നികുതി അടക്കൽ; ടാക്സ് അതോറിറ്റിയുടെ ബോധവത്കരണം തുടരുന്നു
text_fieldsഅൽവുസ്ത ഗവർണറേറ്റിൽ ടാക്സ് അതോറിറ്റിയുടെ നേതൃത്വത്തിൽ നടന്ന ബോധവത്കരണ കാമ്പയിൻ
മസ്കത്ത്: നികുതി സംബന്ധിച്ച അവബോധം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ടാക്സ് അതോറിറ്റി വിവിധ ഗവർണറേറ്റുകൾ സന്ദർശിക്കുന്നത് തുടരുന്നു. രാജ്യത്തെ നികുതി ഘടനയെ കുറിച്ചും അനുബന്ധ നിയമങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെ പറ്റിയും ജനങ്ങളെയും കോർപറേറ്റുകളെയും ബോധവത്കരിക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. കഴിഞ്ഞ ആഴ്ച അൽവുസ്ത ഗവർണറേറ്റിൽ കാമ്പയിന് തുടക്കമിട്ടു.
നികുതി അവബോധം വർധിപ്പിക്കാനും ഗവർണറേറ്റിലെ ഏറ്റവും വലിയ നികുതിദായകരെ സേവിക്കാനുമാണ് ഈ സംരംഭം ലക്ഷ്യമിടുന്നതെന്ന് ടാക്സ് അതോറിറ്റി ഡയറക്ടർ ജനറൽ അബ്ദുൽ അസീസ് അൽ മുഖൈനി പറഞ്ഞു.
പിഴയും മറ്റും ഒഴിവാക്കുന്നതിന് കൃത്യസമയത്ത് നികുതി റിട്ടേണുകൾ സമർപ്പിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും വിശദീകരിച്ചു. നികുതി അതോറിറ്റിയുടെ ഇൻസ്പെക്ടർമാർ ഗവർണറേറ്റിലുടനീളം ബോധവത്കരണ സന്ദർശനങ്ങൾ നടത്തിയിട്ടുണ്ടെന്ന് മുഖൈനി പറഞ്ഞു. നികുതിദായകരെ ബോധവത്കരിക്കുന്നതിനായി അതോറിറ്റിയിൽനിന്നുള്ള സ്പെഷ്യലിസ്റ്റുകൾ കോർപറേറ്റ് ആദായനികുതിയും മൂല്യവർധിത നികുതിയും (വാറ്റ്) സംബന്ധിച്ച പ്രസിദ്ധീകരണങ്ങളും നികുതി നിയമ ബുക്ക്ലെറ്റുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കാമ്പയിനിന്റെ ഭാഗമായി, നികുതിദായകരോട് അവരുടെ നികുതി ഇടപാടുകൾ എളുപ്പത്തിൽ ക്ലിയറൻസ് ചെയ്യുന്നതിനായി അതോറിറ്റിയുടെ ഇ-സർവിസസ് പോർട്ടൽ വഴി നൽകുന്ന സേവനങ്ങൾ ഉപയോഗിക്കാനും അഭ്യർഥിച്ചു. വിവിധ വിഭാഗം സംരംഭകർക്കിടയിൽ നികുതി അവബോധം പ്രചരിപ്പിക്കുന്നതിനും നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനും ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുമായി ടാക്സ് അതോറിറ്റി നിരന്തരം സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.