ടെലിഗ്രാഫ് ഐലൻഡ് വികസന പദ്ധതിക്ക് തുടക്കം
text_fieldsടെലിഗ്രാഫ് ഐലൻഡ് വികസന പദ്ധതിയുടെ തറക്കല്ലിടൽ മുസന്ദം ഗവർണർ സയ്യിദ്
ഇബ്രാഹിം സഈദ് അൽ ബുസൈദിയുടെ കാർമികത്വത്തിൽ നടന്നപ്പോൾ
മസ്കത്ത്: മുസന്ദം ഗവർണറേറ്റ് ഖസബ് വിലായത്തിലെ ചരിത്രപ്രസിദ്ധമായ ടെലിഗ്രാഫ് ദ്വീപ് വികസന പദ്ധതിയുടെ തറക്കല്ലിടൽ കഴിഞ്ഞദിവസം മുസന്ദം ഗവർണർ സയ്യിദ് ഇബ്രാഹിം സഈദ് അൽ ബുസൈദിയുടെ കാർമികത്വത്തിൽ നടന്നു. പരിസ്ഥിതി ടൂറിസം സൗകര്യമാണ് ഇവിടെ ഒരുക്കുന്നത്.
മുസന്ദം മുനിസിപ്പാലിറ്റി, ഒ.ക്യു കമ്പനി, പൈതൃക ടൂറിസം മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 130 ചതുരശ്ര മീറ്റർ പൊതു സേവന കെട്ടിടത്തോടനുബന്ധിച്ച് 731 ചതുരശ്ര മീറ്റർ മൾട്ടി പർപ്പസ് ഹാൾ, സീ ലാൻഡിങ് പ്ലാറ്റ്ഫോം, മലയോര നടപ്പാത എന്നിവയുടെ നിർമാണവും പദ്ധതിയിൽ വരുന്നുണ്ട്. ടെലിഗ്രാഫ് ദ്വീപിന്റെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാൻ മുസന്ദം മുനിസിപ്പാലിറ്റി കഴിഞ്ഞവർഷം തുടക്കമിട്ടിരുന്നു. ഇതിന്റെ ഭാഗമായി ടെൻഡർ സമർപ്പിക്കാൻ പ്രാദേശിക കമ്പനികളെ ക്ഷണിക്കുകയും ചെയ്തിരുന്നു.
ടെലിഗ്രാഫ് ദ്വീപ് അല്ലെങ്കിൽ ജസിറത്ത് അൽ മഖ്ലബ് സ്ഥിതി ചെയ്യുന്നത് മനോഹരമായ പ്രകൃതിയുടെ മടിത്തട്ടിലാണ്. ചുറ്റും ഉയരമുള്ള പർവതങ്ങളാലും നീല വെള്ളത്താലും ചുറ്റപ്പെട്ടിരിക്കുന്നു. മുസന്ദം ഗവർണറേറ്റിലെ ഏറ്റവും പ്രശസ്തമായ ലഗൂണുകളിലൊന്നായ ഖോർ ഷാമിലാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്.
സമുദ്ര ദ്വീപുകളും ചിതറിക്കിടക്കുന്ന ഗ്രാമങ്ങളുള്ള ഖോർ ഷാം ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികൾ സന്ദർശിക്കുന്ന ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്നാണ്.
1864ൽ ദ്വീപിൽ നിർമിച്ച ടെലിഗ്രാഫ്-കേബിൾ റിപ്പീറ്റർ സ്റ്റേഷനിൽനിന്നാണ് ‘ടെലിഗ്രാഫ്’ എന്ന പേര് വന്നത്.
ലണ്ടൻ മുതൽ കറാച്ചി വരെയുള്ള ടെലിഗ്രാഫിക് കേബിളിന്റെ ഭാഗമായ ഗൾഫ് അന്തർവാഹിനി കേബിളിലൂടെ ടെലിഗ്രാഫിക് സന്ദേശങ്ങൾ വർധിപ്പിക്കാൻ ബ്രിട്ടീഷ് റിപ്പീറ്റർ സ്റ്റേഷൻ ഉപയോഗിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

