സന്ദർശകർക്ക് വാതിൽ തുറന്ന് താഖ കോട്ട
text_fieldsമസ്കത്ത്: ദോഫാർ ഗവർണറേറ്റിലെ ചരിത്രമുറങ്ങുന്ന താഖ കോട്ട ഖരീഫ് സീസണിന്റെ ഭാഗമായി പൊതുജനങ്ങൾക്കായി തുറന്നു. പുനർനിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയാണ് സന്ദർശകർക്കായി വാതിൽ തുറന്നത്. ഒമാൻ ചരിത്രത്തിലെ നാഴികക്കല്ലായി അറിയപ്പെടുന്ന കോട്ട നിർമിച്ചത് സുൽത്താൻ തൈമൂർ ബിൻ ഫൈസൽ അൽ സഈദിന്റെ കാലത്താണ്.
അക്കാലത്തെ ഭരണസിരാകേന്ദ്രംകൂടിയായിരുന്നു താഖ. ഇവിടുത്തെ പുരാതന വാസസ്ഥലത്താണ് കോട്ട സ്ഥിതിചെയ്യുന്നത്. കോട്ടയുടെ തനിമ അതേപടി കാത്തുസൂക്ഷിച്ച് പുനർനിർമാണം നടത്താൻ വലിയ ശ്രമങ്ങൾ ആവശ്യമായി വന്നിരുന്നു. പാരമ്പര്യവും ശിൽപചാരുതയും അതേപടി പകർത്തിക്കൊണ്ടാണ് പുനർനിർമാണം പൂർത്തിയാക്കിയത്.
പൈതൃക-വിനോദ സഞ്ചാര മന്ത്രാലയം ഈ വർഷമാണ് പുനർനിർമാണം ആരംഭിച്ചത്. അനിതരമായ പ്രത്യേകതകളുമായി രണ്ട് നിലകളിലായി നിർമിച്ച കോട്ട മേഖലയുടെ പ്രൗഢമായ ചരിത്രത്തിന്റെ അടയാളമാകുന്നവിധമാണ് പുനർനിർമാണം നടന്നത്. കോട്ടയുടെ താഴത്തെ നിലയിൽ ജയിൽ, സ്വീകരണ ഹാൾ, ഗാർഡിന്റെ മുറി, കോട്ടയുടെ വിവിധ പരിപാടികൾക്ക് ഉപയോഗിക്കാൻ പറ്റിയ രൂപത്തിലുള്ള സ്റ്റോർ റൂം, മുകളിലത്തെ നിലയിൽ വാച്ച് ടവർ, വാലിയുടെ താമസ ഇടം എന്നിവയാണുള്ളത്. മുകൾഭാഗത്തുനിന്ന് കോട്ടക്ക് ചുറ്റുമുള്ള മേഖലകളിലെ ദൃശ്യങ്ങൾ ഏറെ മനോഹരമാണ്.
കോട്ട വീണ്ടും തുറന്നത് ദോഫാറിന്റെ സാംസ്കാരിക പൈതൃകം മറ്റുള്ളവർക്ക് പകർന്നുനൽകാൻ സഹായകമാവുമെന്ന് മന്ത്രാലയം ഡയറക്ടർ അലി അൽ മഷാനി പറഞ്ഞു. പൗരാണികതയുടെ വർണങ്ങൾ പകർന്നുനൽകാൻ കഴിയുന്നതാണ് കോട്ടയെന്നും അദ്ദേഹം പറഞ്ഞു. അറബികളുടെ ഇസ്ലാമിക വാസ്തുശിൽപകല വിളിച്ചറിയിക്കുന്ന രീതിയിലെ ശിൽപ വൈദഗ്ധ്യമാണ് കോട്ട നിർമാണത്തിൽ ഉപയോഗപ്പെടുത്തിയിരിക്കുന്നത്.
സലാല നഗരത്തിൽനിന്ന് 34 കിലോമീറ്റർ അകലെയുള്ള താഖ കോട്ടയിലേക്ക് സന്ദർശകർക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയും. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ ഒമ്പത് മുതൽ വൈകീട്ട് നാലുവരെയാണ് സന്ദർശക സമയം. വെള്ളിയാഴ്ച രാവിലെ എട്ടു മുതൽ 11.30 വരെയാണ് സമയം. കോട്ട സന്ദർശനം സൗജന്യവുമായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

