ഏറ്റവും വലിയ കൊടിമരം; അൽ ഖുവൈർ സ്ക്വയർ നിർമാണം പുരോഗമിക്കുന്നു
text_fieldsനിർമാണം പുരോഗമിക്കുന്ന അൽ ഖുവൈർ സ്ക്വയർ പദ്ധതി
മസ്കത്ത്: രാജ്യത്തെ ഏറ്റവും വലിയ കൊടിമരം ഒരുക്കുന്ന അൽ ഖുവൈർ സ്ക്വയർ പദ്ധതിയുടെ നിർമാണം പുരോഗമിക്കുന്നു. പദ്ധതിയുടെ ഭാഗമായി 126 മീറ്റർ ഉയരമുള്ള കൊടിമരമാണ് മസ്കത്ത് നഗരസഭ നിർമിക്കാൻ ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി ജിൻഡാൽ ശദീദുമായി മുനിസിപ്പാലിറ്റി കരാർ ഒപ്പുവെച്ചിട്ടുണ്ട്.ജിൻഡാൽ ഗ്രൂപ്പിന്റെ ഒമാനിലെ ഉപവിഭാഗമായ ജിൻഡാൽ ശദീദാണ് ഈ പദ്ധതിക്ക് ധനസഹായം നൽകുക. പൊതു-സ്വകാര്യ മേഖലകളുടെ സഹകരണത്തിന്റെ ഭാഗമായാണ് സംരംഭം യാഥാർഥ്യമാക്കുന്നത്.
40 നിലകളുള്ള കെട്ടിടത്തെ മറികടന്ന് ഒമാനിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യനിർമിത ഘടനയായി അൽ ഖുവൈർ സ്ക്വയറിലെ കൊടിമരം നിലകൊള്ളും. 135 ടൺ സ്റ്റീലിലാണ് കൊടിമരം നിർമിക്കുക.കൊടിമരത്തിലെ ഒമാനി പതാകക്ക് 18 മീറ്റർ നീളവും 31.5 മീറ്റർ വീതിയും ഉണ്ടാകും. വിമാനങ്ങൾക്കുള്ള മുന്നറിയിപ്പ് ലൈറ്റ് സംവിധാനവും ഇതിലുണ്ട്. നവംബറിൽ രാജ്യത്തിന്റെ 54മത് ദേശീയ ദിനാഘോഷ വേളയിൽ പുതിയ കൊടിമരത്തിന് മുകളിൽ ഒമാനി പതാക ഉയർത്താനാകുമെന്നാണ് കരുതുന്നത്.
18,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള പദ്ധതിയിൽ നിരവധി വിനോദ സൗകര്യങ്ങളാണ് ഒരുക്കുക. പച്ചപ്പ് നിറഞ്ഞ പ്രദേശങ്ങൾ, ഈന്തപ്പനകൾ, നടപ്പാത, സൈക്ലിങ് പാതകൾ, ഔട്ട്ഡോർ ആർട്ട്സ് ആൻഡ് ക്രാഫ്റ്റ് എക്സിബിഷൻ, സ്കേറ്റ് പാർക്ക് തുടങ്ങയവ കൊടിമരത്തിനൊപ്പമുള്ള ഇതര പദ്ധതികളാണ്. ശുചിമുറികൾ, 107 സ്ഥലങ്ങളുള്ള പാർക്കിങ് സ്ഥലം തുടങ്ങിയ പൊതു സൗകര്യങ്ങളും പദ്ധതിയിൽ ഉണ്ട്. പദ്ധതി പൂർത്തിയാകുന്നതോടെ വിശ്രമത്തിനും ഔട്ട്ഡോർ സ്പോർട്സിനുമുള്ള സങ്കേതമായി മസ്കത്തിന്റെ ഹൃദയഭാഗത്തുള്ള ഈ സ്ഥലം മാറും. ഒമാന്റെ വിഷൻ 2040 ന്റെ ലക്ഷ്യങ്ങൾ നിറവേറ്റാനുള്ള പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള സഹകരണമാണ് ഈ പദ്ധതിയെ വേറിട്ടുനിർത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

