സൂർ ഫെസ്റ്റിവലിന് ഇന്ന് തിരശ്ശീല വീഴും
text_fieldsസൂർ മാരിടൈം ഹെറിറ്റേജ് ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന പരിപാടി
മസ്കത്ത്: തെക്കൻ ശർഖിയയിലെ സൂർ വിലായത്തിൽ നടക്കുന്ന സൂർ മാരിടൈം ഹെറിറ്റേജ് ഫെസ്റ്റിവലിന് ഞായറാഴ്ച തിരശ്ശീലവീഴും. ഫെബ്രുവരി മൂന്നിന് തുടങ്ങിയ പരിപാടിയിൽ ഇതുവരെയായിട്ട് ലക്ഷത്തിന് മുകളിൽ ആളുകൾ എത്തിയിട്ടുണ്ടാകുമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടൽ. ഒമാൻ ഇന്ത്യ ഫെർട്ടിലൈസർ കമ്പനി (ഒമിഫ്കോ), ഒമാൻ എൽ.എൻ.ജി കമ്പനി എന്നിവയുടെ പിന്തുണയോടെ പൈതൃക ടൂറിസം മന്ത്രാലയമാണ് പരിപാടി നടത്തുന്നത്. വാണിജ്യപരവും ചരിത്രപരവുമായ കേന്ദ്രമെന്നനിലയിൽ സൂറിന്റെ പങ്ക് ഉയർത്തിക്കാട്ടുകയാണ് ഉത്സവത്തിലൂടെ ലക്ഷ്യമിടുന്നത്.
തനത് നാടൻകലകളും സാംസ്കാരിക പരിപാടികളും ആസ്വാദകർക്ക് പുത്തൻ അനുഭവമാണ് പകർന്നുനൽകുന്നത്. സമുദ്ര പൈതൃകഗ്രാമം, ഒമാനി ഫുഡ് കാർണിവൽ, സമുദ്ര പൈതൃക കരകൗശല വസ്തുക്കൾക്കായി സമർപ്പിച്ചിരിക്കുന്ന കോർണർ, സാംസ്കാരിക പരിപാടികൾക്കുള്ള തിയറ്റർ, നാടോടി കളികൾ തുടങ്ങിയവയെല്ലാം പ്രേക്ഷകരുടെ മനംകവരുന്നതാണ്. വാരാന്ത്യദിനങ്ങൾ ആയതിനാൽ നല്ല തിരക്കാണ് കഴിഞ്ഞദിവസങ്ങളിൽ അനുഭവപ്പെട്ടത്. പൊതു അവധിയും സമാപന ദിവസവുമായതിനാൽ ഞായറാഴ്ച കൂടുതലാളുകൾ എത്തുമെന്നാണ് കരുതുന്നത്.
ഗവർണറേറ്റിൽ വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കാനും പരിപാടി ലക്ഷ്യമിടുന്നുണ്ട്. ഫെസ്റ്റിവലിന്റെ ഭാഗമായി നടത്തിയ മീൻപിടിത്ത മത്സരം ഏറെ ശ്രദ്ധേയമായിരുന്നു. ഒമാനി മത്സ്യത്തൊഴിലാളി അസോസിയേഷനാണ് മത്സരം സംഘടിപ്പിച്ചത്. 120ൽ അധികം മത്സ്യത്തൊഴിലാളികളും 25 ബോട്ടുകളുമായിരുന്നു മത്സരത്തിൽ പങ്കെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

