എളിമയുടെ സൗന്ദര്യം
text_fields‘‘നമുക്ക് ഒരു ക്രിസ്മസ് ട്രീയാകാം. അതിന്റെ നിൽപ്പ് ആകാശത്തേക്ക് നോക്കിയാണ്. അതിന്റെ ശിഖരങ്ങൾ ചുറ്റുപാടും പടർന്നുപന്തലിക്കുന്നു. ക്രിസ്മസ് ട്രീയിലെ സമ്മാനങ്ങളും വർണവെളിച്ചങ്ങളും അതിനുവേണ്ടിയല്ല; മറ്റുള്ളവർക്ക് വേണ്ടിയാണ്. അതുപോലെ, ജീവിതത്തിൽ നമ്മൾക്കുള്ള വരദാനങ്ങൾ എല്ലാം മറ്റുള്ളവർക്ക് വേണ്ടിയാകട്ടെ....’’
ക്രിസ്മസ് ദിനം യഥാർഥ ജീവൻ ചരിത്രത്തിലേക്ക് പ്രവേശിച്ചതിന്റെ സാക്ഷ്യമാണ്. ഇരുളിൽനിന്ന് വെളിച്ചത്തിലേക്ക് മനുഷ്യമനസിനെ നയിക്കുന്ന പുണ്യത്തിന്റെ ഓർമകളാണ്. ബേത്ലഹേമിലെ കാലിക്കൂട്ടിൽ, കച്ചകളാൽ പൊതിയപ്പെട്ട്, ദൈവത്തിന്റെ മുഖത്ത് നിന്ന് ചൊരിഞ്ഞ വാക്ക് ലോകത്തിന് ജീവനും പ്രകാശവുമായി പിറന്നുവീണു.
സ്വന്തം ശരീരം ഭക്ഷണമായും രക്തം പാനീയമായും പകർന്നേകിയ ത്യാഗമൂർത്തിയാണ് ക്രിസ്തു. കുരുടന് കാഴ്ചയും ബധിരന് കേൾവിയും മുടന്തന് ഓജസ്സും പകർന്നുനൽകിയ അവിടത്തെ വിശുദ്ധസ്നേഹത്തിന് ത്യാഗപൂരിതമായ കുരിശുമരണമാണ് പ്രതിഫലമായി ലഭിച്ചത്. അപരനുവേണ്ടി, അപരന്റെ സുഖത്തിനുവേണ്ടി ത്യാഗങ്ങൾ ഏറ്റുവാങ്ങുന്നവനിൽ ക്രിസ്തു ഇന്നും ജനിക്കുന്നു.
നമുക്ക് ഒരു ക്രിസ്മസ് ട്രീയാകാം. അതിന്റെ നിൽപ്പ് ആകാശത്തേക്ക് നോക്കിയാണ്. അതിന്റെ ശിഖിരങ്ങൾ ചുറ്റുപാടും പടർന്നുപന്തലിക്കുന്നു.
മഞ്ഞുവീഴുന്ന തണുപ്പുകാലത്ത്, മറ്റു മരങ്ങളെല്ലാം ഇലപൊഴിച്ചു നിൽക്കുമ്പോൾ, ആ മരം നിറയെ എന്തൊക്കെ സമ്മാനങ്ങളാണ്! അത് വർഷത്തിൽ മുഴുവനും പച്ചനിറത്തോടെ ഇരിക്കുന്നു. ഈ ക്രിസ്മസ് ട്രീയിലെ സമ്മാനങ്ങളും വർണവെളിച്ചങ്ങളും അതിനുവേണ്ടിയല്ല; മറ്റുള്ളവർക്ക് വേണ്ടിയാണ്.
അതുപോലെ, ജീവിതത്തിൽ നമ്മൾക്കുള്ള വരദാനങ്ങൾ എല്ലാം മറ്റുള്ളവർക്ക് വേണ്ടിയാകട്ടെ! നമ്മുടെ അരികിലേക്ക് എത്തുന്നവർക്ക് ആ സമ്മാനങ്ങൾ ഹൃദയപൂർവം ദൈവത്തിന്റെ നൽകുന്ന ദൈവത്തിന്റെ സ്നേഹം നിറഞ്ഞ മക്കളായി തീരാം... എല്ലാവർക്കും സ്നേഹം നിറഞ്ഞ ക്രിസ്മസ് ആശംസകൾ...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

