സൈക്കിൾ പൂരാവേശത്തിലേക്ക് നഗരം; മസ്കത്ത് ക്ലാസിക് ഇന്ന്
text_fieldsമസ്കത്ത് ക്ലാസിക് റേസിൽനിന്നുള്ള ദൃശ്യം (ഫയൽ)
മസ്കത്ത്: അന്താരാഷ്ട്ര സൈക്ലിങ് കലണ്ടറിൽ ഒമാനെ അടയാളപ്പെടുത്തുന്ന ടൂർ ഓഫ് ഒമാന്റെ 15ാം പതിപ്പിന് വെള്ളിയാഴ്ച മസ്കത്ത് ക്ലാസിക്കോടെ ഔപചാരിക തുടക്കമാവും. ലോകത്തെ മുൻനിര സൈക്ലിസ്റ്റുകൾ പങ്കാളികളാകുന്ന പ്രധാന കായികമേളകളിലൊന്നായി വളരുകയാണ് ടൂർ ഓഫ് ഒമാൻ. വെള്ളിയാഴ്ച നടക്കുന്ന മസ്കത്ത് ക്ലാസിക് യു.സി.ഐ പ്രോ സീരീസ് കലണ്ടറിലുള്പ്പെട്ടിരിക്കുന്ന മത്സരം കൂടിയാണ്.
ടൂർ ഓഫ് ഒമാനിൽ പങ്കെടുക്കുന്ന സൈക്ലിസ്റ്റുകൾ (ഫയൽ)
അൽ മൗജിൽ നിന്ന് അൽ ബുസ്താൻ വരെ 179.16 കിലോമീറ്റർ ദൈർഘ്യമുള്ള കടുപ്പമേറിയ റൂട്ടിലൂടെയാണ് മത്സരം. തീരദേശ അതിവേഗ പാതകളും കഠിനപാതകളും ചേർന്ന റൂട്ട്, സൈക്ലിസ്റ്റുകളുടെ സഹനശേഷിയും കഴിവുകളും പരീക്ഷിക്കും. ചരിത്രത്തിൽ ആദ്യമായി ഒമാനി സൈക്ലിസ്റ്റുകൾ മസ്കത്ത് ക്ലാസിക്കിൽ പങ്കെടുക്കുന്നുവെന്നതും ശ്രദ്ധേയമാണ്. അന്താരാഷ്ട്ര മത്സര പരിചയം നേടുക എന്ന ലക്ഷ്യത്തോടെയാണ് ഒമാനി സൈക്ലിസ്റ്റുകൾ മസ്കത്ത് ക്ലാസിക്കിന്റെ നാലാം എഡിഷനിൽ അണിനിരക്കുന്നത്. ഇത്തവണ18 ടീമുകളിലായി 146 റൈഡർമാർ പങ്കെടുക്കും.
2010ൽ ആരംഭിച്ച ടൂർ ഓഫ് ഒമാൻ, ലോകമെമ്പാടുമുള്ള പ്രഫഷനൽ ടീമുകൾക്ക് സീസണിന്റെ തുടക്കത്തിലെ പ്രധാന മത്സരമായി അംഗീകാരം നേടിയിട്ടുണ്ട്. ശനിയാഴ്ചയാണ് പ്രധാന മത്സര ഘട്ടങ്ങൾ ആരംഭിക്കുക. ആദ്യ ഘട്ടത്തിൽ അൽ ഖുവൈറിലെ കൊടിമരം മുതൽ ഖുറയ്യാത്തിലെ ഹാവിയത്ത് നജം വരെ 174.83 കി.മീറ്റർ ദൂരം പിന്നിടും. ഞായറാഴ്ച നടക്കുന്ന രണ്ടാം ഘട്ടം സമൈലിലെ അൽ ഫൈഹയിൽ നിന്ന് ആരംഭിച്ച് അൽ ഹംറയിലെ ജബൽ അൽ ശർഖി വരെ നീളുന്ന 193.44 കി.മീറ്ററാണ്. റുസ്താഖ് കോട്ടയിൽ നിന്ന് ഇതി ഹൈറ്റ്സ് വരെ 194.96 കി.മീറ്റർ ദൈർഘ്യമുള്ളതാണ് തിങ്കളാഴ്ച നടക്കുന്ന മൂന്നാം ഘട്ട മൽസരം. ചൊവ്വാഴ്ച നാലാം ഘട്ടം ബർക്കയിലെ അൽ സവാദി ബീച്ചിൽ നിന്ന് സുഹാർ വരെ 151.26 കിലോമീറ്റർ ദൂരം പിന്നിടും. ബുധനാഴ്ച നടക്കുന്ന ക്വീൻ സ്റ്റേജ് നിസ്വയിൽ നിന്ന് ജബൽ അൽ അഖ്ദർ വരെ 159.270 കി.മീറ്റർ ദൈർഘ്യമുള്ളതാണ്. മത്സരത്തിന്റെ യഥാർഥ പരീക്ഷണഘട്ടമെന്ന നിലയിലാണ് അഞ്ചാം ഘട്ടം കണക്കാക്കപ്പെടുന്നത്.
‘ടൂർ ഓഫ് ഒമാനിന്റെ 15-ാം പതിപ്പാണിതെന്നും വൈവിധ്യമാർന്ന ഭൂപ്രകൃതിയും മികച്ച റോഡ് അടിസ്ഥാനസൗകര്യങ്ങളും ഒമാനെ സൈക്ലിങ്ങിനുള്ള അനുയോജ്യമായ ഇടമാക്കുന്നതായി ഒമാൻ സൈക്ലിങ് ഫെഡറേഷൻ ചെയർമാനും ഏഷ്യൻ സൈക്ലിങ് ഫെഡറേഷൻ വൈസ് പ്രസിഡന്റുമായ സൈഫ് അൽ റുഷൈദി പറഞ്ഞു. മസ്കത്ത് ക്ലാസിക് ഇപ്പോൾ അന്താരാഷ്ട്ര മത്സരമായി ഉയർത്തപ്പെട്ടതായും വ്യാഴാഴ്ച ഗ്രാൻഡ് ഹോർമുസ് ഹോട്ടലിൽ നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. മലനിരകളും സമതലപാതകളും ചേർന്ന റൂട്ടുകൾ വലിയ മത്സരങ്ങൾക്ക് തയാറെടുക്കുന്ന സൈക്ലിസ്റ്റുകൾക്ക് ഏറെ സഹായകരമാണെന്നും സുരക്ഷയും സംഘാടനവും ഉന്നത നിലവാരത്തിലണെന്നും എ.എസ്.ഒയിലെ സൈക്ലിങ് ഡെപ്യൂട്ടി ഡയറക്ടർ പിയർ-ഇവ് തുവോപറഞ്ഞു.
ജബൽ അൽ അഖ്ദറിലേക്കുള്ള അന്തിമ ഘട്ടം തന്നെയാകും ഇത്തവണയും മത്സരത്തിന്റെ വിധി നിർണയിക്കുയെന്ന് റേസ് ഡയറക്ടർ ഫ്രാങ്ക് പെർക്ക്യൂ പറഞ്ഞു. സാംസ്കാരിക, കായിക, യുവജന മന്ത്രാലയ പ്രതിനിധി ഇഷാഖ് അൽ ബലൂഷി, യു.എ.ഇ ടീം എമിറേറ്റ്സ്-എക്സ്ആർജിയിലെ ആഡം യേറ്റ്സ്, ഒമാനി സൈക്ലിസ്റ്റുകളായ മുഹമ്മദ് അൽ വഹൈബി, സൈദ് അൽ റഹ്ബി തുടങ്ങിയവർ വാർത്താമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

