റമദാനെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങി
text_fieldsമസ്കത്ത്: വിശുദ്ധ റമദാൻ ആരംഭിക്കാൻ ദിനരാത്രങ്ങൾ മാത്രം ശേഷിക്കെ വരവേൽക്കാനായി നാടും നഗരവും ഒരുങ്ങി. റമദാന്റെ ഭാഗമായ ഒരുക്കങ്ങൾ സ്വദേശികൾ ഏറെ നേരത്തെതന്നെ ആരംഭിച്ചിരുന്നു. റമദാനിൽ ഉപയോഗിക്കാനുള്ള ഈത്തപ്പഴവും കഹ്വയുടെ ചേരുവയുമൊക്കെ നേരത്തെതന്നെ ഒരുക്കിവെച്ചിട്ടുണ്ട്.
ഈ റമദാൻ സീസൺ അല്ലാത്തതിനാൽ കഴിഞ്ഞവർഷത്തെ ഈത്തപ്പഴമാണ് ഉപയോഗിക്കുക. ഈത്തപ്പഴത്തിന്റെ കുരുക്കൾ മാറ്റി വിവിധതരം ജീരകങ്ങൾ അടക്കമുള്ള രുചിക്കൂട്ടുകൾ ചേർത്ത് സ്വദേശി വീടുകളിൽ ഇത് സജ്ജമാക്കിക്കഴിഞ്ഞു. നിരവധി ചേരുവകൾ ഇടിച്ചുചേർത്താണ് ഒമാനികളുടെ വിശിഷ്ട പാനീയമായ കഹ്വ കൂട്ടുണ്ടാക്കുന്നത്. പ്രാർഥനക്കെത്തുന്നവർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കി മസ്ജിദുകളും ഒരുങ്ങിയിട്ടുണ്ട്. മുൻ വർഷത്തെ അപേക്ഷിച്ച് പൂർണമായി കോവിഡ് മുക്തമായ റമദാൻ കൂടിയാണിത്. കഴിഞ്ഞ മൂന്ന് വർഷമായി മുടങ്ങിക്കിടക്കുന്ന മസ്ജിദ് ഇഫ്താറുകൾ ഈ വർഷം പുനരാരംഭിക്കുമെന്ന പ്രതീക്ഷയിലാണ് പലരും.
റമദാൻ പടിവാതിൽക്കലെത്തിനിൽക്കെ ഒമാനി വീടുകളിലും വലിയ ഒരുക്കങ്ങൾ നടക്കുകയാണ്. വീടുകൾ വൃത്തിയാക്കലും അലങ്കരിക്കലും പുരോഗമിക്കുകയാണ്. പാത്രങ്ങളും മറ്റ് വീട്ടുപകരണങ്ങളും വാങ്ങുന്നവരും നിരവധിയാണ്. മത്ര സൂഖ് അടക്കമുള്ള വ്യാപാരകേന്ദ്രങ്ങളിൽ തിരക്ക് വർധിച്ചിട്ടുണ്ട്. എന്നാൽ, വ്യാപാരം മുൻകാലങ്ങളെ അപേക്ഷിച്ച് കുറവാണെന്ന് വ്യാപാരികൾ പറയുന്നു. റമദാൻ വിപണി മുന്നിൽ കണ്ട് വ്യാപാരികൾ ഉൽപന്നങ്ങൾ ഇറക്കിയെങ്കിലും കാര്യമായ വ്യാപാരം നടക്കുന്നില്ലത്രെ. ഇപ്പോൾ ഇത്തരം സാധനങ്ങൾക്ക് ഹൈപർ മാർക്കറ്റുകളെ ആശ്രയിക്കുന്നവരും വർധിച്ചിട്ടുണ്ട്. എന്നാൽ, മത്ര സൂഖിൽ വസ്ത്രങ്ങൾ തുന്നുകയും മറ്റും ചെയ്യുന്ന വ്യാപാരകേന്ദ്രങ്ങളിൽ നല്ലതിരക്കാണ് ഇപ്പോൾ അനുഭവപ്പെടുന്നത്.
വീട്ടുപകരണങ്ങളും മറ്റും വാങ്ങിക്കൂട്ടുന്നതും പഴയതും കേടുവന്നതുമായ വീട്ടുപകരണങ്ങൾ മാറ്റുന്നതും റമദാനിലാണ്. ഫ്ലാസ്കുൾ, ബൗളുകൾ, ചെമ്പുപാത്രങ്ങൾ, സ്റ്റീൽ പാത്രങ്ങൾ, ഭക്ഷ്യവസ്തുക്കൾ ചൂട് ആറാതെ സൂക്ഷിക്കുന്ന കാസ്ട്രോൾ, കുക്കർ, ചായ കപ്പുകൾ, കഹ്വ കപ്പുകൾ, വലിയ തളികകൾ തുടങ്ങിയവയാണ് റമദാനിൽ സാധാരണ വിറ്റഴിക്കപ്പെടുന്നത്. ഭക്ഷ്യവസ്തുക്കൾ ഉണ്ടാക്കുന്ന ഗ്രില്ലുകൾ, കേക്കുകൾ, ഡോനറ്റ്, ഫലാഫിൽ, തുടങ്ങിയവ ഉണ്ടാക്കുന്ന മെഷീനുകൾ എന്നിവയും വിൽക്കപ്പെടാറുണ്ട്.
റമദാനെ വരവേൽക്കുന്നതിന്റെ ഭാഗാമയി ഹൈപർ മാക്കറ്റുകളിലും മറ്റും ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. റമദാൻ ഉൽപന്നങ്ങൾക്കും മറ്റും പ്രത്യേക ഓഫറുകളാണ് ഒമാനിലെ വിവിധ ഹൈപർ മാർക്കറ്റുകൾ നൽകുന്നത്. റമദാനിലെ ഭക്ഷ്യ ഉൽപന്നങ്ങൾക്കും ഈത്തപ്പഴങ്ങൾക്കും വീട്ടുപകരണങ്ങൾക്കുമൊക്കെയാണ് ഓഫർ നിലവിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

