രാഹുൽ ഗാന്ധിയെയും പ്രിയങ്കയെയും അറസ്റ്റ് ചെയ്തത് പ്രതിഷേധാർഹം -ഒ.െഎ.സി.സി
text_fieldsമസ്കത്ത്: ഉത്തർപ്രദേശിലെ ഹഥറാസിൽ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കുട്ടിയുടെ വീട് സന്ദർശിക്കാൻ എത്തിയ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കൈയേറ്റം ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്ത ഉത്തർപ്രദേശ് പൊലീസിെൻറ നടപടിയിൽ ഒ.ഐ.സി.സി ഒമാൻ നാഷനൽ കമ്മിറ്റി പ്രസിഡൻറ് സിദ്ദീഖ് ഹസ്സൻ പ്രതിഷേധം അറിയിച്ചു.
രാജ്യത്തെ നടുക്കുന്ന സംഭവങ്ങൾ അനുദിനം അരങ്ങേറുന്ന സമയത്ത് ജനങ്ങളുടെ സ്വൈര്യ ജീവിതത്തിനും സ്വത്തിനും സംരക്ഷണം ഇല്ല. രാജ്യത്ത് എന്തൊക്കെ നടക്കുന്നു എന്ന് പോലും ആളുകൾക്ക് അറിയാൻ കഴിയാത്ത അവസ്ഥ.
ഇരകളുടെ നീതിക്കായി പോരാടുന്ന പ്രതിപക്ഷത്തെ ക്രൂരമായി അടിച്ചമർത്തുന്ന നിഷ്ഠൂര ഭരണമാണ് നടക്കുന്നത്. രാജ്യത്തെ ഭിന്നിപ്പിച്ച് യഥാർത്ഥ പ്രശ്നങ്ങളിൽനിന്നും ശ്രദ്ധ തിരിക്കാൻ ശ്രമിക്കുകയാണ്. ആസൂത്രിത കൊലകൾ, മാനഭംഗം, കൊള്ളയടി എന്നിങ്ങനെ ഒരുതരത്തിലും ജനങ്ങൾക്ക് ജീവിക്കാൻ കഴിയാത്ത അവസ്ഥയിൽ പ്രതിപക്ഷ നേതാക്കളെ പോലും നിശ്ശബ്ദരാക്കാൻ പൊലീസിനെ ഉപയോഗിക്കുന്ന നടപടിക്കെതിരെ മുഴുവൻ ജനാധിപത്യ വിശ്വാസികളും പ്രതിഷേധിക്കണമെന്നും സിദ്ദീഖ് ഹസ്സൻ ആവശ്യപ്പെട്ടു.