മസ്കത്ത്: ടെലിഫോൺ തട്ടിപ്പ് കേസിൽ 22 വിദേശികളെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. വൻതുകയുടെ സമ്മാനം ലഭിച്ചതായി പറഞ്ഞ് സ്വദേശികളെയും വിദേശികളെയും ടെലിഫോണിൽ ബന്ധപ്പെടുന്ന ഇവർ സ്വകാര്യ വിവരങ്ങൾ അടക്കം കൈവശപ്പെടുത്തിയ ശേഷം അക്കൗണ്ടിൽനിന്ന് പണം കവരുകയാണ് ചെയ്തുവന്നിരുന്നതെന്ന് പൊലീസ് പറഞ്ഞു.
മസ്കത്തിലെ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെൻറും ഡിപ്പാർട്മെൻറ് ഒാഫ് ക്രൈം പ്രിവൻഷനും സംയുക്തമായി നടത്തിയ നീക്കത്തിന് ഒടുവിലാണ് ഇവർ പിടിയിലായത്. പിടിയിലായവർ ഏതൊക്കെ രാജ്യക്കാരാണ് എന്ന് വ്യക്തമല്ല. ഇവരിൽനിന്ന് തട്ടിപ്പ് നടത്താൻ ഉപയോഗിച്ചിരുന്ന 60 മൊബൈൽ ഫോണുകളും 70 സിംകാർഡുകളും പിടിച്ചെടുത്തു. കഴിഞ്ഞ വർഷം ജൂണിൽ സമാന കുറ്റത്തിന് ബർക്കയിൽ 10 വിദേശികളെ അറസ്റ്റ് ചെയ്തിരുന്നു. മൊബൈൽഫോൺ മുഖേനയും ഇൻറർനെറ്റ് മുഖേനയും തട്ടിപ്പ് നടത്തുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്നും പൊലീസ് അറിയിച്ചു.
ബാങ്ക് അക്കൗണ്ട് വിവരങ്ങളടക്കം ഒരു കാരണവശാലും അജ്ഞാത നമ്പറുകളിൽനിന്ന് വിളിക്കുന്നവർക്ക് കൈമാറരുത്. മുന്നറിയിപ്പുകൾ ധാരാളം ഉണ്ടാകാറുണ്ടെങ്കിലും ഇത്തരം തട്ടിപ്പുകളിൽ കുടുങ്ങുന്നവർ ഇപ്പോഴുമുണ്ട്. ടെലിഫോൺ കാളിെനക്കാൾ ടെക്സ്റ്റ് മെസേജുകളും വാട്സ്ആപ് സന്ദേശങ്ങളുമാണ് ഇപ്പോൾ തട്ടിപ്പുകാർ ഉപയോഗിക്കുന്നത്. വിശ്വാസം വരാൻ സമ്മാനം നൽകുന്നതായും മറ്റുമുള്ള ചിത്രങ്ങൾ സഹിതമാണ് ഇത്തരം മെസേജുകൾ വരുന്നത്. മലയാളികളും ഇങ്ങനെ വ്യാപകമായി ഇത്തരക്കാരുടെ വലയിൽ കുരുങ്ങുന്നുണ്ട്.