ഒരുക്കം പൂർത്തിയായി; സൂർ മാരിടൈം ഹെറിറ്റേജ് ഫെസ്റ്റിവൽ നാളെ മുതൽ
text_fieldsസൂറിൽനിന്നുള്ള കാഴ്ച
മസ്കത്ത്: സൂർ മാരിടൈം ഹെറിറ്റേജ് ഫെസ്റ്റിവൽ ഫെബ്രുവരി 25 മുതൽ നടക്കും. പൈതൃക വിനോദസഞ്ചാര മന്ത്രാലയം, തെക്കൻ ശർഖിയ ഗവർണറുടെ ഓഫിസുമായി സഹകരിച്ച് നടത്തുന്ന പരിപാടിക്ക് മാർച്ച് ഒമ്പതിനാണ് തിരശ്ശീല വീഴുക. സൂർ വിലായത്തിന്റെ ചരിത്രപരവും സമുദ്രപരവുമായ പൈതൃകവും വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതിൽ അതിന്റെ പങ്കിനെയും രണ്ടാഴ്ചത്തെ ഉത്സവം ഉയർത്തിക്കാട്ടുമെന്ന് ഗവർണറുടെ ഓഫിസിലെ ഉദ്യോഗസ്ഥൻ അറിയിച്ചു.
സമുദ്ര പൈതൃകഗ്രാമം, കരകൗശല വ്യവസായങ്ങൾക്കുള്ള വിഭാഗം, വർക്ക്ഷോപ്പുകൾ, പ്രഭാഷണങ്ങൾ, വിനോദ സാംസ്കാരിക പരിപാടികൾ, കവിത സായാഹ്നങ്ങൾ, ലേസർ ഷോകൾ, ഗെയിമുകൾ, കുട്ടികളുടെ മത്സരങ്ങൾ, തേൻ, ഈത്തപ്പഴ പ്രദർശനം, പരമ്പരാഗത കലാപരിപാടികൾ എന്നിവ ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കും. എല്ലാ പ്രായത്തിലുള്ള വിഭാഗക്കാർക്കും ആസ്വദിക്കാൻ കഴിയുന്ന വിധത്തിലാണ് പരിപാടി രൂപകൽപന ചെയ്തിട്ടുള്ളത്.
പ്രാദേശിക സമുദ്രവിഭവങ്ങളുടെ പ്രദർശനം, വാട്ടർ സ്പോർട്സ്, പാരാഗ്ലൈഡിങ്, കാർണിവെൽ, ഫുഡ് കാർണിവൽ എന്നിവയുമുണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു.
കഴിഞ്ഞ വർഷം 72,000ത്തിലധികം ആളുകളാണ് സൂർ മാരിടൈം ഹെറിറ്റേജ് ഫെസ്റ്റിവലിൽ എത്തിയത്. ഈ വർഷം ഇതിനേക്കാൾ കൂടുതൽ ആളുകൾ എത്തുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

