പാകിസ്താനി ചായക്കടയിലെ ആ പ്രോഗ്രസ് റിപ്പോർട്ട്
text_fieldsനമ്മുടെ ചോറും സാമ്പാറുമല്ലാതെ ഒന്നും മനസ്സിന് പിടിക്കില്ല എന്ന എെൻറ ധാരണകളെ മാറ്റിമറിച്ചത് ഗൾഫ് ജീവിതമാണ്. പുഴുക്കലരി കൊണ്ടുള്ള നമ്മുടെ ചോറിനെ 'മോട്ട സെറ്റ്'എന്നും, നേരിയ അരിയുടെ ചോറിനെ 'ബാരിക്ക് സെറ്റ്' എന്നുമാണ് വിളിക്കേണ്ടത് എന്ന് പഠിപ്പിച്ചതും പ്രവാസമാണ്. പരീക്ഷിച്ച് നോക്കാൻ മടിച്ചു നിന്നിരുന്ന പാകിസ്താനി, ഹൈദരാബാദി, മുഗളായ്, അറബി വിഭവങ്ങൾക്ക് അസാമാന്യ സ്വാദാണെന്ന് തിരിച്ചറിവുണ്ടാക്കിയതും ഗൾഫാണ്. പെഷവാരി മട്ടൻ കടായി, ചിക്കൻ അഫ്ഗാനി, വെള്ള നിറമുള്ള ബട്ടർ ചിക്കൻ, ചപ്ലി കബാബ്, ഹൈദരാബാദി ബിരിയാണി അങ്ങനെ ഇനിയും മടുക്കാത്ത കുറേ വിഭവങ്ങളുണ്ട്. ഇതൊക്കെ പറഞ്ഞ് കൊതിപ്പിക്കാനല്ല ഈ കുറിപ്പ്. മൂന്നു വർഷം മുമ്പത്തെ ഒരു അനുഭവം പങ്കുവെക്കാനാണ്.
2016 ൽ മാധ്യമപ്രവർത്തനം മസ്കത്തിൽനിന്ന് വീണ്ടും ദുബൈയിലേക്ക് മാറിയെങ്കിലും ഭാര്യയും മക്കളും ഇപ്പോഴും ഒമാനിലാണ്. മസ്കത്തിൽനിന്ന് ഏകദേശം 180 കിലോമീറ്റർ അകലെ ഇബ്രയിൽ. ഭാര്യ അവിടെ കോളജ് അധ്യാപികയാണ്. മാസത്തിലൊരിക്കലോ, രണ്ട് മാസം കൂടുമ്പോഴോ ദുബൈയിൽനിന്ന് ഏകദേശം ആറു മണിക്കൂർ ഡ്രൈവ് ചെയ്താണ് അവരുടെ അടുെത്തത്താറ്.
രാത്രിയിൽ ഒറ്റക്കായിരിക്കും പലപ്പോഴും യാത്ര. രാത്രി പത്തോടെ ദുബൈയിൽനിന്ന് ഡ്രൈവിങ് തുടങ്ങും. റോഡ് തിരക്ക് കുറയുന്ന സമയം ആയതിനാൽ ഉച്ചത്തിൽ പാട്ടുവെച്ച് ഒപ്പം പാടിയും ഒരു 130 കിലോമീറ്റർ സ്പീഡിൽ ക്രൂയിസും സെറ്റ് ചെയ്ത് പറപ്പിച്ചാൽ ഇബ്രയിലെത്തുമ്പോഴേക്ക് നേരം പുലർന്ന് തുടങ്ങിയിരിക്കും. മൂന്നുവർഷം മുമ്പത്തെ അത്തരമൊരു യാത്ര, നല്ല വിശപ്പ്. സമയം രാത്രി ഒന്ന്ആയിട്ടുണ്ട്. പാതിരാവിൽ റോഡിൽ നിറയുന്ന ട്രക്ക് ഡ്രൈവർമാരെ പ്രതീക്ഷിച്ച് തുറന്നിരിക്കുന്ന കടകളിലാണ് നമ്മുടെ വയറിെൻറ പ്രതീക്ഷ.
ഖദറയിൽ ഹൈവേക്ക് അരികിൽ വെളിച്ചം കണ്ട ഒരു റസ്റ്റാറൻറിന് അരികിൽ വണ്ടി നിർത്തി. പ്രതീക്ഷ തെറ്റിയില്ല ഒരു പാകിസ്താനി റസ്റ്റാറൻറാണ്. നല്ല ബട്ടർ നാനും ചിക്കൻ കടായിയും കിട്ടി. വിശപ്പ് അടങ്ങി, പണം നൽകാനായി കാഷ്യറുടെ അരികിലെത്തിയപ്പോഴാണ് ശ്രദ്ധിച്ചത്. റസ്റ്റാറൻറിെൻറ ചുമരിൽ ഒരു പ്രോഗ്രസ് കാർഡ്, ഒപ്പം ഒരു മെഡലും. സാധാരണ മുനിസിപ്പാലിറ്റിയുടെ ലൈസൻസും മറ്റ് സർട്ടിഫിക്കറ്റുകളും പ്രദർശിപ്പിക്കുന്ന സ്ഥലത്ത് അവയുടെ കൂട്ടത്തിൽ ഈ സ്കൂൾ പ്രോഗ്രസ് റിപ്പോർട്ടിന് എന്തു സ്ഥാനം ? ഇനി കാഷ്യറുടെ സ്കൂൾ പഠനകാലത്തെ പ്രോഗ്രസ് കാർഡായിരിക്കുമോ?
അല്ല, സൂക്ഷിച്ചുനോക്കിയപ്പോൾ സീബ് പാകിസ്താനി സ്കൂളിലെ ഒരു അഞ്ചാം ക്ലാസുകാരെൻറ 2015ലെ പ്രോഗസ് കാർഡാണ്. ബാക്കി തുക വാങ്ങുന്നതിനിടയിൽ ഞാൻ ചോദിച്ചു. ഇതാരുടേതാണ് ഈ പ്രോഗ്രസ് കാർഡ് ? 'വോ മേരാ ബേട്ടാക്കാ കാർഡ് ഹേ..ഭായ്'
മറുപടി കേട്ട് എനിക്ക് ചിരിപൊട്ടി. മകെൻറ അഞ്ചാംക്ലാസിലെ പ്രോഗ്രസ് കാർഡ് ഇങ്ങനെ ചില്ലിട്ട് വെക്കുന്നത് അൽപത്തമല്ലേ എന്ന മട്ടിലായിരുന്നു എെൻറ ചിരി. ഇത് എന്തിനാ ഇവിടെ ഇങ്ങനെ എന്ന ചോദ്യം മുഴുവനാക്കും മുമ്പ് അയാൾ പറഞ്ഞു. 'വോ അഭി ഹമാരാ പാസ് നഹി ഹേ ഭായ് സാബ്'. എെൻറ ചിരി നിലച്ചു. മുഖത്തുണ്ടായിരുന്ന പുച്ഛഭാവത്തിൽ ആ മനുഷ്യൻ നോവിെൻറ കനൽ കോരിയിട്ടിരിക്കുന്നു. അവൻ, ആ മകൻ ഇപ്പോൾ നമുക്കൊപ്പമില്ല, മരിച്ചു പോയിരിക്കുന്നു.
ഇനി എന്തു പറയണമെന്ന് അറിയാതെ ഇടറി നിന്ന എന്നോട് ചെറിയ ഗദ്ഗദത്തോടെ അയാൾ ചിലത് പറഞ്ഞു. വാഹനാപകടമായിരുന്നു. പിന്നോട്ടെടുത്ത സ്കൂൾബസ് തട്ടിയോ മറ്റോ, അപകടം എങ്ങനെ സംഭവിച്ചു എന്ന് അദ്ദേഹം വിശദീകരിച്ചതൊന്നും എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നില്ല. എെൻറ ചിരി അയാളെ വേദനിപ്പിച്ചിട്ടുണ്ടാകില്ലേ, എങ്ങനെ ആ മനുഷ്യനോട് സമാധാനിപ്പിക്കുന്ന ഒരു നല്ലവാക്ക് പറഞ്ഞ് ഇറങ്ങും എന്നതായിരുന്നു മനസ്സിൽ.
വിഷമിക്കരുത്, നാളെ നിങ്ങളെ സ്വർഗത്തിലേക്ക് സ്വാഗതം ചെയ്യാൻ അവനുണ്ടാകും. പ്രാർഥിക്കാം എന്നൊക്കെ പറഞ്ഞ് ഒപ്പിച്ച് ഇറങ്ങുമ്പോൾ പ്രോഗ്രസ്കാർഡ് കണ്ട് ചിരിച്ചുപോയ നിമിഷം എന്നെ വല്ലാതെ അസ്വസ്ഥമാക്കി. പെട്ടെന്ന്, ഞാൻ തിരിച്ചു നടന്നു. ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിച്ചു. അതിനെന്താ എന്ന മട്ടിൽ അദ്ദേഹം ആ പ്രോഗ്രസ് കാർഡിന് മുന്നിൽ ഫോട്ടോക്കായിനിന്നു തന്നു. റസ്റ്റാറൻറിൽ നിന്നിറങ്ങി വാഹനമോടിക്കുമ്പോൾ അയാളും ആ പ്രോഗ്രസ് റിപ്പോർട്ടുമായി വീട്ടിലേക്ക് വരുന്ന മകനുമായിരുന്നു മനസ്സുനിറയെ. വണ്ടിയിൽ പിന്നെ പാട്ട് വെക്കാൻ തോന്നിയില്ല.
അബ്ദുൽ അഹദ് എന്നായിരുന്നു ആ അഞ്ചാം ക്ലാസുകാരെൻറ പേര്. 2015 അവസാനത്തിലായിരുന്നു അപകടം. അതേ വർഷത്തേതാണ് ആ ചുമരിലെ പ്രോഗ്രസ് കാർഡ്. ഒരു പക്ഷേ, ഒപ്പിട്ട് നൽകാനായി അവൻ അവസാനമായി ഉപ്പയെ കാണിച്ച റിപ്പോർട്ടായിരിക്കും അത്. അന്ന് പ്രോഗ്രസ് കാർഡുമായി വന്നപ്പോൾ എന്തായിരിക്കും ആ ഉപ്പ പറഞ്ഞത് ? മാർക്ക് കുറഞ്ഞതിന് ശാസിച്ചിട്ടുണ്ടാകുമോ ? ഇല്ലായിരിക്കും.
എന്തുകൊണ്ടായിരിക്കും മകെൻറ മനോഹരമായ ഫോട്ടോക്ക് പകരം അദ്ദേഹം ആ പ്രോഗ്രസ് കാർഡ് ചില്ലിട്ട് വെച്ചത് ? ഇനിയും താണ്ടേണ്ട നൂറുകണക്കിന് കിലോമീറ്ററിലും ഇത്തരം ചോദ്യങ്ങളിങ്ങനെ മനസ്സിലെത്തി. ഒരുതരത്തിൽ അവെൻറ ചിത്രമില്ലാതിരുന്നത് നന്നായി. കാരണം, ആ യാത്ര അവസാനിക്കുന്നതു വരെ, വർഷങ്ങൾക്കു ശേഷം ഇപ്പോഴും അബ്ദുൽ അഹദ് എന്ന അഞ്ചാംക്ലാസുകാരന് എെൻറ മകെൻറ അതേ മുഖമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

