ഒമാൻ സന്ദർശനം പൂർത്തിയാക്കി മുഖ്യമന്ത്രി മടങ്ങി
text_fieldsസലാലയിൽ ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗം സംഘടിപ്പിച്ച പ്രവാസോത്സവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നു
സലാല: മൂന്നുദിവത്തെ ഒമാൻ സന്ദർശനം പൂർത്തിയാക്കി കേരള മുഖ്യമന്ത്രി പിണറായി വിജയൻ മടങ്ങി. വ്യാഴാഴ്ചയായിരുന്നു മുഖ്യമന്ത്രിയുടെ മസ്കത്തിലേക്കുള്ള വരവ്. 26 വർഷത്തിനുശേഷം ഒരു കേരള മുഖ്യമന്ത്രിയുടെ സന്ദർശനം കൂടിയായിരുന്നു ഇത്. തുടർന്ന് വെള്ളിയാഴ്ച ഇന്ത്യൻ സോഷ്യൽ ക്ലബ് കേരളവിഭാഗം സംഘടിപ്പിച്ച ഇന്ത്യൻ കമ്യൂണിറ്റി ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രിയെ ഘോഷയാത്രയുടെ അകമ്പടിയിൽ മസ്കത്തിലെ പ്രവാസിസമൂഹം വരവേറ്റു. മസ്കത്തിൽ സുദീർഘമായ തന്റെ പ്രസംഗത്തിൽ കേരള സർക്കാറിന്റെ ഭരണനേട്ടങ്ങളും പ്രവാസികൾക്കായുള്ള പ്രത്യേക പദ്ധതികളും എണ്ണിപ്പറഞ്ഞ മുഖ്യമന്ത്രി, വികസനത്തുടർച്ചക്ക് ഭരണത്തുടർച്ച ഓർമിപ്പിച്ചാണ് പ്രസംഗം അവസാനിപ്പിച്ചത്. ശനിയാഴ്ച സലാലയിലായിരുന്നു മുഖ്യമന്ത്രിയുടെ ചരിത്രസന്ദർശനം. സലാലയിലെത്തുന്ന ആദ്യ കേരള മുഖ്യമന്ത്രികൂടിയാണ് പിണറായി വിജയൻ.
ശനിയാഴ്ച രാത്രി ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗം സംഘടിപ്പിച്ച പ്രവാസോത്സവത്തിൽ മുഖ്യമന്ത്രി പങ്കെടുത്തു. റോയൽ ഒമാൻ പൊലീസിന്റെ അകമ്പടി വാഹനത്തോടൊപ്പം അൽ ഇത്തിഹാദ് മൈതാനിയിൽ വന്നിറങ്ങിയ മുഖ്യമന്ത്രിയെയും സംഘത്തെയും ഒമാനി വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് സലാലയിലെ പ്രവാസികൾ വവേറ്റത്. പരിപാടിയിൽ മലയളം മിഷൻ സലാല ചാപ്റ്റർ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു. കേരള സാംസ്കാരിക മന്ത്രി സജി ചെറിയാൻ, ലുലു ഗ്രൂപ് ചെയർമാനും നോർക്ക റൂട്ട്സ് വൈസ് ചെയർമാനുമായ എം.എ. യൂസുഫലി തുടങ്ങിയവർ സംബന്ധിച്ചു. ആയിരക്കണക്കിന് പ്രവാസികളാണ് മുഖ്യമന്ത്രിയെ ശ്രവിക്കാൻ എത്തിയത്.
പ്രവാസോത്സവത്തിൽ മുഖ്യപ്രഭാഷണം നിർവഹിച്ച മുഖ്യമന്ത്രി, കഴിഞ്ഞ ഒമ്പത് വർഷമായി കേരളത്തിൽ കൊണ്ടുവരാൻ ശ്രമിച്ച വികസനങ്ങളെ കുറിച്ചാണ് പ്രധാനമായും സംസാരിച്ചത്. വിദ്യാഭ്യാസം, ആരോഗ്യം, ജനക്ഷേമം തുടങ്ങി ഓരോ മേഖലകളിലും നടപ്പാക്കിയ പദ്ധതികളിൽ അതിന്റെ ദേശീയ ശരാശരിയെക്കാൾ മുകളിലാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു. 3000 ഏക്കർ സ്ഥലമെടുത്ത് വിവിധ സംരംഭങ്ങൾ ആരംഭിക്കേണ്ടതുണ്ട്. അതിന് ഈ സർക്കാറിന്റെ തുടർച്ചയുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
ജനറൽ കൺവീനർ എ.കെ. പവിത്രന്റെ സ്വാഗതത്തോടെ ആരംഭിച്ച പരിപാടിയിൽ സ്വാഗതസംഘം ചെയർമാൻ അംബുജാക്ഷൻ മയ്യിൽ അധ്യക്ഷത വഹിച്ചു. സലാലയിൽ നിന്ന് നേരിട്ടുള്ള സർവിസുകൾ നിർത്തലാക്കിയ എയർ ഇന്ത്യ എക്സ്പ്രസിന്റെ നടപടിയിലുള്ള പ്രതിഷേധം അദ്ദേഹം രേഖപ്പെടുത്തി. മുഖ്യമന്ത്രി ഇതിൽ ഇടപെട്ടിട്ടുണ്ട്. ഈ വിഷയത്തിൽ നിരന്തരമായ ഫോളോ അപ് ഉണ്ടാകണമെന്നും അദ്ദേഹം അഭ്യർഥിച്ചു. ഡോ. ഷാജി പി. ശ്രീധർ മലയാളം മിഷനെ പരിചയപ്പെടുത്തി സംസാരിച്ചു.
തുടർന്ന് മലയാളം മിഷൻ സലാല ചപ്റ്ററിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു. മലയാളം മിഷന് നല്ല തുടർച്ച ഉണ്ടാകണമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി, സംസ്ഥാന ചീഫ് സെക്രട്ടറി ജയതിലക് തുടങ്ങിയവർ തുടർന്ന് സംസാരിച്ചു. സ്വദേശി പ്രമുഖരും ചടങ്ങിൽ പങ്കെടുത്തിരുന്നു.
പിന്നീട് ഒരു മണിക്കൂറോളം മുഖ്യമന്ത്രി പ്രവാസികളുമായി സംവദിച്ചു. അതിഥികൾക്ക് മെമന്റോ സമ്മാനിച്ചു. ഡോ. കെ. സനാതനൻ, രാകേഷ് കുമാർ ജാ എന്നിവർ ആശംസ നേർന്നു. ഷമീമ അൻസാരി നന്ദി പറഞ്ഞു. സംഘഗാനവും വിവിധ നൃത്തങ്ങളും അരങ്ങേറി. കേരള വിങ് കൺവീനർ സനീഷ് ചക്കരക്കൽ, ലോക കേരള സഭാംഗങ്ങളായ പവിത്രൻ കാരായി, ഹേമ ഗംഗാധരൻ, കൈരളി സലാല ഭരവാഹികളായ ലിജോ ലാസർ, മൻസൂർ പട്ടാമ്പി എന്നിവരും സംബന്ധിച്ചു. ഡോ. ഹൃദ്യ എസ്. മേനോൻ, ഡോ. കാർത്തിക എന്നിവർ അവതാരകരായി. നേരത്തേ വിവിധ കൂട്ടായ്മകളുടെ പ്രതിനിധികൾ മുഖ്യമന്ത്രിക്ക് നിവേദനങ്ങൾ നൽകിയിരുന്നു. ഒമാൻ സന്ദർശനം പുർത്തിയാക്കി മുഖ്യമന്ത്രി രാത്രിയോടെ സലാലയിൽനിന്ന് മടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

