സൂർ ഇന്ത്യൻ സ്കൂളിലെ കൂട്ടിയ ഫീസ് കുറക്കും
text_fieldsസൂർ: ഫീസ് വർധനയിലും സ്കൂൾ പ്രവർത്തനസമയം അധികമാക്കിയതിലും പ്രതിഷേധിച്ച് രക്ഷിതാക്കൾ നൽകിയ ഭീമഹരജിയെ തുടർന്ന് സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി രക്ഷിതാക്കളുടെ യോഗം വിളിച്ചു. വെറും 36 മണിക്കൂർ മുമ്പ് മാത്രം നോട്ടീസ് നൽകി പ്രവൃത്തി ദിവസത്തിൽ വൈകീട്ട് ഏഴ് മണിക്ക് യോഗം വിളിച്ചിട്ടും രക്ഷിതാക്കളുടെ പ്രതിഷേധം മുമ്പെങ്ങുമില്ലാത്ത വിധമായി. എം.പി ഹാൾ നിർമാണത്തിന്റെയും സ്കൂൾ ഗ്രൗണ്ടിന്റെ നിർമാണത്തിന്റെയും കെടുകാര്യസ്ഥത തീർത്ത് ഫീസ് വർധന, പുസ്തക വില വർധനയും മറ്റ് നിരവധി വിഷയങ്ങളും രക്ഷിതാക്കൾ ഉയർത്തി.
250ലധികം രക്ഷിതാക്കളാണ് യോഗത്തിൽ പങ്കെടുത്തത്. പ്രവൃത്തിദിവസം അല്ലായിരുന്നെങ്കിൽ കൂടുതൽ ആളുകൾ പങ്കെടുക്കുമായിരുന്നു എന്ന് രക്ഷിതാക്കളുടെ പ്രതിനിധികൾ അഭിപ്രായപ്പെട്ടു. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയുടെ ഉത്തരവാദിത്തങ്ങൾ നിർവഹിക്കാതെ എല്ലാ ഭാരവും തങ്ങളുടെ തലയിൽ വെക്കുന്ന നിലപാടാണ് സ്കൂൾ മാനേജ്മെന്റ് സ്വീകരിക്കുന്നതെന്ന് രക്ഷിതാക്കൾ ആരോപിച്ചു.
യോഗത്തിനെത്തിയ രക്ഷിതാക്കൾക്ക് ആവശ്യത്തിനുള്ള വെള്ളംപോലും വിതരണം ചെയ്യാൻ തയാറായില്ല. 8.30 വരെ പറഞ്ഞിരുന്ന മീറ്റിങ് തീർന്നപ്പോൾ 11.30 കഴിഞ്ഞു. രക്ഷിതാക്കൾക്ക് വെള്ളവും ലഘുഭക്ഷണവും സാമൂഹികപ്രവർത്തകർ 10. 45 ആയപ്പോൾ എത്തിച്ചുകൊടുക്കുകയായിരുന്നു. രക്ഷിതാക്കൾ ഉന്നയിക്കുന്ന എത് വിഷയങ്ങൾക്കും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ‘ബോർഡ് ഓഫ് ഡയറക്ടേഴ്സിനെ’ പഴിക്കുന്ന സാഹചര്യത്തിൽ അവരുടെ സാന്നിധ്യത്തിൽ യോഗം വിളിക്കാൻ രക്ഷിതാക്കൾ ആവശ്യപ്പെട്ടു.
സൂറിൽ ഭൂരിഭാഗം സാധാരണക്കാരായ രക്ഷിതാക്കളാണുള്ളത്. ഇനിയും ഫീസ് വർധന ഉണ്ടായാൽ കുട്ടികളെ പഠിപ്പിക്കാൻ സാധിക്കാത്ത അവസ്ഥയാണെന്നും അതുകൊണ്ടുതന്നെ ഒരു കാരണവശാലും ഫീസ് വർധന അംഗീകരിക്കാൻ സാധിക്കില്ലെന്നും രക്ഷിതാക്കൾ അറിയിച്ചു. ഒരാഴ്ചക്കുള്ളിൽ, കൂട്ടിയ ഫീസ് കുറക്കാനുള്ള തീരുമാനം ഉണ്ടാക്കാം എന്ന സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയുടെ ഉറപ്പോടെയാണ് യോഗം പിരിഞ്ഞത്. ഫീസ് സംബന്ധിച്ച പുതിയ സർക്കുലർ വരുന്നതുവരെ പുതുക്കിയ ഫീസ് അടക്കേണ്ടതില്ലെന്നും അതിന്മേലുള്ള ഫൈനുകൾ ഈടാക്കില്ലെന്നും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ഉറപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

