താൻസനിയൻ പ്രസിഡന്റിന്റെ ഒമാൻ പര്യടനത്തിന് തുടക്കം
text_fieldsതാൻസനിയൻ പ്രസിഡന്റ് സമിയ സുലുഹു ഹസന് റോയൽ എയർപോർട്ടിൽ സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ നേതൃത്വത്തിൽ നൽകിയ സ്വീകരണം
മസ്കത്ത്: താൻസനിയൻ പ്രസിഡന്റ് സമിയ സുലുഹു ഹസന്റെ ഒമാൻ സന്ദർശനത്തിന് തുടക്കമായി. മൂന്നുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായെത്തിയ അവർക്ക് ഊഷ്മള വരവേൽപ്പാണ് നൽകിയത്. ഞായറാഴ്ച വൈകീട്ടോടെ റോയൽ എയർപോർട്ടിൽ വിമാനമിറങ്ങിയ താൻസനിയൻ ഭരണാധികാരിയെയും പ്രതിനിധി സംഘത്തെയും സുൽത്താൻ ഹൈതം ബിൻ താരീഖ് നേരിട്ട് എത്തിയാണ് സ്വീകരിച്ചത്.
പ്രതിരോധകാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിന്‍ താരിഖ് അല്‍ സഈദ്, ദീവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിന്‍ ഹിലാല്‍ അല്‍ ബുസൈദി, റോയല്‍ ഓഫിസ് മന്ത്രി ജനറല്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ നുഅ്മാനി, ആഭ്യന്തരമന്ത്രി സയ്യിദ് ഹമൂദ് ബിന്‍ ഫൈസല്‍ അല്‍ ബുസൈദി, വിദേശകാര്യമന്ത്രി സയ്യിദ് ബദര്‍ ബിന്‍ ഹമദ് അല്‍ ബുസൈദി, ഉന്നത വിദ്യാഭ്യാസ, ഗവേഷണ, ഇന്നവേഷന്‍ മന്ത്രി ഡോ. റഹ്മ ബിന്ത് ഇബ്റാഹീം അല്‍ മഹ്റൂഖി, താന്‍സനിയയിലെ ഒമാന്‍ സ്ഥാനപതി സഊദ് ബിന്‍ ഹിലാല്‍ അല്‍ ശിദ്ദാനി, ഒമാനിലെ താന്‍സനിയ അംബാസഡര്‍ അബ്ദുല്ല അബാസി കിലിമ എന്നിവരും സംബന്ധിച്ചിരുന്നു.
അൽആലം പാലസ് കൊട്ടാരത്തിൽ ഇരുവരും ചർച്ച നടത്തി. വരും ദിവസങ്ങളിൽ വിവിധ മന്ത്രിമാരുമായും ഉദ്യോഗസ്ഥരുമായും ചർച്ച നടത്തും. ഇരുരാജ്യങ്ങൾക്കുമിടയിൽ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും വിവിധ മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നതിനുമുള്ള കാര്യങ്ങൾ ചർച്ച ചെയ്യും. വിവിധ കരാറുകളിലും ഒപ്പുവെക്കും. താന്‍സനിയൻ പ്രസിഡന്റിന്റെ സന്ദർശനത്തിന്റെ ഭാഗമായി റോയല്‍ ഒമാന്‍ പൊലീസ് മസ്കത്ത് നഗരത്തില്‍ ഞായറാഴ്ച മുതൽ മൂന്നുദിവസത്തെ പാര്‍ക്കിങ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ജൂൺ 14വരെയാണ് സന്ദർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

