വർഷം മുഴുവൻ ദോഫാറിൽ ആഘോഷങ്ങൾ നിലക്കുന്നില്ല
text_fieldsഖരീഫ് സീസണിൽ പച്ച പുതച്ച ദോഫാറിലെ പ്രദേശങ്ങളിലൊന്ന്
മസ്കത്ത്: ഖരീഫ് സീസണിന് ശേഷവും ദോഫാറിനെ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാക്കി നിലനിർത്താൻ പരിപാടികളുമായി അധികൃതർ. വസന്തകാലത്തെയും ശീതകാലത്തെയും വരവേൽക്കുന്നതിനായി വരും ദിവസങ്ങളിൽ നിരവധി പരിപാടികളും പ്രവർത്തനങ്ങളുമാണ് പൈതൃക ടൂറിസം മന്ത്രാലയം ആസൂത്രണം ചെയ്തിട്ടുള്ളത്. വർഷം മുഴുവൻ ദോഫാറിനെ ടൂറിസ്റ്റ് കേന്ദ്രമാക്കി നിലനിർത്തുന്നതിന്‍റെ ഭാഗമായാണ് പരിപാടികൾ ഒരുക്കുന്നത്. മൺസൂണിന് ശേഷം വന്നണയുന്ന 'സർബ്' സീസണിനോടനുബന്ധിച്ച് വ്യത്യസ്തങ്ങളായ പരിപാടികളാണ് അണിയറയിൽ അധികൃതർ ആസൂത്രണം ചെയ്തിട്ടുള്ളത്. വസന്തകാലത്തിന് പ്രാദേശികമായി പറയുന്ന പേരാണ് സർബ്.
'സർബ്' സീസൺ സെപ്റ്റംബർ അവസാന വാരം ആരംഭിച്ച് ഡിസംബർ അവസാനവാരംവരെ തുടരും. ഇക്കാലയളവിൽ വിനോദ സഞ്ചാരികൾക്ക് ഏറെ പ്രിയമുള്ള കാലാവസ്ഥയായിരിക്കും ഇത്.
സർബ് ഉത്സവത്തോടനുബന്ധിച്ച് ദോഫാറിലെ വിവിധയിടങ്ങളിൽ കലാ സാംസ്‌കാരിക പരിപാടികൾ, കായിക മത്സരങ്ങൾ തുടങ്ങിയവ അരങ്ങേറും. ദോഫാർ മുനിസിപ്പാലിറ്റിയുടെയും ഒമാൻ സൈക്ലിങ് അസോസിയേഷന്റെയും സഹകരണത്തോടെ മന്ത്രാലയം സലാല സൈക്ലിങ് ടൂർ സംഘടിപ്പിക്കുമെന്ന് ദോഫാറിലെ ഹെറിറ്റേജ് ആൻഡ് ടൂറിസം ഡയറക്ടറേറ്റ് ഡയറക്ടർ ജനറൽ ഖാലിദ് ബിൻ അബ്ദുല്ല അൽ അബ്രി അറിയിച്ചു. സെപ്റ്റംബർ പകുതിയോടെ ഇത് ആരംഭിക്കും. സെപ്റ്റംബർ 22 മുതൽ 24വരെ അയൺ മാൻ ഇവന്റും നടക്കും. 1.9 കി.മീ നീന്തൽ, 90 കി.മീ സൈക്ലിങ്, 21 കി.മീ ഓട്ടം എന്നിങ്ങനെ മൂന്ന് മത്സരങ്ങൾ ഉൾക്കൊള്ളുന്ന അയൺമാനിൽ 78 രാജ്യങ്ങളിൽ നിന്നുള്ള 750 ലധികം മത്സരാർഥികൾ പങ്കെടുക്കുമെന്ന് അബ്രി പറഞ്ഞു. സുൽത്താനേറ്റിലെയും വിദേശത്തെയും ഫോട്ടോഗ്രാഫർമാർക്കായി പ്രത്യേക പരിപാടിയും സംഘടിപ്പിക്കും. മന്ത്രാലയം ഒക്ടോബറിൽ സംഹാര ആർക്കിയോളജിക്കൽ പാർക്കിൽ ഫ്രാങ്കിൻസൺ സീസൺ പരിപാടിയും 2023 ജനുവരിയിൽ എംപ്റ്റി ക്വാർട്ടർ ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പും നടത്തും.
ദോഫാർ മുനിസിപ്പാലിറ്റിയും ഒമ്രാൻ ഗ്രൂപ്പുമായി സഹകരിച്ച് മന്ത്രാലയം ദോഫാറിൽ നിരവധി പുതിയ ടൂറിസം പദ്ധതികൾ നടപ്പാക്കുന്നുണ്ട്. ഹമ്രീർ തലാലത്ത് പദ്ധതി, ഐൻ ഗാർസിസ് വികസന പദ്ധതി, ഇത്തീൻ ഗാർഡൻസ് ക്യാമ്പിങ് സൈറ്റ് പദ്ധതി, മുഗ്സൈൽ ബീച്ച് പദ്ധതി എന്നിവ അതിൽ ചിലതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

