ക്രൂസ് കപ്പലുകളുടെ വരവ് കുറഞ്ഞു; പ്രതീക്ഷ കൈവിടാതെ വ്യാപാരികൾ
text_fieldsമത്ര പോർട്ടിൽ സഞ്ചാരികളുമായെത്തിയ ക്രൂസ് ഷിപ്
മത്ര സുൽത്താൻ ഖാബൂസ് തുറമുഖം
മത്ര: ശൈത്യകാലത്ത് ഒമാനിലേക്ക് ടൂറിസ്റ്റുകളുമായി എത്താറുള്ള കപ്പലുകളുടെ എണ്ണത്തിൽ കുറവ്. ഈ വര്‍ഷം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കപ്പലുകളുടെ വരവില്‍ ഗണ്യമായ കുറവ് അനുഭവപ്പെടുന്നതായി ടൂറിസം മേഖലയിലെ കച്ചവടക്കാര്‍ പറയുന്നു. മുന്‍ വര്‍ഷങ്ങളില്‍ നവംബറില്‍ തുടങ്ങി ഡിസംബര്‍, ജനുവരി മാസങ്ങളില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ കപ്പലുകള്‍ മത്ര കോര്ണോഷിലുള്ള സുല്‍ത്താന്‍ ഖാബൂസ് പോര്‍ട്ടില്‍ നങ്കൂരമിടാറുണ്ട്.
സീസണിന്റെ പ്രധാന സമയമായ ജനുവരി മധ്യത്തോട് അടുത്തിട്ടും ഇപ്പോള്‍ ആഴ്ചയിൽ ഒന്ന് എന്ന തോതിൽ മാത്രമെ സഞ്ചാരികളുമായി ക്രൂയിസ് കപ്പലുകള്‍ തീരത്ത് അടുക്കുന്നുള്ളൂ.
മുന്‍ വര്‍ഷങ്ങളില്‍ കോസ്റ്റ, അയിദ എന്നീ കൂറ്റന്‍ കപ്പലുകളില്‍ ധാരാളം ടൂറിസ്റ്റുകള്‍ എത്തിച്ചേർന്നിടത്ത് മെന്ഷിപ് കപ്പൽ മാത്രമാണ് ആഴ്ചയിലൊന്ന് എന്ന തരത്തില്‍ എത്തിച്ചേരുന്നത്. വരും ദിവസങ്ങളില്‍ കൂടുതൽ സഞ്ചാരികള്‍ എത്തിച്ചേരുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ് കച്ചവടക്കാര്‍.
സീസണ് അവസാനിക്കാന്‍ ഇനി ഏതാനും മാസങ്ങളെ അവശേഷിക്കുന്നുള്ളൂ. ഒമാനില്‍ തണുപ്പ് മാറി ചൂട് കനക്കുന്നതോടെ ടൂറിസം സീസൺ അവസാനിക്കുകയും സഞ്ചാരികളുടെ വരവ് അവസാനിക്കുകയും ചെയ്യും.
മേഖലയില്‍ ഉരുണ്ടുകൂടിയ സംഘര്‍ഷാന്തരീക്ഷം കാരണമാകാം കപ്പലുകള്‍ ഈ വര്‍ഷം കുറയാനിടയായതെന്ന് അനുമാനിക്കുന്നു. അതേ സമയം, വിമാനമാർഗം സാമാന്യം തരക്കേടില്ലാത്ത വിധം സഞ്ചാരികൾ എത്തിച്ചേരുന്നുണ്ട് എന്നത് കച്ചവടക്കാരില്‍ ആശ്വാസം പകരുന്നുണ്ട്. സഞ്ചാരികൾ ട്രഡീഷനല്‍ സാധനങ്ങളും പഷ്മിന, സുഗന്ധ ദ്രവ്യങ്ങള്‍, കുന്തിരിക്കം, കുന്തിരിക്കം കൊണ്ട് ഉണ്ടാക്കുന്ന വിവിധ തരം ഉല്പന്നങ്ങള് എന്നിവ വാങ്ങുന്നതില്‍ ഉത്സാഹം കാണിക്കുന്നുണ്ട്. അതേസമയം, കൂടുതൽ ക്രൂസ് കപ്പലുകളെ ആകർഷിക്കുന്നതിനും രാജ്യത്തെ പ്രധാന ടൂറിസം കേന്ദ്രമെന്ന നിലയിൽ സുൽത്താൻ ഖാബൂസ് തുറമുഖത്തിന്റെ പങ്ക് വിപുലപ്പെടുത്തുന്നതിനും ലക്ഷ്യമിട്ട് കഴിഞ്ഞ വർഷം മധ്യത്തിൽ വികസന പദ്ധതിക്ക് ഗതാഗത മന്ത്രാലയം രൂപം നൽകിയിരുന്നു.
തുറമുഖങ്ങൾ, സമുദ്ര സേവനങ്ങൾ, റോഡ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള വിശാലമായ ശ്രമങ്ങളുടെ ഭാഗമായി മൂന്ന് തന്ത്രപ്രധാന കരാറുകളിലും ഒപ്പുവെച്ചിട്ടുണ്ട്. കരാറുകളിലൊന്ന് സുൽത്താൻ ഖാബൂസ് തുറമുഖത്ത് കപ്പൽ സേവനങ്ങളുടെയും ക്രൂ മാറ്റ പ്രവർത്തനങ്ങളുടെയും വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ്. ക്രൂസ് ടൂറിസം കേന്ദ്രമെന്ന നിലയിൽ അതിന്റെ പ്രാഥമിക പ്രവർത്തനം നിലനിർത്തി വാണിജ്യ പ്രവർത്തനങ്ങൾ വികസിപ്പിക്കാനുള്ള പദ്ധതികളും നടപ്പാക്കിവരികയാണ്.
‘ഒമാനി ഇന്റഗ്രേറ്റഡ് ലോജിസ്റ്റിക്സ് സർവിസസ് കമ്പനിയുമായി ഒപ്പുവെച്ച കരാർ, തുറമുഖത്ത് സമുദ്ര സേവനങ്ങൾ കൈകാര്യം ചെയ്യുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമുള്ള രണ്ട് വർഷത്തെ കാലാവധിയാണുള്ളത്. നാല് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുക. ക്രൂസ് ടൂറിസത്തിനും സമുദ്ര വ്യാപാരത്തിനും തുറമുഖത്തെ ഒരു പ്രധാന ലക്ഷ്യസ്ഥാനമായി സ്ഥാപിക്കുന്നതിന് വിശദമായ ഒരു മാർക്കറ്റിങ് തന്ത്രമാണ് വികസിപ്പിക്കുന്നത്.
തുറമുഖത്തിന്റെ മത്സരശേഷിയും ക്രൂസ് ടൂറിസം വളർച്ചയും വർധിപ്പിക്കുന്നതിനും, സന്ദർശക കപ്പലുകൾക്കുള്ള ലോജിസ്റ്റിക്സും സമുദ്ര സേവനങ്ങളും വികസിപ്പിക്കുന്നതിനും ഈ സംരംഭം സഹായിക്കുമെന്നാണ് കരുതുന്നത്. സുൽത്താൻ ഖാബൂസ് തുറമുഖത്തിന്റെ ക്രൂസ് ടെർമിനൽ നവീകരണവും നടന്നുവരുന്നു. ഇവിടെ എത്തുന്ന വിനോദസഞ്ചാരികളുടെ വർധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനും അവരുടെ അനുഭവം വർധിപ്പിക്കുന്നതിനുമാണ് ടെർമിനൽ നവീകരിക്കുന്നത്.
2018 ജനുവരി ഒന്നുമുതൽ സുൽത്താൻ ഖാബൂസ് തുറമുഖത്തിന്റെ പ്രവർത്തനവും നിയന്ത്രണവും അസ്യാദ് പോർട്ട്സാണ് നടത്തി വരുന്നത്. ക്രൂസ് കപ്പലിലെത്തുന്ന സഞ്ചാരികളുടെ സുൽത്താനേറ്റിലേക്കുള്ള ആദ്യ സ്വാഗതകേന്ദ്രമാണ് സുൽത്താൻ ഖാബൂസ് പോർട്ടലിലെ ക്രൂസ് ടെർമിനൽ കെട്ടിടം. ഒക്ടോബർ മുതൽ ഏപ്രിൽ അവസാനം വരെയാണ് ഒമാനിലെ ക്രൂസ് കപ്പൽ സീസൺ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

