ഫീസടക്കാൻ കാല താമസം: മസ്കത്ത് ഇന്ത്യൻ സ്കൂളിൽ വിദ്യാർഥികളെ ക്ലാസിൽ കയറ്റുന്നില്ലെന്ന് പരാതി
text_fieldsമസ്കത്ത്: ഫീസ് അടക്കാത്തതിനാൽ മസ്കത്ത് ഇന്ത്യൻ സ്കൂളിൽ വിദ്യാർഥികളെ ക്ലാസിൽ കയറ്റുന്നില്ലെന്ന് രക്ഷിതാക്കളുടെ പരാതി. വിവിധ ക്ലാസുകളിലായി പത്തിലധികം വിദ്യാർഥികളുടെ പഠനമാണ് ഇതുമൂലം അവതാളത്തിലായിരിക്കുന്നത്. ക്ലാസിൽ കയറ്റാത്തതിനാൽ പല വിദ്യാർഥികളും സ്കൂളിലേക്ക് പോകുന്നതും നിർത്തിയിട്ടുണ്ട്.
ബിസിനസ് തകർന്നതും മറ്റ് സാമ്പത്തിക പ്രതിസന്ധികളുമാണ് ഫീസടക്കാൻ കഴിയാത്തതെന്ന് രക്ഷിതാക്കൾ പറയുന്നു. വിദ്യാർഥികളുടെ മാനസിക നിലയെ ബാധിക്കുന്നതാണ് സ്കൂൾ അധികൃതരുടെ നടപടി.
ഫീസടച്ച് തീർക്കാൻ കുറച്ചു സമയം നീട്ടിത്തരണമെന്നാണ് ആവശ്യപ്പെടുന്നത്. ഇതിന് സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്ന് അനുകൂലമായ നടപടിയും ഉണ്ടാകുന്നില്ല. സംഭവം ഇന്ത്യൻ സ്കൂൾ ബോർഡ് ചെയർമാന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇദ്ദേഹം സ്കൂൾ മാനേജ്മെന്റുമായി ബന്ധപ്പെടാനാണ് ആവശ്യപ്പെട്ടത്. ഇരു വിഭാഗവും അങ്ങോട്ടും ഇങ്ങോട്ടും തട്ടി വിദ്യാർഥികളുടെ ഭാവി തകർക്കുകയാണെന്നും രക്ഷിതാക്കൾ പറഞ്ഞു. സാമ്പത്തിക പ്രയാസംമൂലം ഒരു വിദ്യാർഥിയുടെയും പഠനം മുടങ്ങരുതെന്നാണ് ഇന്ത്യൻ സ്കൂൾ ബോർഡിന്റെ നയം. എന്നാൽ, ഇതിന് കടക വിരുദ്ധമായാണ് അധികൃതർ സ്വീകരിക്കുന്നതെന്നും രക്ഷിതാക്കൾ ആരോപിച്ചു.
കോവിഡ് പ്രതിസന്ധിമൂലമുണ്ടായ സാമ്പത്തിക ഞെരുക്കത്തിൽനിന്ന് മലയാളികളടക്കമുള്ള പ്രവാസികൾ പലരും ഇനിയും മോചിതരായിട്ടില്ല. കുടുംബവുമായി കഴിയുന്നവർ കുട്ടികളുടെ വിദ്യാഭ്യാസമടക്കമുള്ള കാര്യങ്ങൾ മുണ്ടുമുറുക്കിയാണ് നിറവേറ്റിപ്പോരുന്നത്. അനുദിനം കുതിച്ചുയരുന്ന ചെലവുകൾക്കൊപ്പം ബിസിനസ് മേഖലയിലെ മാന്ദ്യവും പ്രയാസം സൃഷ്ടിക്കുന്നുണ്ട്. അതിനാൽ ഫീസടക്കാൻ കഴിയാത്ത വിദ്യാർഥികളുടെ കാര്യം അനുഭാവപൂർവം പരിഗണിക്കണമെന്നാണ് രക്ഷിതാക്കൾ പറയുന്നത്.
എന്നാൽ, വിദ്യാർഥികളുടെ കാര്യത്തിൽ എല്ലാവിധ മാനുഷിക പരിഗണനയും നൽകുന്നതാണെന്ന് മസ്കത്ത് ഇന്ത്യൻ സ്കൂൾ മാനേജ്മെന്റുമായി ബന്ധപ്പെട്ടവർ ഗൾഫ് മാധ്യമത്തോട് അറിയിച്ചു.
ആറ് മാസത്തിന് മുകളിൽവരെ ഫീസടക്കാത്ത വിദ്യാർഥികളുണ്ട്. സ്കൂളിന്റെ നടത്തിപ്പിനും നല്ല സാമ്പത്തിക ബാധ്യത വരുന്നുണ്ട്. എല്ലാവരുടെയും കാര്യം അനുഭാവം പൂർവം പരിഗണിച്ച് മുന്നോട്ടു പോകുന്നതാണെന്നും അധികൃതർ അറിയിച്ചു.

