കൊതുകിനെ തുരത്തൽ കാമ്പയിനുമായി സുവൈഖ് മുനിസിപ്പാലിറ്റി
text_fieldsസുവൈഖ് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന കൊതുക് നശീകരണ പ്രവർത്തനങ്ങൾ
സുവൈഖ്: ഡെങ്കിപ്പനിയടക്കം പകർച്ചവ്യാധികൾക്കിടയാക്കുന്ന ഈഡിസ് ഈജിപ്തി കൊതുകിനെ തുരത്താൻ നടപടികൾ ഊർജിതമാക്കി സുവൈഖ് മുനിസിപ്പാലിറ്റി. കൊതുകുകൾ പെരുകുന്ന സ്ഥലങ്ങളിൽ നശീകരണി തളിക്കുക, ഉപേക്ഷിക്കപ്പെട്ടതും കേടായതുമായ ടയറുകൾ നീക്കുക, ജലചോർച്ച പരിഹരിക്കുക, പൊതുജന അവബോധ പരിപാടികൾ സംഘടിപ്പിക്കുക തുടങ്ങിയവക്കുള്ള ഇടപെടലുകളാണ് നടത്തുന്നത്.
വീട്ടിലോ പരിസരത്തോ കെട്ടിനിൽക്കുന്ന വെള്ളത്തിന്റെ സാന്നിധ്യം കൊതുകിന്റെ വ്യാപനത്തിന് കാരണമാകും. എയർ കണ്ടീഷണർ വെള്ളം ശേഖരിക്കുന്ന ടബ്ബുകൾ, ടയറുകളിൽ അടിഞ്ഞുകൂടിയ വെള്ളം, ജലധാരകൾ, പാത്രങ്ങൾ, മൃഗങ്ങളുടെ വാട്ടർ പ്ലേറ്റുകൾ, ചെടിച്ചട്ടികൾ മുതലായവയാണ് ഇവയുടെ പ്രധാന പ്രജനന കേന്ദ്രങ്ങൾ. ഇയിൽ ഏതെങ്കിലും ഉണ്ടെങ്കിൽ അവ ഒഴിവാക്കണം. അല്ലെങ്കിൽ ഇവ ബ്രഷ് ഉപയോഗിച്ച് പതിവായി വൃത്തിയാക്കണം.
പകൽ മാത്രം കടിക്കുന്ന കറുപ്പുനിറമുള്ള ഈഡിസ് ഈജിപ്തി കൊതുകിന്റെ മുതുകിലും മൂന്നു ജോടി കാലുകളിലും വെളുത്ത വരകളുണ്ടാകും. പെട്ടെന്നുള്ള കഠിനമായ പനി, അസഹ്യമായ തലവേദന, നേത്രഗോളങ്ങളുടെ പിന്നിലെ വേദന, സന്ധികളിലും മാംസപേശികളിലും വേദന, വിശപ്പില്ലായ്മ, രുചിയില്ലായ്മ, മനംപുരട്ടലും ഛർദിയും എന്നിവയാണ് സാധാരണ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ. മൂന്നുനാല് ദിവസത്തെ ശക്തമായ പനിക്കുശേഷം ഏതാനും നാൾ രോഗലക്ഷണങ്ങൾ ഒന്നുംതന്നെ ഇല്ലാതിരിക്കുകയും വീണ്ടും പനി പ്രത്യക്ഷപ്പെടുകയും ചെയ്യുക മറ്റൊരു പ്രത്യേകതയാണ്. വർഷത്തിൽ ഏകദേശം 39 കോടി പേർക്ക് ഡെങ്കി അണുബാധയുണ്ടാകുന്നതായാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ.
ഇവ ശ്രദ്ധിക്കാം
- ജലസംഭരണികൾ ശരിയായ രീതിയിൽ മൂടുക
- കെട്ടിക്കിടക്കുന്ന വെള്ളം ഒഴുക്കിക്കളയുക
- ശരീരത്തിന്റെ ഭൂരിഭാഗവും മറയുന്ന വസ്ത്രങ്ങൾ ധരിച്ച് കൊതുക് കടി ഒഴിവാക്കുക
- കൊതുകിനെ അകറ്റുന്ന മരുന്നുകൾ ഉപയോഗിക്കുക
- ഓരോ അഞ്ച് ദിവസം കൂടുമ്പോഴും ജലസംഭരണികൾ ശുചീകരിക്കുക
- കൊതുക് കടക്കാതിരിക്കാൻ ജനാലകൾക്ക് വലകൾ ഇടാം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

