മലയാളി നഴ്സിെൻറ മൃതദേഹം സംസ്കരിച്ചു
text_fieldsസിസ്റ്റർ ബ്ലെസിയുടെ സംസ്കാര ചടങ്ങിൽനിന്ന്
മസ്കത്ത്: ജീവിതസ്വപ്നങ്ങളുമായി കടൽ കടന്നെത്തിയ മണ്ണിൽ ഒടുവിൽ ബ്ലെസിക്ക് അന്ത്യനിദ്ര. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച മലയാളി നഴ്സ് പത്തനംതിട്ട സ്വദേശി ബ്ലെസി സാമിെൻറ മൃതദേഹം വ്യാഴാഴ്ച വൈകീട്ട് മൂന്നു മണിക്ക് ഖുറം റാസ് അൽ ഹംറയിലെ ക്രിസ്ത്യൻ സെമിത്തേരിയിൽ സംസ്കരിച്ചു. വാദികബീറിലെ ഫ്ലാറ്റിൽ വീട്ടുനിരീക്ഷണത്തിലായതിനാൽ ഭർത്താവ് സാം ജോർജും മക്കളായ കെസിയയും കെവിനും സംസ്കാര ചടങ്ങിൽ പെങ്കടുത്തില്ല.
കുടുംബസുഹൃത്തുക്കളുടെയും സഭാംഗങ്ങളുടെയും നേതൃത്വത്തിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്.
നാട്ടിലുള്ള ബന്ധുക്കൾക്കും മറ്റും കാണുന്നതിനായി സംസ്കാര ചടങ്ങുകളുടെ വിഡിയോ ലൈവും ഉണ്ടായിരുന്നു.
കോവിഡ് ബാധിച്ച് മരിക്കുന്ന ഒമാനിലെ ആദ്യ ആരോഗ്യവകുപ്പ് ജീവനക്കാരിയാണ് ബ്ലെസി. സിനാവ് ആശുപത്രിയിലെ കോവിഡ് വാർഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ബ്ലെസി ഏതാണ്ട് ഒരു മാസം മുമ്പാണ് രോഗബാധിതയാകുന്നത്. ലക്ഷണങ്ങൾ മൂർച്ഛിച്ചതിനെ തുടർന്ന് ഇബ്ര ആശുപത്രിയിലും പിന്നീട് ഗുരുതരാവസ്ഥയിൽ റോയൽ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. റോയൽ ആശുപത്രിയിൽവെച്ചാണ് അന്ത്യശ്വാസം വലിക്കുന്നത്.
വെണ്ണിക്കുളം ഇരുമ്പുകുഴി കുമ്പളോലി കുടുംബാംഗമാണ് പരേത. ബ്ലെസി നാലു വർഷം മുമ്പാണ് ആരോഗ്യ മന്ത്രാലയത്തിൽ ജോലിയിൽ പ്രവേശിക്കുന്നത്. വാദി കബീർ ഇന്ത്യൻ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയാണ് മകൾ കെസിയ. മകൻ കെവിൻ രണ്ടാം ക്ലാസിലാണ് പഠിക്കുന്നത്.
ബ്ലെസിയുടെ നിര്യാണത്തിൽ ഒമാൻ ആരോഗ്യവകുപ്പ് അനുശോചനം രേഖപ്പെടുത്തിയിരുന്നു.
കോവിഡിനെതിരായ പോരാട്ടത്തിൽ മുൻനിരയിൽ നിന്ന ബ്ലെസിയുടെ സമർപ്പണത്തിനും നിസ്വാർഥ സേവനത്തിനും അഭിവാദ്യം അർപ്പിക്കുന്നതിനൊപ്പം കുടുംബത്തിന് അനുശോചനം അറിയിക്കുകയും ചെയ്യുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു.
സമർപ്പണ മനോഭാവത്തോടെയും പ്രതിബദ്ധതയോടെയുമുള്ള കോവിഡ് വിരുദ്ധ പോരാട്ടത്തിനൊടുവിൽ ജീവാർപ്പണം നടത്തിയ ബ്ലെസി സാമിന് അഭിവാദ്യങ്ങളും ആദരാഞ്ജലികളും അർപ്പിക്കുന്നതായി ഇന്ത്യൻ എംബസിയും അറിയിച്ചു. ഒമാനിലെ ഇന്ത്യൻ സമൂഹവും കണ്ണീരോടെയാണ് ബ്ലെസിക്ക് യാത്രാമൊഴി നേർന്നത്.
മഹാമാരിയുടെ കാലത്ത് ആരോഗ്യ മേഖലയിൽനിന്നുള്ള രക്തസാക്ഷിയാണ് ബ്ലെസിയെന്ന് പലരും സമൂഹമാധ്യമങ്ങളിൽ കുറിച്ചു.