ദോഫാറിൽ പത്ത് കാർഷിക കരാറുകൾ ഒപ്പുവെച്ചു
text_fieldsസലാലയിൽ നടക്കുന്ന ‘ഫുഡ് സെക്യൂരിറ്റി ഫോറം ആൻഡ് എക്സിബിഷനിൽനിന്ന്
സലാല: ദോഫാർ ഗവർണറേറ്റിൽ കാർഷിക-മൃഗസംരക്ഷണ മേഖലകളിൽ പുതിയ പദ്ധതികൾ ആരംഭിക്കുന്നതിനായി രണ്ട് മില്യൺ ഒമാനി റിയാലിലധികം നിക്ഷേപ മൂല്യമുള്ള പത്ത് കാർഷിക കരാറുകളിൽ ഭവന-നഗരാസൂത്രണ മന്ത്രാലയം ഒപ്പുവെച്ചു. 2,000 ഫെദ്ദാനിലധികം വിസ്തൃതിയുള്ള ഭൂമിയിലാണ് ഈ പദ്ധതികൾ നടപ്പിലാക്കുന്നത്. ഭൂമിയുടെ ഉടമസ്ഥാവകാശം കൈമാറാതെ, അതിൽ കൃഷി ചെയ്യാനും അതിൽ നിന്നുള്ള ആദായം പൂർണമായി എടുക്കാനും ഒരു വ്യക്തിക്കോ കമ്പനിക്കോ നിശ്ചിത കാലത്തേക്ക് നൽകുന്ന നിയമപരമായ അധികാരമായ ഉസുഫ്രക്ട് പ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത്.
സലാലയിൽ നടക്കുന്ന ‘ഫുഡ് സെക്യൂരിറ്റി ഫോറം ആൻഡ് എക്സിബിഷന്റെ’ ഭാഗമായാണ് കരാറുകൾ ഒപ്പുവെച്ചത്. മഖ്ഷിൻ, തുംറൈത്ത്, ഷാലീം ആൻഡ് അൽ ഹല്ലാനിയാത്ത് ഐലൻഡ്സ് എന്നീ വിലായത്തുകളിലായാണ് ഈ പത്ത് പദ്ധതികൾ വികേന്ദ്രീകരിച്ചിരിക്കുന്നത്. വിവിധ തരത്തിലുള്ള വിളവെടുപ്പുകൾ, തണ്ണിമത്തൻ, കാന്തലൂപ്പ് ഉൽപാദനം, കോഴി വളർത്തൽ, കൂടാതെ സീസണൽ - നോൺ സീസണൽ വിളകളുടെ കൃഷി ഉൾപ്പെടെയുള്ള വിപുലമായ ഉൽാപദന പ്രവർത്തനങ്ങൾ ഈ പദ്ധതികളിൽ ഉൾപ്പെടുന്നു.
ദോഫാർ ഗവർണറേറ്റിലെ ഭക്ഷ്യസുരക്ഷാ മേഖലയുമായി ബന്ധപ്പെട്ട നിക്ഷേപ അവസരങ്ങളുടെ വൈവിധ്യമാണ് ഇത് കാണിക്കുന്നത്. സാമ്പത്തികമായും വികസനപരമായും ലാഭകരമായ നിക്ഷേപങ്ങളെ പിന്തുണക്കുന്നതിനായി സർക്കാർ ഭൂമി പ്രയോജനപ്പെടുത്തുന്നതിനും ഉസുഫ്രക്ട് സംവിധാനത്തിലൂടെ നിക്ഷേപ പദ്ധതികൾക്ക് ആവശ്യമായ റിയൽ എസ്റ്റേറ്റ് സൗകര്യങ്ങൾ ഒരുക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ കരാറുകൾ. ഇത് ഭക്ഷ്യസുരക്ഷാ പദ്ധതികൾ ശക്തിപ്പെടുത്തുന്നതിനും തദ്ദേശീയ ഉൽപാദനം വർധിപ്പിക്കുന്നതിനും ഒപ്പം സുസ്ഥിരമായ കാർഷിക-മൃഗസംരക്ഷണ സംരംഭങ്ങൾ ആരംഭിക്കാൻ സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കും.
ഭവന-നഗരാസൂത്രണ മന്ത്രാലയത്തിന് വേണ്ടി ദോഫാർ ഗവർണറേറ്റ് ഡയറക്ടർ ജനറൽ എൻജി. ഖൽഫാൻ ബിൻ മസൂദ് അൽ നാബി, വിവിധ പ്രാദേശിക കമ്പനികളുടെയും സ്ഥാപനങ്ങളുടെയും പ്രതിനിധികളുമായി ചേർന്ന് കരാറുകളിൽ ഒപ്പുവെച്ചു. സാമ്പത്തിക വൈവിധ്യവൽക്കരണം, നിക്ഷേപ പ്രോത്സാഹനം, ഉൽപാദന മേഖലകളുടെ വികസനം, ഭക്ഷ്യസുരക്ഷാ വ്യവസ്ഥയിൽ സുസ്ഥിരത കൈവരിക്കൽ എന്നിവയുമായി ബന്ധപ്പെട്ട ദേശീയ ലക്ഷ്യങ്ങളെ പിന്തുണക്കാൻ ഈ പദ്ധതികൾക്ക് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

