പിന്നിട്ടത് അറബ് മേഖലയിലെ ഏറ്റവും ചൂടേറിയ വർഷം
text_fieldsമസ്കത്ത്: അറബ് മേഖലയിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ചൂടേറിയ വർഷമാണ് കഴിഞ്ഞുപോയതെന്ന് ലോക കാലാവസ്ഥ സംഘടന (ഡബ്ല്യു.എം.ഒ) റിപ്പോർട്ട്. ആഗോള ശരാശരിയെക്കാൾ ഇരട്ടവേഗത്തിലാണ് മേഖല ചൂടാകുന്നതെന്നും റപ്പോർട്ട് ചൂണ്ടിക്കാട്ടി.
2024ലെ അറബ്മേഖലയിലെ താപനില വിശകലനം ചെയ്താണ് റിപ്പോർട്ട് തയാറാക്കിയത്. ചില പ്രദേശങ്ങളിൽ താപനില 50 ഡിഗ്രി സെൽഷ്യസ് കടന്നതായും ഇതോടൊപ്പം തീവ്രമായ ഉഷ്ണതരംഗങ്ങൾ, വരൾച്ച, അതിമഴ എന്നിവ വർധിച്ചതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഡബ്ല്യു.എം.ഒ പുറത്തിറക്കിയ ‘സ്റ്റേറ്റ് ഓഫ് ദി ക്ലൈമറ്റ് ഇൻ ദി അറബ് റീജൺ 2024’ എന്ന സമഗ്ര റിപ്പോർട്ടിലേതാണ് വിവരങ്ങൾ. അടിയന്തര നടപടികൾ സ്വീകരിക്കാത്ത പക്ഷം കൈകാര്യം ചെയ്യാനാവാത്തത്ര ചൂടുള്ള കാലഘട്ടത്തിലേക്ക് മേഖല കടക്കുകയാണെന്ന് റിപ്പോർട്ട് മുന്നറിയിപ്പുനൽകുന്നു. ദേശീയ കാലാവസ്ഥസേവനങ്ങൾ, കാലാവസ്ഥ കേന്ദ്രങ്ങൾ, യു.എൻ ഏജൻസികൾ, ശാസ്ത്രീയ വിദഗ്ധർ എന്നിവരുടെ ഡാറ്റ അടിസ്ഥാനമാക്കിയുള്ള അറബ് മേഖലക്കായുള്ള ആദ്യത്തെ സമഗ്ര ‘സ്റ്റേറ്റ് ഓഫ് ദി ക്ലൈമറ്റ്’ റിപ്പോർട്ടാണിത്.
1991-2020 അടിസ്ഥാനകാലത്തെക്കാൾ 1.08 ഡിഗ്രി സെൽഷ്യസ് ഉയർന്ന വാർഷിക ശരാശരി താപനിലയാണ് 2024ൽ രേഖപ്പെടുത്തിയത്.
1981 മുതൽ തുടരുന്ന പ്രവണത പ്രകാരം, വടക്കൻ ആഫ്രിക്കയിലും കിഴക്കൻ ആഫ്രിക്കയിലും ചൂട് തരംഗങ്ങൾ നീണ്ടുനിൽക്കുന്നതാണ്.
50 ഡിഗ്രി സെൽഷ്യസ് കടന്ന നിരവധി രാജ്യങ്ങളിൽ ഇത് മനുഷ്യാരോഗ്യത്തെയും പ്രകൃതിസംവിധാനങ്ങളെയും സമ്പദ്വ്യവസ്ഥയെയും ഗുരുതരമായി ബാധിച്ചു.
‘ആഗോള ശരാശരിയെക്കാൾ ഇരട്ടിയാണ് താപനില ഉയരുന്നതെന്നും ഇത് കൈകാര്യം ചെയ്യാൻ അത്യന്തം പ്രയാസമാണെന്നും ഡബ്ല്യു.എം.ഒ സെക്രട്ടറി ജനറൽ സെലെസ്റ്റെ സാവ്ലോ പറഞ്ഞു. 50 ഡിഗ്രി സെൽഷ്യസ് കടന്ന ദൈർഘ്യമേറിയ താപകാലയളവുകൾ സമൂഹങ്ങളെയും സംവിധാനങ്ങളെയും ദോഷകരമായി ബാധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
മൊറോക്കോ, അൾജീരിയ, തുനീഷ്യ തുടങ്ങി പടിഞ്ഞാറൻ ഉത്തരാഫ്രിക്കയിൽ തുടർച്ചയായ ആറുതവണ കാര്യമായ മഴ ലഭിച്ചിരുന്നില്ല. അതേസമയം സൗദി അറേബ്യ, ബഹ്റൈൻ, യു.എ.ഇ പോലുള്ള വരണ്ട രാജ്യങ്ങളിൽ അതിമഴയും മിന്നൽപ്രളയവും വ്യാപകനാശം വിതച്ചതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
2024ൽ അതികാലാവസ്ഥസംഭവങ്ങൾ 38 ലക്ഷം ആളുകളെ ബാധിച്ചു. ചൂട് തരംഗങ്ങളും വെള്ളപ്പൊക്കങ്ങളും മൂലം 300ൽ അധികം പേർ മരിച്ചു. 1980-1999, 2000-2019 കാലയളവുകൾ തമ്മിൽ താരതമ്യം ചെയ്യുമ്പോൾ കാലാവസ്ഥദുരന്തങ്ങളുടെ ആവർത്തനം 83 ശതമാനം വർധിച്ചതായി കണ്ടെത്തി. കാലാവസ്ഥ അപകടസാധ്യതയും അതിന്റെ സാമൂഹിക-സാമ്പത്തിക പ്രത്യാഘാതങ്ങളും മനസ്സിലാക്കുന്നതിൽ മേഖലാപരമായ ഏകോപന പ്രവർത്തനങ്ങൾ ആവശ്യമാണെന്ന് അറബ് ലീഗ് സെക്രട്ടറി ജനറൽ അഹ്മദ് അബുൽ ഗൈത്ത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

