മസ്കത്ത് എയർപോർട്ട് ടാക്സി നിരക്ക് കുത്തനെ കുറച്ചു
text_fieldsമസ്കത്ത്: മസ്കത്ത് എയർപോർട്ടിൽനിന്നുള്ള ഓൺലൈൻ ടാക്സികളുടെ നിരക്കിൽ 45 ശതമാനം കുറവ് വരുത്തി ഗതാഗത, വാർത്താവിനിമയ, വിവര സാങ്കേതിക മന്ത്രാലയം. ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം, ഓൺലൈൻ ടാക്സികളായ ഒ ടാക്സി, ഒമാൻ ടാക്സി എന്നിവയുടെ അടിസ്ഥാനനിരക്ക് 1.5 റിയാൽ ആയിരിക്കും. പിന്നീടുള്ള ഓരോ കിലോമീറ്ററിന് 250 ബൈസ ഈടാക്കും. മുമ്പ്, അടിസ്ഥാന നിരക്ക് മൂന്ന് റിയാൽ ആയിരുന്നു. പിന്നീടുള്ള കിലോമീറ്ററിന് 400 ബൈസയും നൽകേണ്ടിവന്നിരുന്നു. പുതിയ നിരക്ക് പ്രകാരം, മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് റൂവിയിലേക്കുള്ള യാത്രാനിരക്കിൽ ഏകദേശം ആറ് റിയാൽ കുറവ് വരും. ഭൂഗതാഗത നിയമത്തിന്റെ ആവശ്യകതകളും വ്യവസ്ഥകളും പാലിച്ചതിനുശേഷമാണ് ഒടാക്സി, ഒമാൻ ടാക്സി എന്നിവക്ക് മസ്കത്ത് ഇന്റർനാഷനൽ എയർപോർട്ടിൽനിന്ന് സർവിസ് നടത്താൻ ലൈസൻസ് നൽകിയതെന്ന് ഗതാഗത, വാർത്താവിനിമയ, വിവര സാങ്കേതിക മന്ത്രാലയം അറിയിച്ചു.
ക്ലൗഡ് വേൾഡ് ട്രേഡിങ്ങിന്റെ ‘ഒ ടാക്സി, ഉബർ സ്മാർട്ട് സിറ്റീസ് കമ്പനിയുടെ ഒമാൻ ടാക്സി എന്നിവക്ക് ഈ മാസം ഒന്നുമുതലാണ് എയർപോർട്ട് സർവിസ് നടത്താൻ ലൈസൻസ് അനുവദിച്ചത്. ഉപയോക്താവിന്റെ സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കാൻ രണ്ട് കമ്പനികളും റൂട്ട് ട്രാക്കിങ്, മോണിറ്ററിങ് സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഒക്ടോബർ ഒന്നിനുമുമ്പ് വിമാനത്താവളങ്ങളിൽ പ്രവർത്തിക്കുന്ന ടാക്സി ഡ്രൈവർമാർ ലൈസൻസുള്ള ആപ്ലിക്കേഷനിൽ ചേരണമെന്ന് ഗതാഗത, വാർത്താവിനിമയ, വിവര സാങ്കേതിക മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. വിമാനത്താവളങ്ങളിലെ സേവനം ഇത്തരം ആപ്ലിക്കേഷനിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു.
ഒമാനിൽ ഒരു വനിത ടാക്സി അടക്കം എട്ട് ഓൺലൈൻ ടാക്സികളുണ്ടെങ്കിലും രണ്ട് ടാക്സികൾക്ക് മാത്രമാണ് അധികൃതർ അംഗീകാരം നൽകിയത്. അതിനാൽ യാത്രക്കാർ ഈ രണ്ട് ടാക്സികളുടെ ആപ് ആണ് ഡൗൺലോഡ് ചെയ്യേണ്ടത്. ഒന്നാം ഘട്ടമായാണ് ഓൺലൈൻ ടാക്സികൾക്ക് വിമാനത്താവളങ്ങളിൽ സർവിസ് അനുവദിക്കുന്നത്. നവംബർ ഒന്നുമുതൽ ടൂറിസ്റ്റ് കോംപ്ലക്സുകൾ, ഹോട്ടലുകൾ, കമേഴ്സ്യൽ സെന്ററുകൾ, തുറമുഖങ്ങൾ എന്നിവിടങ്ങളിലും ഓൺലൈൻ ടാക്സികൾക്ക് പ്രവേശനം നൽകും. അടുത്ത വർഷം ഒന്നുമുതൽ നിലവിലെ സാധാരണ ടാക്സികൾ നിർത്തലാക്കുകയും നിലവിലെ വെള്ള, ഓറഞ്ച് ടാക്സികൾ ആബർ എന്ന പേരിൽ അറിയപ്പെടുകയും ഇവ മൊബൈൽ ആപ്പുകൾ വഴി സർവിസ് നടത്തേണ്ടിവരുകയും ചെയ്യും.അടുത്ത വർഷത്തോടെ ഒമാനിലെ എല്ലാ ചെറിയ ടാക്സികളും ആപ്പുകൾക്കുള്ളിൽ വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

