‘ടാറ്റൂ ബേസൽ’ ഷോക്ക് തിരശ്ശീല; മനംകവർന്ന് ഒമാൻ
text_fieldsമസ്കത്ത്: സ്വിറ്റ്സർലൻഡിലെ ബാസലിൽ നടന്ന അന്താരാഷ്ട്ര സൈനിക സംഗീത ഷോയായ ‘ടാറ്റൂ ബേസൽ 2023’ൽ ഒമാൻ തങ്ങളുടെ പ്രകടനം വിജയകരമായി അവസാനിപ്പിച്ചു. സുൽത്താനേറ്റിനെ പ്രതിനിധാനംചെയ്ത് റോയൽ കോർട്ട് അഫയേഴ്സിന്റെ റോയൽ കാവൽറിയും ഒമാനി റോയൽ ഗാർഡുമാണ് പങ്കെടുത്തിരുന്നത്.
സമാപനച്ചടങ്ങിൽ ലോകമെമ്പാടുമുള്ള എലൈറ്റ് മിലിട്ടറി ബാൻഡുകളുടെ മനോഹരമായ സംഗീതപരിപാടികൾ അരങ്ങേറി. ഒമാന്റെ റോയൽ കാവൽറിയിലെയും റോയൽ ഗാർഡിലെയും സംഗീതജ്ഞർ കുതിരപ്പുറത്തേറി സമ്പന്നമായ സുൽത്താനേറ്റിന്റെ സംഗീതപൈതൃകത്തെ പ്രതിഫലിപ്പിക്കുന്ന വിവിധ പ്രകടനം നടത്തി. ഒമാന്റെ സാംസ്കാരികവും നാഗരികവുമായ പാരമ്പര്യത്തിന്റെ ഉജ്ജ്വലമായ സാക്ഷ്യമായി ഈ പരിപാടി.
ഒമാന് നീക്കിവെച്ച സ്ഥലത്ത് റോയൽ കാവൽറിയിലെയും റോയൽ ഗാർഡിലെയും സംഗീതജ്ഞർ നിരവധി സംഗീതപരിപാടികളും അവതരിപ്പിച്ചു. സന്ദർശകർക്ക് ഒമാനി മധുരപലഹാരങ്ങൾ, കുന്തിരിക്കം എന്നിവയും നൽകി. ബേസൽ ടാറ്റൂ പോലുള്ള അന്താരാഷ്ട്ര പ്രദർശനങ്ങളിൽ പങ്കെടുക്കുന്നത് ഒമാന്റെ സാംസ്കാരിക പൈതൃകം പ്രോത്സാഹിപ്പിക്കുന്നതിനുള്ള വേദിയായി വർത്തിക്കുമെന്ന് സ്വിറ്റ്സർലൻഡിലെ ഒമാൻ അംബാസഡർ മഹമൂദ് ബിൻ ഹമദ് അൽ ഹസാനി പറഞ്ഞു.
റോയൽ കാവൽറിയുടെയും റോയൽ ഗാർഡിന്റെയും സംഭാവനകൾ പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഗീതം ഒരു കലാരൂപം മാത്രമല്ല, സംസ്കാരങ്ങളെ കൂടുതൽ അടുപ്പിക്കുന്ന ഫലപ്രദമായ നയതന്ത്ര ഉപകരണമാണെന്ന് ഐക്യരാഷ്ട്രസഭയിലെയും ജനീവയിലെ അന്താരാഷ്ട്ര സംഘടനകളിലെയും ഒമാന്റെ സ്ഥിരം പ്രതിനിധി ഇദ്രിസ് ബിൻ അബ്ദുൽറഹ്മാൻ അൽ ഖഞ്ജരി പറഞ്ഞു. ഒമാനിൽനിന്നുള്ള അവതരണം ഈ വർഷത്തെ പ്രദർശനത്തിന് ശ്രദ്ധേയമായ ഒരു കൂട്ടിച്ചേർക്കലായിരുന്നുവെന്ന് ബേസൽ ടാറ്റൂവിന്റെ സി.ഇ.ഒയും നിർമാതാവുമായ എറിക് ജൂലിയാർഡ് പറഞ്ഞു. ഒമാനി പ്രകടനത്തിന് അദ്ദേഹം നന്ദിയും രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

