സുപ്രീം കമ്മിറ്റി ഇളവ് : വ്യവസായ മേഖലകളിലെ സ്ഥാപനങ്ങൾക്ക് ബാധകമല്ല
text_fieldsമസ്കത്ത്: ചില വാണിജ്യ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ സുപ്രീം കമ്മിറ്റി നൽകിയ അനു മതി വ്യവസായ മേഖലകളിലെ സ്ഥാപനങ്ങൾക്ക് ബാധകമായിരിക്കില്ലെന്ന് മസ്കത്ത് നഗ രസഭ അറിയിച്ചു. മബേല, ഗാല, വാദി കബീർ വ്യവസായ മേഖലകളിൽ സ്ഥിതി ചെയ്യുന്ന ഇളവ് നൽകി യ വിഭാഗത്തിലെ സ്ഥാപനങ്ങൾ തുറക്കരുത്. സുപ്രീം കമ്മിറ്റി തീരുമാനം വന്ന ചൊവ്വാഴ്ച വൈകീട്ട് വാദികബീർ വ്യവസായ മേഖലയിലെ ചില സ്ഥാപനങ്ങൾ തുറന്നിരുന്നു. ബുധനാഴ്ചയും തുറന്ന സ്ഥാപനങ്ങൾ രാവിലെ നഗരസഭ ഉദ്യോഗസ്ഥരെത്തി അടപ്പിച്ചു. ഇതോടൊപ്പം പ്രവർത്തനം പുനരാരംഭിച്ച വാണിജ്യ സ്ഥാപനങ്ങൾ ആരോഗ്യ-സുരക്ഷാ മാർഗ നിർദേശങ്ങൾ കർശനമായി പാലിക്കുകയും വേണമെന്ന് അധികൃതർ അറിയിച്ചു. ഒാരോ ജീവനക്കാർക്കും അനുയോജ്യമായ സംരക്ഷണ ഉപകരണങ്ങൾ നൽകണം. ഫോൺ, ടാബ്ലെറ്റ്, പി.ഒ.എസ് മെഷീനുകൾ തുടങ്ങി പൊതുവായി ഉപയോഗിക്കുന്ന ഉപകരണങ്ങളും മറ്റും രോഗാണുമുക്തമാക്കാൻ ജീവനക്കാർക്ക് നിർദേശം നൽകണം.
ജോലിക്കാരെ സ്ഥാപനത്തിെൻറ ഒരു ശാഖയിൽ നിന്ന് മറ്റൊരിടത്തേക്ക് മാറ്റരുത്. ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും ശരീര താപനില പരിശോധിക്കണം. ഒപ്പം ചുമ, തുമ്മൽ തുടങ്ങിയ രോഗലക്ഷണങ്ങൾ ഇല്ലെന്ന് ഉറപ്പാക്കണം. രോഗ ലക്ഷണങ്ങൾ ഉള്ളവരെ അകത്തേക്ക് പ്രവേശിപ്പിക്കരുത്. ഇവരെ ഏറ്റവും അടുത്ത ആരോഗ്യ സ്ഥാപനത്തിലേക്ക് അയക്കണം. ജീവനക്കാരന് കോവിഡ് സ്ഥിരീകരിക്കുകയോ അല്ലെങ്കിൽ രോഗം സ്ഥിരീകരിച്ചയാളുമായി സമ്പർക്കമുണ്ടാവുകയോ ചെയ്തതായി കണ്ടെത്തുന്ന പക്ഷം ബന്ധപ്പെട്ട ജീവനക്കാരനെ പ്രത്യേക സ്ഥലം സജ്ജീകരിച്ച് െഎസൊലേഷനിേലക്ക് മാറ്റണം. തൊഴിൽ സ്ഥലവും തൊഴിലാളികളുടെ താമസസ്ഥലവും തുടർച്ചയായി ശുദ്ധീകരിച്ച് രോഗാണു മുക്തമാക്കണം. സ്ഥാപനത്തിൽ ആളുകൾ എപ്പോഴും തൊടുന്ന വാതിലിെൻറ പിടിയടക്കം സ്ഥലങ്ങൾ കൃത്യമായി വൃത്തിയാക്കുകയും രോഗാണുമുക്തമാക്കുകയും വേണം. ജീവനക്കാരുടെ എണ്ണത്തിന് അനുയോജ്യമായ താമസസ്ഥലം ഒരുക്കിനൽകണം. ഇവിടെ സുരക്ഷിത അകലം ഉറപ്പാക്കി താമസിക്കാൻ കഴിയണം. സംരക്ഷണ ഉപകരണങ്ങൾ പരസ്പരം പങ്കുവെക്കരുത്. ജീവനക്കാരും ഉപഭോക്താക്കളും ഹാൻഡ് സാനിറ്റൈസർ അല്ലെങ്കിൽ സോപ്പും വെള്ളവും ഉപയോഗിച്ച് കൈ വൃത്തിയാക്കണം. മറ്റ് ഗുണകരമായ ആരോഗ്യ ശീലങ്ങളും പാലിക്കുന്നുവെന്ന് ഉറപ്പാക്കണം.
ഇതോടൊപ്പം സ്ഥാപനത്തിൽ മതിയായ വായുസഞ്ചാരം ഉറപ്പാക്കണം. സ്ഥാപനത്തിനുള്ളിൽ ഉപഭോക്താക്കളും ജീവനക്കാരുമായി കുറഞ്ഞത് രണ്ട് മീറ്ററെങ്കിലും സുരക്ഷിത അകലം പാലിക്കണം. അല്ലെങ്കിൽ സുതാര്യമായ എന്തെങ്കിലും തടസ്സങ്ങൾ വെക്കണം. ഉപഭോക്താക്കളുടെ പേരടക്കം വിവരങ്ങളും സന്ദർശിച്ച സമയവും രേഖപ്പെടുത്തിവെക്കുകയും വേണം. മനുഷ്യെൻറ ഇടപെടൽ കുറക്കുന്ന രീതിയിലുള്ള ഇലക്ട്രോണിക് സംവിധാനങ്ങളും മറ്റും പ്രവർത്തന സജ്ജമാക്കണം. ആളുകൾ സ്ഥാപനത്തിൽ അധിക സമയം ചെലവഴിക്കുന്നത് കുറക്കാൻ അപ്പോയ്ൻമെൻറ് സംവിധാനം ഏർപ്പെടുത്തുന്നതും പരിഗണിക്കണമെന്ന് അധികൃതർ നിർദേശിച്ചു. നിബന്ധനകൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് മസ്കത്ത് നഗരസഭയും റീജനൽ മുനിസിപ്പാലിറ്റീസ് ആൻഡ് വാട്ടർ റിസോഴ്സസ് മന്ത്രാലയവും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
