മനസ്സിൽ മായാതെ ആ തെരഞ്ഞെടുപ്പുകാലം
text_fieldsഷാജഹാൻ, ഫലജ്
സാമൂഹിക വികസന രംഗത്ത് ജനപങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും ആസൂത്രിത വികസനം ഗ്രാമതലത്തില്‍ രൂപപ്പെടുത്തുന്നതിനും അധികാരവികേന്ദ്രീകരണം പ്രാവര്ത്തികമാക്കുന്നതിനുമായുള്ള അവസരങ്ങളാണ് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുകളിലൂടെ ജനങ്ങൾക്ക് ലഭിക്കുന്നത്. പണ്ട് കാലങ്ങളിൽ വീടുകൾ കയറി വോട്ട് അഭ്യർഥിച്ചും നോട്ടീസ് വിതരണം ചെയ്തുമുള്ള ചെലവുകുറഞ്ഞ പ്രചാരണ രീതിയിൽ നിന്നും മാറി, ഇന്ന് സോഷ്യൽ മീഡിയ വരെ പ്രചാരണരംഗം കീഴടക്കിയതായി കാണാം.
1963ൽ നടന്ന തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പാണ് കുഞ്ഞുന്നാളിൽ പറഞ്ഞുകേട്ടിട്ടുള്ള എന്റെ ഓർമകൾ. ജാതിമത പരിഗണനകള്‍ മാറ്റിവെച്ച് കക്ഷിവ്യത്യാസം പോലും നോക്കാതെയുള്ള മത്സരങ്ങളായിരുന്നു അക്കാലത്ത് നടന്നിരുന്നതെന്ന് കേട്ടറിയാം.
നീണ്ട 16 കൊല്ലങ്ങൾക്ക് ശേഷം 1979 ലാണ് പിന്നീടൊരു തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കുന്നത്. അതൊക്കെ സാന്ദർഭികമായി ഓർത്തുപോകുകയായാണ്. മനസ്സിൽ ഇന്നും മായാതെ കിടക്കുന്നുണ്ട് 1963 ലെ ആ മത്സരകാലം. എരുമേലിയാണ് എന്റെ ഗ്രാമ പഞ്ചായത്ത്. പഞ്ചായത്തിലെ ടൗൺ വാർഡിൽ നടന്ന വാശിയേറിയ മത്സരം എന്റെ പിതാവും ഏറ്റവും അടുത്ത കൂട്ടുകാരനും തമ്മിലായിരുന്നു.
ഇരുവരും നാട്ടിലെ സജീവ കോൺഗ്രസ് നേതാക്കൾ. കൂടുതൽ ജനകീയനായിരുന്ന ഞങ്ങളുടെ പിതാവിനായിരുന്നു ആ മത്സരത്തിൽ വിജയം നേടാനായത്. പ്രാദേശികമായി ഇന്നും ഏവർക്കും ഏറ്റവും ആവേശമുൾക്കൊള്ളുന്ന തെരഞ്ഞെടുപ്പാണ് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുകൾ. ബന്ധവും സ്വന്തവും എല്ലാം മാറ്റിവെക്കെപ്പെടുന്ന മാമാങ്കമായി അതിനെ കാണാം. ഒരേ വീട്ടിൽ നിന്ന് ഒരേ മുന്നണിയായും പരസ്പരം ഏറ്റുമുട്ടുന്ന മുന്നണി സ്ഥാനാർഥികളായും ചേരിതിരിഞ്ഞുള്ള പ്രവർത്തനങ്ങളും എല്ലാം അതിന്റെ ഭാഗമായി തീരാറുണ്ട്.
വർഷങ്ങൾക്കിപ്പുറം 1979ൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ഞങ്ങളുടെ തന്നെ വാർഡിൽ യു.ഡി.എഫ് മുന്നണിയുടെ സ്ഥാനാർഥിക്കുവേണ്ടി ഞങ്ങളുടെ പിതാവ് സജീവമായി പ്രവർത്തന രംഗത്തുള്ളപ്പോൾ തന്നെ ഇടതുപക്ഷ സ്ഥാനാർഥിക്കുവേണ്ടി എനിക്കും സജീവമായി പങ്കെടുക്കേണ്ടി വന്നതും വളരെ ആകസ്മികമായിരുന്നു. വാർഡിലെ മുൻ മെംബർ എന്ന നിലയിൽ പിതാവിന്റെ സാന്നിധ്യം അവർക്ക് ഏറെ ഗുണം ചെയ്തു. ചെല്ലുന്ന വീടുകളിൽ പിതാവിനോടുള്ള താൽപര്യം എന്നോടും ആളുകൾ കാണിക്കുമായിരുന്നു. സത്യത്തിൽ അതിനെ എതിർചേരിക്കാർ ഭയപ്പെട്ടിരുന്നോ എന്നു ഞാൻ സംശയിച്ചിരുന്നു. 16 വർഷങ്ങളിലൂടെ മെംബർ എന്ന നിലയിൽ ഓരോ വീടുകളിലെയും ഒരു അംഗത്തെപ്പോലെ ആയിരുന്നു ഞങ്ങളുടെ പിതാവ്.
തുടക്കത്തിൽ മൂന്നാല് ദിവസം എനിക്കും ഭയം തോന്നിയിരുന്നുവെങ്കിലും, ‘മകനെ പറഞ്ഞു മനസ്സിലാക്കി എതിർ ചേരിയിൽ നിന്നും മാറ്റിക്കൂടെ’എന്നുള്ള ഒരു യു.ഡി.എഫ് നേതാവിന്റെ ചോദ്യത്തിന് പിതാവ് കൊടുത്ത മറുപടി ആത്മധൈര്യം പകർന്നു. ‘അവനും അവന്റേതായ രാഷ്ട്രീയ വിശ്വാസങ്ങളുണ്ടെങ്കിൽ അതവന്റെ അവകാശമല്ലേ’ എന്ന് യു.ഡി.എഫ് നേതാവിനോടുള്ള ആ ചോദ്യം ഇന്നും ഇടതുവിശ്വാസങ്ങളെ ചേർത്തുപിടിക്കാൻ എന്നെ ഏറെ സഹായിക്കുന്നു. ആ തെരഞ്ഞെടുപ്പിൽ പിതാവ് പിന്തുണച്ച സ്ഥാനാർഥി ജയിച്ചുവെന്നത് മറ്റൊരു സത്യം.
പിന്നീടിങ്ങോട്ട് 1980ൽ പ്രവാസ ജീവിതം ആരംഭിച്ചുകഴിഞ്ഞപ്പോൾ അഞ്ചോ ആറോ തവണയേ വോട്ട് രേഖപ്പെടുത്താൻ കഴിഞ്ഞിട്ടുള്ളൂ. ഓരോ ത്രിതല തെരഞ്ഞെടുപ്പുകളുടെയും കാലം മനസ്സിനെ നാട്ടിലേക്കയച്ച് ശരീരവുമായി ഇവിടെ കഴിയുകയാണ്. ഈ വരുന്ന തെരഞ്ഞെടുപ്പിലും അതു തുടരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

