സാംക്രമികേതര രോഗങ്ങളുടെ സർവേക്ക് മസ്കത്തിലും തുടക്കം
text_fieldsസാംക്രമികേതര രോഗങ്ങളുടെ ദേശീയ സർവേക്ക് മസ്കത്ത് ഗവർണറേറ്റിൽ തുടക്കമായപ്പോൾ
മസ്കത്ത്: സാംക്രമികേതര രോഗങ്ങളുടെ ദേശീയ സർവേക്ക് മസ്കത്ത് ഗവർണറേറ്റിലും തുടക്കമായി. ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് സമഗ്ര സർവേ നടത്തുന്നത്. റസിഡൻഷ്യൽ ഏരിയകളിലെ ഫീൽഡ് സന്ദർശനങ്ങളിലൂടെ രക്താതിമർദ്ദം, പ്രമേഹം, വിട്ടുമാറാത്ത ശ്വസന രോഗങ്ങൾ, കാൻസർ, ഹൃദ്രോഗം തുടങ്ങിയ അവസ്ഥകളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ശേഖരിക്കാൻ ലക്ഷ്യമിടുന്നു.
മസ്കത്ത് ഗവർണർ സയ്യിദ് സൗദ് ബിൻ ഹിലാൽ അൽ ബുസൈദിയുടെ രക്ഷാകർതൃത്വത്തിലാണ് സർവേ ആരംഭിച്ചത്. സർവേയുടെ വിജയം ഉറപ്പാക്കാൻ വിവിധ മേഖലകളുടെ സഹകരണം ആവശ്യമാണെന്ന് അദേഹം പറഞ്ഞു. മേഖലയിലെ പൊതുജനാരോഗ്യവും ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഈ കണ്ടെത്തലുകൾ ഗണ്യമായി സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഒമാൻ വിഷൻ 2040ന്റെ സംയോജിതവും സുസ്ഥിരവുമായ ആരോഗ്യ സംരക്ഷണ സംവിധാനം എന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണിതെന്ന് മസ്കത്തിലെ ആരോഗ്യ സംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. സമീറ അൽ മൈമാനി പറഞ്ഞു.
ഫലപ്രദമായ പ്രതിരോധ തന്ത്രങ്ങൾ വികസിപ്പിക്കുന്നതിലും വിവിധ മേഖലകളിലുടനീളം ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിലും ശേഖരിക്കുന്ന ഡാറ്റ നിർണായകമാകും. സമൂഹത്തിന്റെ ആരോഗ്യത്തിനായുള്ള ഒരു നിക്ഷേപമായി ഈ സംരംഭത്തെ കണ്ടുകൊണ്ട് പൊതുജന പങ്കാളിത്തം ഉണ്ടാകണമെന്നും അവർ അഭ്യാർഥിച്ചു. 15 വയസും അതിൽ കൂടുതലുമുള്ള വ്യക്തികളെ ലക്ഷ്യംവെച്ചുള്ള സർവേയിൽ പൗരന്മാരെയും താമസക്കാരെയും ഉൾപ്പെടുത്തിയിട്ടുണ്ട്. മസ്കത്തിലെ ആകെ 1,200 കുടുംബങ്ങൾ പഠനത്തിന്റെ ഭാഗമാകും.
പരിശീലനം ലഭിച്ച 25ലധികം ഫീൽഡ് സർവേയർമാർ നടത്തുന്ന ചോദ്യാവലികളിലൂടെയാണ് മസ്കത്തിലെ ആറ് വിലായത്തുകളിൽനിന്നായി വിവരം ശേഖരിക്കുക. സാംക്രമികേതര രോഗങ്ങളുടെ അപകടസാധ്യത കുറക്കുന്നതിനും രോഗ പരിപാലനം മെച്ചപ്പെടുത്തുന്നതിനും ഉയർന്ന നിലവാരമുള്ള ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നതിനും ലക്ഷ്യമിട്ടാണ് സർവേ നടത്തുന്നത്. 15വയസ്സിന് മുകളിലുള്ള എല്ലാ പൗരന്മാരും താമസക്കാരും ഫീൽഡ് വർക്ക് ടീമുകളുമായി പൂർണ്ണമായി സഹകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം അധികൃതർ അഭ്യർഥിച്ചു. ദേശീയതലത്തിലും ആഗോളതലത്തിലും ആരോഗ്യമേഖലകൾക്ക് വെല്ലുവിളിയായി തുടരുന്നതും കാര്യമായ സ്വാധീനം ചെലുത്തുന്നതുമായ പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങൾ, വിട്ടുമാറാത്ത ശ്വാസകോശ രോഗങ്ങൾ, അർബുദം എന്നിവയുൾപ്പെടെയുള്ള രോഗങ്ങളുടെ വ്യാപനത്തെക്കുറിച്ചും അവയുമായി ബന്ധപ്പെട്ട അപകട ഘടകങ്ങളെക്കുറിച്ചും കൃത്യവും സമഗ്രവുമായ വിവരങ്ങൾ ശേഖരിക്കാനാണ് സർവേ ശ്രമിക്കുന്നത്. ഈ പദ്ധതിയിലൂടെ നിലവിലെ ആരോഗ്യസ്ഥിതി കൃത്യമായി വിലയിരുത്താനും മുൻഗണനകൾ നിശ്ചയിക്കാനും കഴിയും.
എൻ.സി.ഡികൾ തടയുന്നതിനും അവയുമായി ബന്ധപ്പെട്ട ആരോഗ്യ-സാമ്പത്തിക ബാധ്യതകൾ കുറക്കുന്നതിനും ലക്ഷ്യമിട്ടുള്ള നൂതന ആരോഗ്യ നയങ്ങളും പരിപാടികളും വികസിപ്പിക്കുന്നതിനുള്ള അടിസ്ഥാനമായി ഈ ഡാറ്റ ഉപയോഗിക്കും. ഓരോ പങ്കാളിത്തവും നിലവിലെയും ഭാവിയിലെയും തലമുറകളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും ഒമാന്റെ ഭാവി കാഴ്ചപ്പാട് കൈവരിക്കുന്നതിന് പൊതുജനാരോഗ്യത്തിൽ നിക്ഷേപം വർധിപ്പിക്കുന്നതിനുമുള്ള ചുവടുവെപ്പാണ് സർവേ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

