സുപ്രീം കമ്മിറ്റി യോഗം ഇന്ന്; ഇളവുകൾ അനുവദിക്കുമെന്ന് പ്രതീക്ഷ
text_fieldsമസ്കത്ത്: കോവിഡ് പ്രതിരോധ നടപടികൾക്ക് രൂപംനൽകുന്നതിനുള്ള സുപ്രീം കമ്മിറ്റിയുടെ യോഗം ബുധനാഴ്ച ചേരും. മസ്കത്ത് ഗവർണറേറ്റിലെ ലോക്ഡൗൺ നിയന്ത്രണങ്ങൾ യോഗത്തിൽ അവലോകനം ചെയ്യും. വെള്ളിയാഴ്ചയാണ് ലോക്ഡൗൺ അവസാനിക്കുന്നത്. മസ്കത്ത് ഗവർണറേറ്റിൽ നിലവിലുള്ള സഞ്ചാര നിയന്ത്രണങ്ങൾ നീക്കംചെയ്യുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ യോഗം അനുകൂല തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ഏപ്രിൽ 10 മുതൽ മസ്കത്ത് ലോക്ഡൗണിലാണ്. 10 മുതൽ 22 വരെയായിരുന്നു ആദ്യഘട്ട ലോക്ഡൗൺ. ഇത് മേയ് എട്ടുവരെയും പിന്നീട് മേയ് 29 വരെയും നീട്ടുകയായിരുന്നു. ഏപ്രിൽ ഒന്നുമുതൽ മത്ര വിലായത്തിൽ നടപ്പാക്കിയ െഎസൊലേഷൻ നിയന്ത്രണങ്ങളിലും ഇളവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സ്വദേശികളും വിദേശികളും. സർക്കാർ, സ്വകാര്യ ഒാഫിസുകളുടെ പ്രവർത്തനം പുനരാരംഭിക്കുന്ന വിഷയവും യോഗം പരിഗണിക്കുമെന്ന് കരുതുന്നു. ഒാഫിസുകളിൽ എത്തുന്ന ജീവനക്കാരുടെ എണ്ണം 30 ശതമാനമായി കുറക്കാൻ മാർച്ചിൽ സുപ്രീം കമ്മിറ്റി നിർദേശിച്ചിരുന്നു.
െഎസൊലേഷൻ നിലനിൽക്കുന്ന മത്ര മേഖലയിൽനിന്ന് ആളുകൾക്ക് ജോലിക്ക് പോകുന്നതിനും കർശന നിയന്ത്രണങ്ങളുണ്ട്. അതിനാൽ ഏതാണ്ടെല്ലാ സ്ഥാപനങ്ങളും ജീവനക്കാർക്ക് വീടുകളിലിരുന്ന് ജോലി ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. വിദേശ ജീവനക്കാർക്ക് ദീർഘ അവധി നൽകിയ സ്ഥാപനങ്ങളുമുണ്ട്. എന്തായാലും ആരോഗ്യ മുൻകരുതലുകൾ പാലിച്ച് ഒാഫിസുകൾക്ക് പ്രവർത്തനാനുമതി ഇന്നത്തെ യോഗം നൽകുമെന്നാണ് കരുതുന്നത്.
ഖരീഫ് സീസണിൽ ദോഫാർ ഗവർണറേറ്റിലേക്ക് സഞ്ചാരികളെ അനുവദിക്കണമോയെന്ന വിഷയവും യോഗം പരിഗണിക്കും. ദോഫാർ മേഖല ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സീസണാണ് ഖരീഫ്. സീസണിെൻറ ഭാഗമായുള്ള ടൂറിസം ഫെസ്റ്റിവൽ നേരത്തേ റദ്ദാക്കിയിരുന്നു. എന്നാൽ, സഞ്ചാരികൾക്ക് പ്രവേശനം നിഷേധിക്കില്ലെന്ന പ്രതീക്ഷയിലാണ് ഇവിടത്തെ മലയാളികളടക്കം വ്യാപാരികൾ.
വ്യവസായ-വാണിജ്യ പ്രവർത്തനങ്ങൾ ദീർഘനാൾ അടച്ചിടാൻ കഴിയില്ലെന്ന കാര്യം സുപ്രീം കമ്മിറ്റി അംഗങ്ങൾ നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. സുപ്രീം കമ്മിറ്റിയുടെ കഴിഞ്ഞ യോഗങ്ങളിൽ വാണിജ്യ മേഖലക്ക് കൂടുതൽ ഇളവുകൾ നൽകിയിരുന്നു. നിലവിൽ 63 വിഭാഗങ്ങളിലുള്ള വാണിജ്യ സ്ഥാപനങ്ങൾക്കാണ് പ്രവർത്തനാനുമതിയുള്ളത്. എന്നാൽ, കോവിഡിെൻറ കേന്ദ്രമായ മത്ര മേഖല, വാദി കബീർ വ്യവസായ മേഖല എന്നിവിടങ്ങളിലുള്ള സ്ഥാപനങ്ങൾക്ക് ഇൗ ഇളവ് നൽകിയിരുന്നില്ല. മത്ര സൂഖ് അടക്കം പരമ്പരാഗത സൂഖുകൾ കഴിഞ്ഞ മാർച്ച് പകുതി മുതൽ അടഞ്ഞുകിടക്കുകയാണ്. ഇന്നത്തെ യോഗത്തിൽ തങ്ങൾക്ക് ഇളവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സൂഖുകളിലെ മലയാളി കച്ചവടക്കാർ അടക്കമുള്ളവർ. ഒാരോ ദിവസവും ഉയരുന്ന കോവിഡ് രോഗികളുടെ എണ്ണമാണ് ആശങ്ക ജനിപ്പിക്കുന്നത്. ചൊവ്വാഴ്ചയിലെ കണക്കനുസരിച്ച് മസ്കത്ത് ഗവർണറേറ്റിൽ 6171 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മസ്കത്തിൽ ചികിത്സയിലിരുന്ന 29 പേർ മരിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
