Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightദോഫാറിൽ ഹരിത...

ദോഫാറിൽ ഹരിത നവീകരണത്തിന് തുടക്കമിട്ട് ‘സുസ്ഥിര ദോഫാർ’ കാമ്പയിൻ

text_fields
bookmark_border
‘സുസ്ഥിര ദോഫാർ’ കാമ്പയിൻ
cancel

സലാല: ദോഫാർ ഗവർണറേറ്റിലെ പരിസ്ഥിതി, നഗരവികസനം, ലോജിസ്റ്റിക്സ്, ഡിജിറ്റൽ മേഖലകൾ നേരിടുന്ന വെല്ലുവിളികൾക്ക് പ്രായോഗികവും ശാസ്ത്രീയവുമായ പരിഹാരങ്ങൾ കണ്ടെത്താൻ ‘സുസ്ഥിര ദോഫാർ’ (സസ്റ്റൈനബിൾ ദോഫാർ) കാമ്പയിന് തുടക്കമായി. സർക്കാർ സംവിധാനങ്ങൾ, പൊതുജനങ്ങൾ, യുവ ശാസ്ത്രജ്ഞർ, നവസംരംഭകർ എന്നിവരെ ഒരു കുടക്കീഴിൽ അണിനിരത്തിയാണ് ഈ വൻകിട ഹരിത പദ്ധതിക്ക് ഒമാൻ രൂപം നൽകിയിരിക്കുന്നത്.

ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ദോഫാർ ഗവർണറുടെ ഓഫിസ്, ദോഫാർ മുനിസിപ്പാലിറ്റി, വാർത്താവിനിമയ മന്ത്രാലയം, പൈതൃക-ടൂറിസം മന്ത്രാലയം, പരിസ്ഥിതി അതോറിറ്റി, ഒമാൻ എയർപോർട്ട്സ് എന്നിവയുൾപ്പെടെയുള്ള പങ്കാളികളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

ദോഫാറിലെ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനൊപ്പം സുസ്ഥിരതയുടെയും പുത്തൻ ആശയങ്ങളുടെയും ഒരു സംസ്കാരം വളർത്തിയെടുക്കുകയാണ് കാമ്പയിൻ ലക്ഷ്യമിടുന്നത്. ഇതിലൂടെ യുവാക്കളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കാനും സർക്കാർ-സ്വകാര്യ മേഖലകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കാനും കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. സലാലയിൽ നടക്കുന്ന രണ്ടാമത് ഗൾഫ് ഗ്രീൻ ഫോറത്തിനോട് അനുബന്ധിച്ചാണ് കാമ്പയിൻ ലോഞ്ച് ചെയ്തത്. ഒമാന്റെ ഗതാഗത മേഖലയിൽ ഹരിത വിപ്ലവം കൊണ്ടുവരുന്നതിനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണിതെന്ന് ഒമാൻ ലോജിസ്റ്റിക്സ് സെന്റർ ഡയറക്ടർ ജനറൽ അബ്ദുല്ല ബിൻ അലി അൽ ബുസൈദി പറഞ്ഞു.

സ്വദേശികൾ, വിനോദസഞ്ചാരികൾ, നിക്ഷേപകർ, സംരംഭകർ എന്നിവർക്ക് ലോജിസ്റ്റിക്സ്-ഡിജിറ്റൽ സുസ്ഥിരതയുമായി ബന്ധപ്പെട്ട തങ്ങളുടെ തനത് ആശയങ്ങളും നിർദേശങ്ങളും സമർപ്പിക്കുന്നതിനായി ‘ആമിദ്’ എന്ന പ്രത്യേക ഡിജിറ്റൽ പ്ലാറ്റ്‌ഫോം കാമ്പയിനൊപ്പം പുറത്തിറക്കിയിട്ടുണ്ട്. ഈ പ്ലാറ്റ്‌ഫോം വഴി ലഭിക്കുന്ന മികച്ച പ്രാദേശിക ആശയങ്ങളെ കണ്ടെത്തി, അവയെ ഭാവിയിൽ വലിയ നിക്ഷേപ പദ്ധതികളാക്കി മാറ്റാൻ ആവശ്യമായ പിന്തുണ സർക്കാർ നൽകും. കൂടാതെ, ദോഫാറിന്റെ ഭാവി വികസനത്തിനായി നവസംരംഭകരുടെയും ശാസ്ത്രജ്ഞരുടെയും ഒരു വിപുലമായ ഡാറ്റാബേസും ഇതുവഴി തയാറാക്കും. ഒമാൻ വിഷൻ 2040-ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി ദീർഘകാല പങ്കാളിത്തങ്ങൾ സൃഷ്ടിക്കാനും പരിസ്ഥിതി ബോധവൽകരണം വർധിപ്പിക്കാനും ‘സുസ്ഥിര ദോഫാറി’ലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ. അന്തരീക്ഷ മലിനീകരണം കുറക്കുന്നതിനും നെറ്റ്-സീറോ ലക്ഷ്യങ്ങൾ കൈവരിക്കാനും ഒമാൻ മന്ത്രാലയം നേരത്തെ തന്നെ ഇലക്ട്രിക് വാഹനങ്ങൾ, ബദൽ ഇന്ധനങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വലിയ പദ്ധതികൾ രാജ്യത്ത് നടപ്പാക്കി വരികയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsOmangulfnewsmalayalam
News Summary - ‘Sustainable Dhofar’ campaign kicks off green innovation
Next Story