ഉപഭോക്തൃ സംരക്ഷണ അതോറിറ്റിക്ക് ലഭിച്ചത് 16,915 പരാതികൾ
text_fieldsമസ്കത്ത്: ഉപഭോക്തൃ സംരക്ഷണ അതോറിറ്റിക്ക് ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ ലഭിച്ചത് 16,915 പരാതികൾ. റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കേസുകളിൽ പകുതിയിലധികവും മസ്കത്തിലാണ്. മസ്കത്തിൽ ഉപഭോക്താക്കൾക്ക് ക്യു.ആർ സ്കാൻ ഉപയോഗിച്ച് പരാതികൾ സമർപ്പിക്കാനുള്ള പുതിയ സൗകര്യം വാണിജ്യ സ്റ്റോറുകളിൽ സി.പി.എ അടുത്തിടെ ഒരുക്കിയിരുന്നു.
അതോറിറ്റിയുടെ ഇക്കണോമിക് ഡേറ്റ ആൻഡ് ഇൻഫർമേഷൻ വകുപ്പ് പുറത്തിറക്കിയ പുതിയ സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ടിലാണ് പരാതികളുടെ എണ്ണമുള്ളത്. ഉയർന്ന ജനസാന്ദ്രതയും കൂടുതൽ വാണിജ്യപ്രവർത്തനവുമുള്ള മസ്കത്ത് ഗവർണറേറ്റിലാണ് ഏറ്റവും കൂടുതൽ പരാതികൾ രേഖപ്പെടുത്തിയത്. 9,515 പരാതികളാണ് മസ്കത്തിൽനിന്ന് മാത്രം വന്നത്. അതായത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കേസുകളിൽ പകുതിയിലധികവും മസ്കത്തിലാണ്. 2,539 പരാതികളുമായി വടക്കൻ ബാത്തിന ഗവർണറേറ്റും 1,107 പരാതികളുമായി തെക്കൻ ബാത്തിനയും തൊട്ടുപിന്നാലെയുണ്ട്.
തെക്കൻ ശർഖിയയിൽ 719 പരാതികളും ദാഖിലിയയിൽ 681 പരാതികളും ദോഫാറിൽ 555 പരാതികളും ലഭിച്ചു. അതേസമയം, മസ്കത്തിലെ ഉപഭോക്താക്കൾക്ക് ക്യു.ആർ സ്കാൻ ഉപയോഗിച്ച് പരാതികൾ സമർപ്പിക്കാനുള്ള സൗകര്യം ഉപഭോക്തൃസംരക്ഷണ അതോറിറ്റി ഒരുക്കി.
രണ്ട് തരം ക്യു.ആർ കോഡുകൾ ആണ് വിവിധ വാണിജ്യ സ്റ്റോറുകളിൽ വിതരണം ചെയ്യുന്നത്. ആദ്യ കോഡ് ഉപഭോക്താക്കളെ അതോറിറ്റിയുടെ സേവനങ്ങളുമായി നേരിട്ട് ബന്ധിപ്പിക്കുക വഴി റിപ്പോർട്ടുകളും അഭിപ്രായങ്ങളും എളുപ്പത്തിൽ സമർപ്പിക്കാം. രണ്ടാമത്തെ കോഡ് അതോറിറ്റിയുടെ ജുഡീഷ്യൽ എൻഫോഴ്സ്മെന്റ് ഓഫിസർമാർക്ക് മാത്രമായുള്ളതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

