രാത്രി സഞ്ചാരവിലക്ക് നീട്ടൽ: സുപ്രീം കമ്മിറ്റി തീരുമാനമെടുക്കും -ഒമാൻ ആരോഗ്യ മന്ത്രി
text_fields
മസ്കത്ത്: രാത്രി യാത്രാവിലക്ക് നീട്ടണമോ അതോ സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തണമോയെന്ന വിഷയത്തിൽ സുപ്രീം കമ്മിറ്റി തീരുമാനമെടുക്കുമെന്ന് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ സഇൗദി. സുപ്രീം കമ്മിറ്റിയിലെ വിലയിരുത്തലിന് ശേഷമാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാവുകയുള്ളൂവെന്ന് ബി.ബി.സി അറബിക്ക് റേഡിയോക്ക് അനുവദിച്ച അഭിമുഖത്തിൽ ആരോഗ്യ മന്ത്രി പറഞ്ഞു.
രാജ്യത്ത് വർധിച്ചുവരുന്ന കോവിഡ് കേസുകൾ ആരോഗ്യ മേഖലയെ ഭാഗികമായി സ്തംഭനാവസ്ഥയിൽ എത്തിച്ചിരിക്കുകയാണ്. മറ്റ് സേവനങ്ങൾ നൽകാനാകാത്ത സാഹചര്യമാണ് ഉള്ളത്. മറ്റ് രാജ്യങ്ങളെ പോലെ ഒമാനിലും ആരോഗ്യ മേഖലയുടെ എല്ലാ ശേഷിയും സംവിധാനങ്ങളും കോവിഡ് രോഗികളുടെ പരിചരണത്തിനായാണ് വിനിയോഗിച്ചുവരുന്നത്. മൊത്തം രോഗികളുടെ എണ്ണം കണക്കിലെടുക്കുേമ്പാൾ മരണസംഖ്യ കുറവാണെന്നും ഡോ. അൽ സഇൗദി അഭിമുഖത്തിൽ പറഞ്ഞു. ഇൗ മാസം 24 വരെയാണ് രാത്രി സഞ്ചാരവിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്.
കഴിഞ്ഞയാഴ്ച നടന്ന സുപ്രീം കമ്മിറ്റി പത്രസമ്മേളനത്തിലും രാജ്യത്തെ കോവിഡ് വ്യാപനത്തെ കുറിച്ച് ആരോഗ്യ മന്ത്രി ആശങ്കയറിയിച്ചിരുന്നു. രോഗവ്യാപനം പ്രതിരോധിക്കാൻ സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്താനുള്ള സാധ്യതയും ആരോഗ്യ മന്ത്രി തള്ളികളഞ്ഞിരുന്നില്ല. സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തുന്നത് രാജ്യത്തിന് സാമ്പത്തികമായി വലിയ നഷ്ടമുണ്ടാക്കുമെങ്കിലും എന്ത് ഫലം നേരിടേണ്ടിവന്നാലും ജനങ്ങളുടെ ജീവന് സംരക്ഷണം ഉറപ്പാക്കണമെന്നതാണ് സുൽത്താെൻറ നിർദേശമെന്നാണ് ഡോ. അൽ സഇൗദി വാർത്താസമ്മേളനത്തിൽ പറഞ്ഞത്. കഴിഞ്ഞ ഞായറാഴ്ച ഒമാനിലെ ഗവർണറേറ്റുകളിലെ രാത്രി പൂർണ/ഭാഗിക സഞ്ചാര വിലക്ക് സംബന്ധിച്ച പഠനത്തിന് ആരോഗ്യ വകുപ്പ് പ്രത്യേക കമ്മിറ്റിക്ക് രൂപം നൽകിയിരുന്നു. രോഗപകർച്ച സംബന്ധിച്ച സൂചകങ്ങൾ നിരീക്ഷിക്കുകയും വിലയിരുത്തുകയുമാണ് കമ്മിറ്റിയുടെ ദൗത്യം. ഇൗ കമ്മിറ്റിയുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് സുപ്രീം കമ്മിറ്റി തുടർ നടപടി സ്വീകരിക്കുകയെന്നും ആരോഗ്യ മന്ത്രി അറിയിച്ചിരുന്നു.