സാങ്കേതിക വൈദഗ്ധ്യത്തിന്റെ സംഗമ വേദിയായി ടെക്നോ ഫെസ്റ്റ്
text_fieldsകേരള എൻജിനീയേഴ്സ് ഫാമിലി സംഘടിപ്പിച്ച ‘ടെക്നോ ഫെസ്റ്റ് 2024’ ഒമാനിലെ ഇന്ത്യൻ സ്ഥാനപതി അമിത് നാരങ് ഉദ്ഘാടനം ചെയ്യുന്നു
മസ്കത്ത്: ഒമാനിലെ മലയാളി എൻജിനീയർമാരുടെ കൂട്ടായ്മയായ കേരള എൻജിനീയേഴ്സ് ഫാമിലി സംഘടിപ്പിച്ച ‘ടെക്നോ ഫെസ്റ്റ് 2024’ സാങ്കേതിക വൈദഗ്ധ്യത്തിന്റെ സംഗമ വേദിയായി മാറി. വ്യവസായ പ്രമുഖരും എൻജിനീയർമാരും ടെക്നോളജി പ്രേമികളും പങ്കെടുത്ത പരിപാടി എൻജിനീയറിങ് രംഗത്തെ ഏറ്റവും പുതിയ മുന്നേറ്റങ്ങളും നൂതനത്വങ്ങളും പ്രദർശിപ്പിച്ചു. കെ.ഇ.എഫ് അംഗങ്ങൾക്ക് പ്രഫഷനൽ വളർച്ച, അറിവ് പങ്കിടൽ, സൗഹൃദം എന്നിവ വളർത്തിയെടുക്കാനും സാങ്കേതിക നവീകരണവും സഹകരണവും പ്രോത്സാഹിപ്പിക്കുകയും ലക്ഷ്യമിട്ടാണ് ടെക്നോ ഫെസ്റ്റ് 2024 സംഘടിപ്പിച്ചത്.
റൂവി ഷെറാട്ടൺ ഹോട്ടലിൽ നടന്ന പരിപാടി ഒമാനിലെ ഇന്ത്യൻ സ്ഥാനപതി അമിത് നാരങ് ഉദ്ഘാടനം ചെയ്തു. ഗൾഫാർ എൻജിനീയറിങ് ആൻഡ് കോൺട്രാക്ടിങ് സ്ഥാപകൻ ഡോ. പി. മുഹമ്മദ് അലി, ഗൾഫാർ എൻജിനീയറിങ് ആൻഡ് കോൺട്രാക്റ്റിങ് വൈസ് ചെയർമാൻ മുഹിയുദ്ദീൻ, ഒമാൻ ചേംബർ ഓഫ് കൊമേഴ്സ് വൈസ് ചെയർമാൻ എൻജിനീയർ ഹമൂദ് സാലം അൽ സാദി, ലുലു ഗ്രൂപ്പ് ഡയറക്ടർ എ.വി. അനന്ത് തുടങ്ങിയവർ സംബന്ധിച്ചു.
അത്യാധുനിക സാങ്കേതിക വിദ്യകളും നൂതനാശയങ്ങളും പ്രദർശിപ്പിച്ചിരിക്കുന്ന നിരവധി ടെക്നികൽ എക്സിബിഷൻ സ്റ്റാളുകളും ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കിയിരുന്നു. കമ്പനികൾക്ക് ഏറ്റവും പുതിയ ഉൽപന്നങ്ങളും സേവനങ്ങളും അവതരിപ്പിക്കാനും പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് ഭാവി സാങ്കേതികവിദ്യകൾ മനസ്സിലാക്കാനും അവസരം ലഭിച്ചു.
വ്യവസായ പ്രമുഖർ തങ്ങളുടെ വൈദഗ്ധ്യവും ഭാവിയെക്കുറിച്ച കാഴ്ചപ്പാടും അവതരിപ്പിച്ച പരിപാടിയിൽ ഒമാനിലെ ഭവന, നഗരാസൂത്രണ മന്ത്രാലയം ഉൾപ്പെടെ പ്രമുഖ കമ്പനികളുടെ അവതരണം ഉണ്ടായിരുന്നു. ഒമാനിലെ നിക്ഷേപ അവസരങ്ങളെ കേന്ദ്രീകരിച്ചുള്ള ടോക്ക് ഷോയും പരിപാടിയുടെ ഭാഗമായി അരങ്ങേറി. കെ.ഇ.എഫ് പ്രസിഡൻ്റ് പ്രേം കുമാർ, സെക്രട്ടറി മിഥുൻ എസ്. കുമാർ, ടെക്നോ ഫെസ്റ്റ് ചെയർമാൻ സി.വി. ശ്രീനാഥ്, ഇവന്റ് കോഓഡിനേറ്റർ വേണു ഗോപിനാഥ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

