽ പത്താമതായാണ് ഫിനിഷ് ചെയ്തതെങ്കിലും മുമ്പുള്ള മൂന്നുഘട്ടങ്ങളിലും നടത്തിയ മിന്നും പ്രകടനമാണ് ഗ്രെഗ ബോലെക്ക് തുണയായത്.
അവസാന ഘട്ട സ്റ്റേജ് മത്സരത്തിൽ അൽജീരിയയുടെ യാസിൻ ഹംസയാണ് വിജയിച്ചത്. യൂനിവേഴ്സ് സൈക്ലിങ് ടീമിന്റെ ടോം വിജ്ഫ്ജെ, ടീം സ്റ്റോക്ക്-മെട്രോപോൾ സൈക്ലിങിന്റെ ഡൊമിനിക് മെർസെബർഗ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. നാല് ഘട്ടങ്ങളിലെ സ്ഥിരതയാർന്ന പ്രകടനത്തിലൂടെ യു.എ.ഇയുടെ അബ്ദുല്ല ജാസിം മികച്ച യുവ റൈഡറുടെ വെള്ള ജഴ്സി നേടി.
ആതിഥേയർക്കായി മുഹമ്മദ് അൽ വഹൈബി 17ഉം സഹതാരം സഈദ് അൽ റഹ്ബി 19ഉം സ്ഥാനങ്ങൾ കരസ്ഥമാക്കി. പൊതുജനങ്ങൾക്കും സൈക്ലിങ് പ്രേമികൾക്കും ആവേശക്കാഴ്ചകൾ സമ്മാനിച്ച് നാല് ഘട്ടങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്.
ഖരീഫിൽ പച്ചപിടിച്ചുകിടക്കുന്ന സലാലയുടെ സൗന്ദര്യം നുകരാൻ കഴിയുന്ന തരത്തിൽ ഒരുക്കിയിരിക്കുന്ന ചാമ്പ്യൻഷിപ്പിൽ ഏകദേശം 100 സൈക്ലിസ്റ്റുകൾ പങ്കെടുത്തു.
13 ടീമുകൾ മത്സരിക്കുന്ന ഈ പതിപ്പിൽ മൊത്തം 522 കിലോമീറ്റർ ആയിരുന്നു മത്സരദൂരം. 123.7 കിലോമീറ്റർ വരുന്ന ആദ്യഘട്ടം സലാലയിലെ ഖോർ റോറിയിൽ നിന്ന് ആരംഭിച്ച് ഐൻ ഇഷാത്തിലാണ് അവസാനിച്ചത്.
സദാ ബീച്ച് മുതൽ ഹജീഫ് വരെയുള്ള രണ്ടാം ഘട്ടം 148 കിലോമീറ്ററും മൂന്നാംഘട്ടം അൽ ഹഫ സൂഖ് മുതൽ വാദി ദർബത്ത് വരെ 104 കിലോമീറ്ററുമായിരുന്നു ഉണ്ടായിരുന്ന്.
അവസാന ഘട്ടം ഐൻ റസാത്ത് മുതൽ ഇത്തീൻ പബ്ലിക് പാർക്ക് വരെയായിരുന്നു. 147 കിലോമീറ്ററാണ് ഇതിന്റെ ദൂരം വരുന്നത്. ഇന്റർനാഷനൽ സൈക്ലിങ് യൂനിയന്റെ (യു.സി.ഐ) നിയമാവലികൾക്കനുസരിച്ചായിരുന്നു ടൂർ ഓഫ് സലാലയുടെ മൂന്നാം പതിപ്പ് അരങ്ങേറിയത്. ഒമാൻ സൈക്ലിങ് അസോസിയേഷൻ ദോഫാർ മുനിസിപ്പാലിറ്റിയുടെ പിന്തുണയോടെ സംഘടിപ്പിച്ച മത്സരം സ്വദേശി താരങ്ങൾക്ക് മികച്ച അനുഭവങ്ങൾ പകർന്നുനൽകാൻ സഹായകമാവുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

